ഡോക്ടറാകാൻ കൊതിച്ചു, എന്നാൽ നീറ്റിൽ മികച്ച റാങ്ക് കിട്ടിയില്ല; ഇപ്പോൾ റോൾസ് റോയ്സിൽ നിന്ന് 72.3 ലക്ഷം ശമ്പളത്തിൽ ജോലി വാഗ്ദാനം
text_fieldsഋതുപർണ
ഡോക്ടറാവുക എന്നതായിരുന്നു ഋതുപർണയുടെ ജീവിതാഭിലാഷം. അതും സർക്കാർ മെഡിക്കൽ കോളജിൽ പഠിച്ച്. എന്നാൽ നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടാൻ കഴിയാതായതോടെ നിരാശയോടെയാണെങ്കിലും ഋതുപർണ ആ സ്വപ്നം എന്നേക്കുമായി ഉപേക്ഷിച്ചു. എൻജിനീയറിങ്ങിലേക്ക് കളംമാറ്റി ചവിട്ടുകയും ചെയ്തു. ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു അതെന്ന് ഇപ്പോൾ ഋതുപർണ പറയുന്നു. ബംഗളൂരുകാരിയാണ് ഋതുപർണ കെ.എസ്.
മംഗളൂരുവിലെ സഹ്യാദ്രി കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റിലായിരുന്നു പഠനം. റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ് ആയിരുന്നു സബ്ജക്ട്. ആറാം സെമസ്റ്ററിൽ റോൾസ് റോയ്സിൽ എട്ടുമാസത്തെ ഇന്റേൺഷിപ്പ് ചെയ്യാനായി പോയി. അതാണ് കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ്. ഇന്റേൺഷിപ്പ് കഴിഞ്ഞതിന് പിന്നാലെ റോൾസ് റോയ്സിൽ നിന്ന് 2024 ഡിസംബറിൽ പ്രീ-പ്ലേസ്മെന്റ് ഓഫർ ലഭിച്ചു. ഇന്റേൺഷിപ്പ് സമയത്തെ അസൈൻമെന്റുകളിലെ മികച്ച പ്രകടനമാണ് കമ്പനിയിൽ ജോലിക്കെടുക്കാൻ കാരണം. അന്ന് 39.6 ലക്ഷം രൂപയായിരുന്നു വാർഷിക ശമ്പളമായി ഓഫർ ചെയ്തത്. 2025 ഏപ്രിലിൽ ശമ്പളം 72.3 ലക്ഷം രൂപയായി കമ്പനി ഉയർത്തി.
പുതിയ കാര്യങ്ങൾ പഠിക്കുന്നതും ആശയങ്ങൾ വികസിപ്പിക്കുന്നതും പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നൽകുന്നതും തനിക്ക് വലിയ ഇഷ്ടമാണെന്ന് ഋതുപർണ കെ.എസ് തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ എഴുതിയിട്ടുണ്ട്. അതോടൊപ്പം ആളുകളുമായുള്ള തന്റെ ആശയവിനിമയവും വളരെ നല്ലതാണെന്നും ഋതുപർണ കുറിച്ചിട്ടുണ്ട്. പഠനകാലത്ത് കവുങ്ങ് കർഷകരെ സഹായിക്കുന്നതിന് റോബോട്ട് നിർമിക്കുന്ന പ്രോജക്ടിൽ സഹകരിച്ചിരുന്നു. ഗോവയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ അവർ മെഡലുകളും നേടി.
ഏഴാം സെമസ്റ്റർ പൂർത്തിയാക്കിയ ശേഷം ടെക്സാസിലെ റോൾസ് റോയ്സിന്റെ ജെറ്റ് എൻജിൻ നിർമാണ ഡിവിഷനിൽ ജോലി ചെയ്യാനൊരുങ്ങുകയാണ് ഈ 20 കാരി. റോൾസ് റോയ്സിലെ ജെറ്റ് ഡിവിഷനിലെ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരിയും ഋതുപർണയാകും. എന്തൊക്കെ തിരിച്ചടികളുണ്ടായാലും പകരമായി മറ്റെന്തെങ്കിലും ജീവിതം നമുക്ക് കാത്ത് വെച്ചിട്ടുണ്ടാകും എന്നാണ് ഋതുപർണയുടെ ജീവിതം നൽകുന്ന പാഠം. മംഗളൂരിലെ സെന്റ് ആഗ്നസ് സ്കൂളിലാണ് ഋതുപർണ പഠിച്ചത്.