മലയാറ്റൂര്‍ സ്വദേശിക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആദരം
text_fieldsകാലടി: ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആദരവ് നേടി യു.കെയില്‍ വിദ്യാഭ്യാസ-ഗവേഷണ രംഗത്തുളള മലയാറ്റൂര്‍ സ്വദേശിയായ മലയാളി ശാസ്ത്രജ്ഞന്‍ ഡോ. ബിന്റോ സൈമണ്‍. യു.കെയിലെ വിദ്യാർഥികള്‍ക്ക് മികച്ച പഠന പിന്തുണയും നൂതനമായ അധ്യാപന രീതികളും നല്‍കി വിദ്യാഭ്യാസ മേഖലയില്‍ നല്‍കുന്ന മികച്ച സംഭാവനകളെ മാനിച്ചാണ് പാര്‍ലമെന്റ് നല്‍കുന്ന എമര്‍ജിങ് എജുക്കേറ്റര്‍ പുരസ്‌കാരം ബിന്റോക്ക് ലഭിച്ചത്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ബെസ്റ്റ് ഇന്നൊവേറ്റീവ് എജ്യൂക്കേറ്റര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും പി.എച്ച്.ഡി നേടിയ ബിന്റോ എച്ച്.ഐ.വി ചികിത്സാ രംഗത്ത് നിർണായകമായ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രഫ. ഡേവിഡ് ബെറിസ്ഫോര്‍ഡിന്റെ കീഴിലായിരുന്നു ഗവേഷണം. തുടര്‍ന്ന് ലണ്ടനിലെ യൂനിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഫാര്‍മസിയില്‍ പോസ്റ്റ്-ഡോക്ടറല്‍ ഫെല്ലോ ആയി ജോലി ചെയ്യവേ, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലൈക്കോബയോളജി, കാന്‍സര്‍ റിസര്‍ച്ച് യു.കെ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ഡാറ്റാലേസ് കമ്പനിയില്‍ റിസര്‍ച്ച് സയന്റിസ്റ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലയാറ്റൂര്‍ കുന്നിയില്‍ വീട്ടില്‍ കെ.ജെ. സൈമണിന്റെയും, ഹമലേ എലിയകുട്ടിയുടെയും ഇളയമകനാണ്. 21 വര്‍ഷമായി കുടുംബത്തോടപ്പം മാഞ്ചസ്റ്ററിലാണ് താമസം. ഭാര്യ: ലാന്റി. മക്കള്‍: എല്‍സ, ഫ്രേയ.


