Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_right16ാം വയസിൽ ചാർട്ടേഡ്...

16ാം വയസിൽ ചാർട്ടേഡ് അക്കൗണ്ടന്റ്; ഗിന്നസ് റെക്കോർഡിൽ ഇടം നേടി ലക്ഷ്മണൻ മെയ്യപ്പൻ

text_fields
bookmark_border
Lakshmanan Meyyappan
cancel

ന്യൂഡൽഹി: പതിനാറാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാർട്ടേഡ് അക്കൗണ്ടന്റായി ഇന്ത്യക്കാരനായ ലക്ഷ്മണൻ മെയ്യപ്പൻ. ഏറ്റവും പ്രായം കുറഞ്ഞ ചാർട്ടേർഡ് അക്കൗണ്ടന്റായി ലക്ഷ്മണൻ മെയ്യപ്പൻ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടുകയും ചെയ്തു. 16 വയസും 141 ദിവസവും പ്രായമുള്ളപ്പോഴാണ് ലക്ഷ്മണൻ ഈ നേട്ടം സ്വന്തമാക്കിയത്.

കോവിഡ് കാലത്ത് പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് ലക്ഷ്മണന്റെ അക്കൗണ്ടിങ് മേഖലയിലേക്കുള്ള യാത്ര ആരംഭിച്ചത്. 15ാം വയസിൽ എ.സി.സി.എ (അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സേർട്ടിഫൈഡ് അക്കൗണ്ടന്റ്സ്) പഠിക്കാൻ തുടങ്ങി. ഏകദേശം ഒരു വർഷത്തിനുള്ളിൽ യോഗ്യത പൂർത്തിയാക്കി. ദുബൈയിൽ വെച്ചായിരുന്നു ​ലക്ഷ്മണൻ മെയ്യപ്പൻ ഈ നേട്ടം സ്വന്തമാക്കിയത്.

കോവിഡ് ലോക്ഡൗൺ കാലത്താണ് അക്കൗണ്ടിങ്ങിനോടുള്ള താൽപര്യം ലക്ഷ്മണനിൽ വളർന്നത്. എ.സി.സി.എ പ്രഫഷണലായ അമ്മയാണ് അക്കൗണ്ടിങ്ങിന്റെ അടിസ്ഥാന കാര്യങ്ങൾ പരിചയപ്പെടുത്തിയത്. ഇതോടെ ധനകാര്യ മേഖലയോടുള്ള താൽപര്യം വർധിക്കുകയും പത്താം ക്ലാസിന് ശേഷം എ.സി.സി.എ പഠിക്കാൻ തീരുമാനിക്കുകയുമായിരുന്നു. എ.സി.സി.എ യോഗ്യത നേടിയതോടെ പഠനം അവസാനിപ്പിച്ചില്ല. പിന്നീട് സി.എഫ്.എ ചാർട്ടറും സ്വന്തമാക്കി. നിലവിൽ ഫിനാൻസിൽ എം.എസ്.സി പഠനം തുടരുകയാണ് ലക്ഷ്മണൻ മെയ്യപ്പൻ.

ഒരു ധനകാര്യ സ്ഥാപനത്തിൽ സീനിയർ റിസർച്ച് അനലിസ്റ്റായും പ്രവർത്തിക്കുന്നുണ്ട് 16കാരൻ. നിക്ഷേപ ഗവേഷണം, സാമ്പത്തിക വിപണി വിശകലനം, നിക്ഷേപ തീരുമാനങ്ങൾക്ക് ആവശ്യമായ ഗവേഷണം എന്നിവയാണ് പ്രധാന ചുമതലകൾ. ഇത്രയും ചെറുപ്പത്തിൽ പ്രഫഷണൽ യോഗ്യതകൾ സ്വന്തമാക്കിയത് റെക്കോർഡ് നേടാനുള്ള മത്സരത്തിന്റെ ഭാഗമായിരുന്നില്ലെന്നാണ് ലക്ഷ്മണൻ പറയുന്നത്. ധനകാര്യം യഥാർഥ ലോകത്ത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കുകയും ദീർഘകാലം പ്രയോജനപ്പെടുന്ന കഴിവുകൾ വികസിപ്പിക്കുകയുമായിരുന്നു ലക്ഷ്യമെന്നും ലക്ഷ്മണൻ പറയുന്നു. കൗതുകത്തോടെയുള്ള പഠനമാണ് വേഗത്തേക്കാൾ പ്രധാനമെന്നും 16കാരൻ പറഞ്ഞു.

ധനകാര്യ മേഖലക്ക് പുറമെ വാച്ചുകൾ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്നതിലും ലക്ഷ്മണന് താൽപര്യമുണ്ട്. പഠനത്തിനും ജോലിക്കും പുറമെയാണ് ഈ ഹോബി ലക്ഷ്മണൻ മെയ്യപ്പൻ പിന്തുടരുന്നത്.

Show Full Article
TAGS:chartered accountant Guinness World Record Career education 
News Summary - 16 Year Old Lakshmanan Meyyappan Becomes Worlds Youngest CA
Next Story