നാലുവർഷം ദിവസവും 12 മണിക്കൂർ പഠിച്ചു; ഈ 17കാരൻ ജെ.ഇ.ഇ ടോപ്പറായത് ഇങ്ങനെ...
text_fieldsഐ.ഐ.ടിയിൽ പഠിക്കുകയെന്ന സ്വപ്നം മനസിലുറപ്പിച്ചാണ് രമേഷ് സൂര്യ തേജ വളർന്നത്. 13ാം വയസിൽ സൂര്യ തേജ ആഗ്രഹിച്ച കാര്യമാണത്. ഒടുവിൽ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ രണ്ടാംറാങ്ക് നേടിയപ്പോൾ തന്റെ പരിശ്രമം വെറുതെയായില്ല എന്ന ആത്മവിശ്വാസത്തിലാണ് ഈ മിടുക്കൻ.
നാലുവർഷമാണ് ജെ.ഇ.ഇക്ക് തയാറെടുക്കാൻ സൂര്യ തേജ മാറ്റിവെച്ചത്. ആദ്യകാലങ്ങളിൽ കഠിനമായിരുന്നു അത്. പതുക്കെ പതുക്കെ പഠന രീതിയൊക്കെ ചെറുതായി മാറ്റി. പിന്നീട് മുഴുവൻ ശ്രദ്ധയും പതിപ്പിക്കാൻ സൂര്യക്ക് സാധിച്ചു.ആദ്യശ്രമത്തിൽ ജെ.ഇ.ഇ മെയിൻസിൽ അഖിലേന്ത്യ തലത്തിൽ 28 ആയിരുന്നു സൂര്യയുടെ റാങ്ക്.
ജെ.ഇ.ഇ അഡ്വാൻസ്ഡിൽ 360ൽ336 മാർക്കാണ് സൂര്യ നേടിയത്. സൂര്യയെ സംബന്ധിച്ച് ജെ.ഇ.ഇ മെയിൻസിനുള്ള തയാറെടുപ്പായിരുന്നു ഏറ്റവും വിഷമം പിടിച്ചത്. തന്റെ പൊട്ടൻഷ്യലനുസരിച്ച് തയാറെടുക്കാനായി പറ്റിയില്ലെന്നാണ് സൂര്യ പറയുന്നത്. മെയിൻസിന് ശേഷം പഠന രീതി മാറ്റിയപ്പോഴാണ് അഡ്വാൻസ്ഡിൽ മികച്ച റാങ്ക് ഉറപ്പിക്കാൻ സാധിച്ചത്. പരീക്ഷയെ കുറിച്ചോർത്ത് പേടിക്കരുതെന്ന് അധ്യാപകർ എപ്പോഴും സൂര്യയെ ഓർമിപ്പിച്ചു.
''360ൽ 360ഉം സ്കോർ നേടുക എന്നത് ബാലികേറാമലയായിരുന്നു. ജെ.ഇ.ഇ മെയിൻ മോക്ടെസ്റ്റുകളിൽ 300ൽ 300 നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ അധ്യാപകർ ഒരിക്കലും സമ്മർദമുണ്ടാക്കിയില്ല. കഴിയുന്ന പോലെ പരിശ്രമിക്കാൻ പറഞ്ഞു. പരീക്ഷയുടെ കാര്യത്തിൽ ഒരിക്കലും പേടി വേണ്ടെന്നും ഓർമിപ്പിച്ചു. ഇത് വലിയ ആത്മവിശ്വാസം നൽകി. ''-സൂര്യ തേജ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.