രാപ്പകലില്ലാത്ത കഠിനാധ്വാനം, കർഷക കുടുംബത്തിലേക്ക് ഐ.എ.എസ്; മലയോര മേഖലയുടെ അഭിമാനമായി സോനെറ്റ് ജോസ്
text_fieldsവിജയം അറിഞ്ഞശേഷം വീട്ടിലെത്തിയ മകൾ സോെനറ്റിനെ മാതാപിതാക്കളും കുടുംബാംഗങ്ങളും മധുരം നൽകി സ്വീകരിക്കുന്നു
മുണ്ടക്കയം: കർഷക കുടുംബത്തിൽ ജനിച്ച് സിവിൽ സർവിസ് പരീക്ഷയിൽ 54ാം റാങ്ക് നേടി മലയോരമേഖലയുടെ അഭിമാനമായി സോനെറ്റ് ജോസ്. ചെറുപ്പംമുതലുള്ള ആഗ്രഹം യാഥാർഥ്യമായതില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം ദൈവത്തിനും നന്ദി പറയുന്നെന്ന് ഈ മിടുക്കി ‘മാധ്യമ’ ത്തോട് പറഞ്ഞു.
മുണ്ടക്കയം പുലിക്കുന്ന് ഈറ്റക്കക്കുന്നേല്‍ ജോസ്-മേരിക്കുട്ടി ദമ്പതികളുടെ മകളാണ് സോനെറ്റ്. 54ാംറാങ്ക് അപ്രതീക്ഷിതമല്ല. ഈ വിജയം തന്റെ കഴിവ് മാത്രമല്ല അതിനായി തനിക്കും തന്റെ ആഗ്രഹങ്ങള്‍ക്കുമൊപ്പം നിന്ന രക്ഷിതാക്കള്‍, അധ്യാപകര്‍ ഇവരെ ജീവിതത്തിലൊരിക്കലും മറക്കാനാവില്ല. മകളുടെ രാപ്പകലില്ലാത്ത കഠിനാധ്വാനമാണ് ആഗ്രഹം യാഥാർഥ്യമാക്കിയതിന് പിന്നിലുള്ളതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പത്താം ക്ലാസ് വരെ പഠിച്ചത് മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്കൂളിലും പ്ലസ് ടു വിദ്യാഭ്യാസം എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ്.
സിവില്‍ സർവിസ് മോഹവുമായി ആദ്യം വണ്ടികയറിയത് ഡല്‍ഹിയിലേക്കായിരുന്നു. അവിടെയെത്തി പഠനം ആരംഭിച്ചതോടെ കോവിഡ് മഹാമാരിയില്‍ തട്ടി പഠനം മുടങ്ങി. പിന്നീട് തിരുവനന്തപുരം ഫോര്‍ച്യൂണ്‍ സിവില്‍ സർവിസ് അക്കാദമിയിൽ ചേർന്നു.
ആദ്യതവണ കൂടിക്കാഴ്ചവരെ എത്തിയെങ്കിലും മോഹം പൂര്‍ത്തിയാക്കാനായില്ല. പതറാതെ വീണ്ടും കടുത്ത ശ്രമം നടത്തി. അതാണിപ്പോള്‍ 54ാം റാങ്കിലെത്തിച്ചെതെന്ന് പറയുമ്പോള്‍ സോനെറ്റിന്റെ കണ്ണില്‍ ആനന്ദാശ്രു.