ആദിത്യെൻറ സ്വപ്നത്തിന് ചിറകുമുളച്ചു; ഇനി അതിരുകളില്ലാത്ത ആകാശത്ത് വിമാനം പറത്തും
text_fieldsതിരുവനന്തപുരം രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷന്‍ ടെക്നോളജിയിൽ
വിമാനത്തിനൊപ്പം നിൽക്കുന്ന ആദിത്യൻ
തിരുവനന്തപുരം രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷന്‍ ടെക്നോളജിയിലെ 2019 ബാച്ച് വിദ്യാർഥിയാണ്. 200 മണിക്കൂർ വിമാനം പറത്തൽ പൂർത്തിയാക്കുേമ്പാഴാണ് 'കോഴ്സ്' പൂർത്തിയാകുന്നത്. സഹായം കിട്ടുന്നതിനുമുമ്പ് 33 മണിക്കൂർ പഠനം നടത്തിയത് ബന്ധുക്കളിൽനിന്നടക്കം കടംവാങ്ങിയാണ്. ഇതുവരെ 12 ലക്ഷത്തോളം രൂപയാണ് ചെലവായത്. 40 മണിക്കൂർ വീതമുള്ള അടുത്തഘട്ടങ്ങളുടെ പൂർണ ചെലവ് സർക്കാർ വഹിക്കുമെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ആദിത്യൻ 'മാധ്യമ'ത്തോട് പറഞ്ഞു. 25 ലക്ഷം രൂപയോളമാണ് സ്കോളർഷിപ്.
ഇതിനുമുമ്പ് 1996ലാണ് പട്ടികജാതി വിഭാഗത്തിൽപെട്ട ഒരു കുട്ടിക്ക് സ്കോളർഷിപ് കിട്ടുന്നത്. ഈ വിഭാഗത്തിൽപെട്ട നാല് കുട്ടികൾകൂടി പുതിയ ബാച്ചിൽ എത്തിയതോടെയാണ് എല്ലാവർക്കും സഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്. വയനാട് സ്വദേശിനി ശരണ്യ, കണ്ണൂരുകാരി സങ്കീർത്തന, കോഴിക്കോട്ടുകാരൻ വിഷ്ണുപ്രസാദ്, തിരുവനന്തപുരം സ്വദേശി രാഹുൽ എന്നിവരാണ് സ്കോളർഷിപ് നേടിയ മറ്റ് സഹപാഠികൾ. സഹായം കിട്ടിയതിെൻറ നന്ദിയറിയിക്കാന്‍ മന്ത്രി കെ. രാധാകൃഷ്ണനെ നേരിൽകാണാനും ഈ സംഘം മറന്നില്ല. സ്കോളർഷിപ് നേടിയ അഞ്ചു പേരെയും മന്ത്രി ഫേസ്ബുക്കിലൂടെ അഭിനന്ദിച്ചു.
പ്രതിരോധസേനയില്‍ പൈലറ്റായി ജോലി ചെയ്യണമെന്നായിരുന്നു ആദിത്യെൻറ ആഗ്രഹം. കമേഴ്സ്യൽ പൈലറ്റ് ലൈസന്‍സ് (സി.പി.എല്‍) ഉണ്ടെങ്കില്‍ നേരിട്ട് ഡിഫന്‍സ് ഫ്ലയിങ് വിങ്ങിലേക്ക് കയറാനാകുമെന്ന് അറിഞ്ഞാണ് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദമെടുത്തശേഷം തിരുവനന്തപുരത്ത് എത്തിയത്.കാലാവസ്ഥ അനുകൂലമായാൽ 2022 പകുതിയോടെ കോഴ്സ് പൂർത്തിയാക്കും.ഹരിപ്പാട് ചേപ്പാട് ചന്ദ്രോദയം അഗ്രികൾചറൽ ഡിപ്പാർട്മെൻറ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ സി.എസ്. അജിത്കുമാർ-കെ.ജി. രതികുമാരി ദമ്പതികളുടെ മകനാണ്. സഹോദരൻ: എ.ആർ. ശ്രീരാമൻ (ഒന്നാംവർഷ ബി.കോം വിദ്യാർഥി, എസ്.ബി കോളജ്, ചങ്ങനാശ്ശേരി).