ആര്യ ഡോക്ടറാകും; പണിയ വിഭാഗത്തിന്റെ അഭിമാനം വാനോളം
text_fieldsആര്യ (മധ്യത്തിൽ) അച്ഛനും അമ്മക്കുമൊപ്പം
പുളിഞ്ചാൽ (വയനാട്): വയനാടിന്റെ കാടുംമേടും കടന്ന് പ്രതിസന്ധിയോട് പടവെട്ടി നൂൽപുഴ പഞ്ചായത്തിലെ പണിയ വിഭാഗത്തിൽനിന്നുള്ള ആര്യ എന്ന മിടുക്കി ഇനി ഡോക്ടറാകും. പ്രയാസങ്ങളെ പഠനമികവിനൊപ്പം വകഞ്ഞുമാറ്റിയ ആര്യ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എം.ബി.ബി.എസിന് പഠിക്കും. നെൻമേനി 13ാം വാർഡ് ചീരാൽ താഴത്തൂർ പുളിഞ്ഞാൽ ഉന്നതിയിലെ കൂലിപ്പണിക്കാരനായ വേലായുധന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ആശയുടെയും മൂത്തമകളാണ് ആര്യ. പണിയ വിഭാഗത്തിൽനിന്നുള്ള ആദ്യ എം.ബി.ബി.എസുകാരിയായിരിക്കും ആര്യയെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് 83 ശതമാനം മാർക്കോടെയാണ് 2023ൽ പ്ലസ് ടു സയൻസ് ജയിച്ചത്. ആദിവാസി ഗോത്രമഹാസഭ നേതാവായ എം. ഗീതാനന്ദന്റെ മുൻകൈയിലാണ് പിന്നീട് എറണാകുളത്ത് നീറ്റ് പരീക്ഷ പരിശീലനത്തിന് അവസരം കിട്ടിയത്. കമ്യൂണിറ്റി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ 68ാം റാങ്കാണ് ലഭിച്ചത്. ഇതോടെയാണ് ഡോക്ടറാവുകയെന്ന മോഹം യാഥാർഥ്യമാകാൻ സാധ്യത തെളിഞ്ഞത്.
നിലവിൽ പാലക്കാട് കോളജിൽ മാനേജ്മെന്റ് ക്വോട്ട വിഭാഗത്തിലാണ് പ്രവേശനം നേടുക. ആര്യയുടെ പിതാവ് മുമ്പ് ജോലി ചെയ്തിരുന്ന തമിഴ്നാട്ടിലെ ആശുപത്രി അധികൃതരാണ് ഇതിനുള്ള സാമ്പത്തിക സഹായം ചെയ്യുന്നത്. ഏറെ വൈകാതെ മൂന്നാം അലോട്ട്മെന്റിൽ സർക്കാർ മെഡിക്കൽ കോളജിൽതന്നെ പ്രവേശനം ലഭിക്കും. ഇതോടെ അഡ്മിഷൻ ഫീസ് തിരിച്ചുനൽകുമെന്ന് പാലക്കാട് കോളജ് അധികൃതരും ഉറപ്പുനൽകി.
ഞായറാഴ്ച വൈകീട്ടോടെ ആര്യയും കുടുംബവും പാലക്കാട്ടേക്ക് യാത്രതിരിച്ചു. പാവങ്ങൾക്ക് അത്താണിയാകുന്ന ഡോക്ടറാവുകയെന്നതാണ് സ്വപ്നമെന്ന് ആര്യ യാത്രാമധ്യേ ‘മാധ്യമ’ത്തോട് പറഞ്ഞു. യാത്രക്കും മറ്റ് പ്രാഥമിക കാര്യങ്ങൾക്കുമൊക്കെയുള്ള സഹായം നാട്ടുകാരും പൊലീസ് അധികൃതരുമടക്കം ചെയ്തു. കോഴിക്കോട് ദേവഗിരി കോളജിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന ആര്യയുടെ പിതാവ് വേലായുധന് പല കാരണങ്ങളാൽ പഠനം പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, മക്കളെ നല്ല നിലയിലെത്തിക്കണമെന്ന അതിയായ ആഗ്രഹത്താൽ അദ്ദേഹം അവർക്ക് പഠനത്തിനുള്ള എല്ലാം ഒരുക്കുകയായിരുന്നു. പ്ലസ് ടു വിദ്യാർഥിയായ അമൃതയാണ് ഏക സഹോദരി.