Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_right70,000 വിദ്യാർഥികൾ,...

70,000 വിദ്യാർഥികൾ, 1,000 സ്കൂളുകൾ, ഫലം സെക്കൻഡുകൾക്കുള്ളിൽ; മൂല്യനിർണ്ണയത്തിൽ എ.ഐ വിപ്ലവവുമായി ജോധ്പൂർ

text_fields
bookmark_border
70,000 വിദ്യാർഥികൾ, 1,000 സ്കൂളുകൾ, ഫലം സെക്കൻഡുകൾക്കുള്ളിൽ; മൂല്യനിർണ്ണയത്തിൽ എ.ഐ വിപ്ലവവുമായി ജോധ്പൂർ
cancel

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിൽ വിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മൂല്യനിർണ്ണയ രീതി. ജില്ലാ ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കിയ പൈലറ്റ് പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തിൽ 70,000ലധികം വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് എ.ഐ ഉപയോഗിച്ച് പരിശോധിച്ചത്.

ജോധ്പൂരിലെ 15 ബ്ലോക്കുകളിലായി 1000ലധികം സ്കൂളുകളിലെ 6 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർഥികളാണ് ഈ പദ്ധതിയുടെ ഭാഗമായത്. ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ അഞ്ച് വിഷയങ്ങളിലായി മൂന്ന് ലക്ഷത്തിലധികം മൂല്യനിർണ്ണയങ്ങളാണ് എ.ഐ വഴി പൂർത്തിയാക്കിയത്.

മുമ്പ് ആഴ്ചകൾ എടുത്തിരുന്ന മൂല്യനിർണ്ണയ പ്രക്രിയ വെറും മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയായി. ഒരു ഉത്തരക്കടലാസ് പരിശോധിക്കാൻ അധ്യാപകർക്ക് 5 മുതൽ 7 മിനിറ്റ് വരെ വേണ്ടിയിരുന്ന സ്ഥാനത്ത് എ.ഐ ആപ്പ് സെക്കൻഡുകൾക്കുള്ളിൽ ജോലി പൂർത്തിയാക്കുന്നു. സാധാരണയായി ഒബ്ജക്റ്റീവ് (MCQ) ചോദ്യങ്ങൾ പരിശോധിക്കാനാണ് എ.ഐ ഉപയോഗിക്കാറുള്ളതെങ്കിൽ, ഇന്ത്യയിൽ ആദ്യമായാണ് വിവരണാത്മക (Subjective) ഉത്തരങ്ങൾ വിശകലനം ചെയ്യാൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

മൂല്യനിർണ്ണയത്തിൽ വരാവുന്ന തെറ്റുകളും പക്ഷപാതപരമായ നിലപാടുകളും ഒഴിവാക്കി പൂർണ്ണമായും കൃത്യമായ റിപ്പോർട്ട് കാർഡുകൾ നൽകാൻ ഇതിലൂടെ സാധിക്കുന്നു. വിദ്യാർഥികൾക്ക് പുറമെ അധ്യാപകർക്കും സ്കൂളുകൾക്കും പ്രത്യേക അനലിറ്റിക്കൽ റിപ്പോർട്ടുകൾ ലഭിക്കും. ഓരോ വിഷയത്തിലെയും പാഠഭാഗങ്ങൾ 0-10 എന്ന സ്കെയിലിൽ വിലയിരുത്തപ്പെടും. കുറഞ്ഞ സ്കോർ ലഭിക്കുന്ന ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ (Targeted Remedial Intervention) ഇത് അധ്യാപകരെ സഹായിക്കുന്നു. സ്കൂളുകളുടെ പ്രകടനം 'ഏണിപ്പടി' (Ladder) മാതൃകയിൽ രേഖപ്പെടുത്തുന്നത് വഴി മറ്റ് സ്കൂളുകളുമായുള്ള താരതമ്യവും എളുപ്പമാകും.

അടുത്ത മാസം നടക്കാനിരിക്കുന്ന ആദ്യ പി.ടി.എ (PTM) മീറ്റിങ്ങിൽ ഈ എ.ഐ റിപ്പോർട്ടുകൾ രക്ഷിതാക്കൾക്ക് കൈമാറും. സ്വന്തം കുട്ടിയുടെ പഠനനിലവാരത്തിനൊപ്പം സ്കൂളിന്റെ മൊത്തത്തിലുള്ള പ്രകടനവും വിലയിരുത്താൻ രക്ഷിതാക്കൾക്ക് ഇത് അവസരം നൽകും. നാഷണൽ എഡ്യൂക്കേഷൻ പോളിസി (NEP) 2020ന്റെ നിർദേശങ്ങൾക്ക് അനുസൃതമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജോധ്പൂർ ജില്ലാ കലക്ടർ അലോക് രഞ്ജൻ, ജില്ലാ പരിഷത്ത് സി.ഇ.ഒ ആശിഷ് മിശ്ര എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ പദ്ധതി മുന്നോട്ട് പോകുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ അധ്യാപകരുടെ ഭരണപരമായ ജോലിഭാരം കുറക്കാനും പഠന പ്രക്രിയ കൂടുതൽ ഡാറ്റാ അധിഷ്ഠിതമാക്കാനും ഈ ജോധ്പൂർ മോഡൽ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.

Show Full Article
TAGS:jodhpur Artificial Intelligence Schools Education News 
News Summary - 70,000 students, 1,000 schools, results in seconds: Jodhpur begins using AI for assessment
Next Story