ബിഹാറിൽ നിന്ന് ഹാർവഡിലേക്ക്; വൈദ്യശാസ്ത്ര രംഗത്ത് ജ്വലിക്കുന്ന നക്ഷത്രമായി മാറിയ പെൺകുട്ടിയുടെ കഥ പങ്കുവെച്ച് അപ്പോളോ ഡോക്ടർ
text_fieldsഹൈദരാബാദ്: അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ എക്സിൽ പങ്കുവെച്ച കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ബിഹാറിലെ ദരിദ്രമായ ചുറ്റുപാടിൽ നിന്ന് വളർന്ന് നിശ്ചയ ദാർഢ്യം കൊണ്ട് ഒരു പെൺകുട്ടി ഉയരങ്ങൾ താണ്ടിയതിനെ കുറിച്ചാണ് കുറിപ്പിലുള്ളത്.
കുട്ടിക്കാലം മുതൽക്കേ ഡോക്ടർ കുപ്പായത്തോട് വല്ലാത്തൊരു അഭിനിവേശമായിരുന്നു ആ പെൺകുട്ടിക്ക്. നാലു പെൺകുട്ടികളും ഒരു ആൺകുട്ടിയുമടങ്ങിയ കുടുംബത്തിന് എം.ബി.ബി.എസ് പോയിട്ട് സാധാരണ വിദ്യാഭ്യാസം പോലും സ്വപ്നം കാണാൻ കഴിയാതിരുന്ന കാലമായിരുന്നു അത്. തന്റെ സാഹചര്യങ്ങൾ ആ പെൺകുട്ടി കണക്കിലെടുത്തില്ല. പഠിക്കാൻ തന്നെ തീരുമാനിച്ചുറപ്പിച്ചു. വീട്ടിൽ നിന്ന് മാറി ബോർഡിങ് സ്കൂളിൽ പഠിക്കാൻ അവൾ തീരുമാനിച്ചു. അതായിരുന്നു ജീവിതത്തിലെ വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടി. 15ാം വയസിൽ അവൾ 10ാം ക്ലാസ് പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടി. ആ നേട്ടം അംഗീകാരങ്ങൾക്ക് പുറമെ, മുന്നോട്ടുള്ള വിദ്യാഭ്യാസത്തെ അരക്കിട്ടുറപ്പിച്ചു.
പിന്നീട് അവൾക്കു മുന്നിൽ വാതിലുകൾ തുറന്നുകിടന്നു. എന്നാൽ വിധി തിരിച്ചടികളും നൽകിക്കൊണ്ടിരുന്നു. എം.ബി.ബി.എസ് അഡ്മിഷൻ ലഭിച്ച അതേ ദിവസമാണ് അവളുടെ അമ്മ മരിക്കുന്നത്. റോഡപകടത്തിലാണ് അമ്മയെ നഷ്ടമായത്. അമ്മ വലിയൊരു പിന്തുണയായിരുന്നു അവൾക്ക്. താൻ സ്വപ്നം കണ്ട വലിയ ലോകത്തേക്ക് കാലെടുത്തുവെച്ചപ്പോൾ തന്നെ പിന്തുണ നഷ്ടമായത് ആ കൗമാരക്കാരിയെ വല്ലാതെ ഉലച്ചുകളഞ്ഞു. മകൾ ഡോക്ടറാവുക എന്നത് ആ അമ്മയുടെയും സ്വപ്നമായിരുന്നു. വേദനകൾ ഇന്ധനമാക്കി ആ സ്വപ്നം സാക്ഷാത്കരിക്കാൻ മകൾ ഇറങ്ങിത്തിരിച്ചു. 17ാം വയസിലാണ് അവൾ മെറിറ്റടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ സർവകലാശാലകളിലൊന്നായ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്. 22ാം വയസിൽ എം.ബി.ബി.എസ് പൂർത്തിയാക്കി. രശ്മിയുടെ പേരിനു മുന്നിൽ ഡോക്ടർ എന്ന വാക്ക് ഇടംപിടിച്ചു.
വിവാഹം കഴിഞ്ഞു. 25ാം വയസിൽ ആദ്യ കുഞ്ഞ് പിറന്നു. എല്ലാ സ്ത്രീകളെയും പോലെ പ്രഫഷനൽ ജീവിതത്തിന് അവധി നൽകി കുടുംബജീവിതത്തിൽ ശ്രദ്ധിച്ചു. അപ്പോഴും ആഗ്രഹങ്ങൾ ഉപേക്ഷിച്ചില്ല. റേഡിയോളജിയിൽ മെഡിക്കൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് പ്രഫഷന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. പ്രമുഖ കാൻസർ കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിക്ക് കയറി. 31ാം വയസിൽ വീണ്ടും അമ്മയായി. കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും പ്രഫഷനൽ ജീവിതവും ഒരുമിച്ചുതന്നെ മുന്നോട്ടുകൊണ്ടുപോയി. യു.കെയിൽ നിന്ന് റേഡിയോളജിയിൽ ഫെല്ലോഷിപ്പും കരസ്ഥമാക്കി.
40കളിൽ ഹാർവഡിൽ നിന്ന് മറ്റൊരു ഫെല്ലോഷിപ്പും സ്വന്തമാക്കി. മെഡിക്കൽ കരിയറിനൊപ്പം അത്‍ലറ്റിക് മേഖലയിലും അവർ മുദ്ര പതിപ്പിച്ചു. 10,000 കിലോമീറ്റർ മാരത്തൺ മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഇന്ന് അവരുടെ മൂത്ത കുട്ടി കംപ്യൂട്ടർ സയൻസിൽ ബിരുദം പൂർത്തിയാക്കി. ഇന്ന് ഹൈദരാബാദിലെ പ്രമുഖ റേഡിയോളജിസ്റ്റുകളുടെ ഇടയിലാണ് ഡോ. രശ്മി സുധീറിന്റെ സ്ഥാനം. വനിതകളുടെ ആരോഗ്യം, കാൻസർ സ്ക്രീനിങ് എന്നീ രംഗത്താണ് അവർ മികവ് തെളിയിച്ചത്.


