സൗഹൃദങ്ങളെ ഗവേഷണ പഠനങ്ങളിലേക്ക് കൈപിടിക്കുന്ന തമിഴകത്തെ മലയാളി അധ്യാപക കൂട്ടം
text_fieldsഡോ. എം.എൻ. ഹാരിസ്, ഡോ. ഇ.എസ്. അസ്ലം, ഡോ: ഗഫ്ഫാർ ഖാൻ തയ്യിൽ
പരപ്പനങ്ങാടി: സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഗവേഷണ പഠനത്തിലേക്ക് കൈപിടിക്കുന്ന മലയാളി അധ്യാപക സൗഹൃദം തമഴകത്തിന്‍റെ സൗന്ദര്യമാകുന്നു. ചെന്നൈ ന്യൂ കോളജിൽ ജോലി ചെയ്യുന്ന പരപ്പനങ്ങാടിയിലെ മൂന്നു യുവ അസിസ്റ്റന്‍റ് പ്രഫസർമാരുടെ കയ്യൊപ്പ് പരപ്പനങ്ങാടിയിൽ നിന്നാണ്. സാധാ സർക്കാർ വിദ്യാലയത്തിലെ മലയാളം മീഡിയത്തിൽ പഠിച്ചു വളർന്ന സാധാരണ കുടുംബത്തിലെ സമ പ്രായക്കാരായ മൂന്നു പേരാണ് ചെന്നൈ ന്യൂ കോളജിൽ അസിസ്റ്റന്‍റ് പ്രഫസർമാരായി സേവനമനുഷ്ടിക്കുന്നത്.
പരപ്പനങ്ങാടി സ്വദേശികളായ ഡോ. ഇ.എസ്. അസ് ലം, ഡോ. എം.എൻ. ഹാരിസ്, ഡോ. ഗഫ്ഫാർ ഖാൻ തയ്യിൽ എന്നിവരാണ് പരപ്പനങ്ങാടിയുടെ നാമം തമഴ്നാട് ചെന്നൈ ന്യൂ കോളജിലെ അധ്യാപക റജിസ്‌റ്ററിൽ പതിവായി ഒപ്പു ചാർത്തുന്നത്. കേവല ഡിഗ്രിയുടെയും പി.ജിയുടെയും അധ്യാപകരാവുക എന്നതിനപ്പുറം പരിചയ വൃത്തത്തിലെ യുവ തലമുറയെ മലയായികളെന്നോ തമഴരന്നോ വ്യത്യാസമില്ലാതെ പ്രതികൂല സാഹചര്യങ്ങളോട് തങ്ങൾ പൊരുതി നേടിയ ഗവേഷണ പാഠം എല്ലാവരിലും എത്തിക്കുകയാണ് ഇവരുടെ ദൗത്യം.
ആദ്യം അത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ തുടക്കമിട്ടു. അങ്ങിനെ ഇവരുടെ പത്നിമാരും സഹോദരങ്ങളും അടുത്ത സുഹൃത്തുക്കളും ആദ്യം വിവിധ പ്രഫസർമാർക്ക് കീഴിൽ ഗവേഷണ പഠനത്തിലേക്ക് ചുവടുറപ്പിച്ചു. പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഹുമാനിറ്റീസിൽ പ്ലസ് ടു പാസായ ശേഷം ഡിഗ്രി മുതൽ മൂവരും വിവിധ കലാലയങ്ങളിലേക്ക് നീങ്ങിയെങ്കിലും ജോലിയിൽ ഒരേ സ്ഥാപനത്തിൽ യാദൃശ്ചികമായി ഒന്നിക്കുകയായിരുന്നു.
സാമ്പ്രദായിക രീതികൾ മാറ്റിവെച്ച് മുതിർന്ന കുട്ടികളെ ചേർത്തുപിടിക്കാനും ഗവേഷണ പരതയിലേക്ക് വിദ്യാർഥികളെ നയിക്കാനും ഇവർ സ്വന്തം ജീവിതാനുഭവ യാഥാർഥ്യങ്ങളിൽ മാറ്റുരച്ച് നടത്തുന്ന അധ്യാപന പോരാട്ടം ഉന്നത വിദ്യഭ്യാസ രംഗത്തെ വേറിട്ട അധ്യായമാണ്.
'മാധ്യമം' ദിനപത്രത്തിന്‍റെ തിരുരങ്ങാടി ഏരിയതല മുൻ ലേഖകൻ പരേതനായ ഇ.എസ്. സുലൈമാൻ മാസ്റ്ററുടെ മകനാണ് ഇ.എസ്. അസ് ലം. മൂവരും സജീവ എസ്.ഐ.ഒ. പ്രവർത്തകരായിരുന്നു. തിരുരങ്ങാടി പി.എസ്.എം.ഒ കോളജിൽ നിന്നും മുഖ്യധാര മുന്നണി സ്ഥാനാർഥികളെ പരാജയപ്പെടുത്തി എസ്.ഐ.ഒ ബാനറിൽ യു.യു.സിയായി തെരഞ്ഞെടുക്കപ്പെട്ട അസ്ലം കാലിക്കറ്റ് യൂനിവേഴ്സ്റ്റി ഡിഗ്രി പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയിട്ടുമുണ്ട്.
എം.എൻ. ഹാരിസ് കച്ചടവക്കാരനായ പരേതനായ എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകനാണ്. ചെറുകിട മത്സ്യവ്യാപാരിയായ തയ്യിൽ ഗസ്സാലിയുടെ മകനാണ് ഗഫ്ഫാർ ഖാൻ. ഡോ. അസ്‌ലം ചെന്നൈ ന്യൂ കോളജിലെ ഹിസ്റ്ററി ഡിപാർട്ട്മെന്‍റിലാണ് അസിസ്റ്റന്‍റ് പ്രഫസറായി ജോലി ചെയ്യുന്നത്. ഡോ. ഹാരിസ് ഇതേ കോളജിൽ സോഷ്യോളജി വിഭാഗം മേധാവിയും അസിസ്റ്റന്‍റ് പ്രഫസറുമാണ്. ഡോ: ഗഫ്ഫാർ ഖാൻ സോഷ്യോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറാണ്.
ഹാരിസും അസ് ലമും ഡോക്ടറേറ്റ് നേടിയത് മദ്രാസ് യൂനിവേഴ്സ്റ്റിയിൽ നിന്നാണ്. ഗഫ്ഫാർഖാൻ ഡോക്ടറേറ്റ് നേടിയത് ജാമിയ മില്ലിയ യൂനിവേഴ്സിറ്റിയിൽ നിന്നും.
ഡോ. ഹാരിസിന്‍റെയും ഗഫ്ഫാർ ഖാന്‍റെയും ജീവിതപങ്കാളികളും ഡോക്ടറേറ്റ് നേടിയവരും അസ് ലമിന്‍റെ പത്നി പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുകയാണ്. മൂവരുടെയും ഭാര്യമാരും അധ്യാപകരാണ്.
അസ്ലമിന്റെ ഭാര്യ നസ്മ താനൂർ ഗവൺമെന്റ് കോളജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. ഹാരിസിന്റെ ഭാര്യ ബാസിമ ചെന്നൈയിലെ ഒരു സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു. ഗഫ്ഫാറിന്റെ ഭാര്യ സുഹറ ഹസ്സൻ കോഴിക്കോട് സെന്റ് ജോസഫ് കോളജ് ദേവഗിരിയിൽ സോഷ്യൽ വർക് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രഫസറായും സേവനം അനുഷ്ടിക്കുന്നു.