നാലുതവണ പരീക്ഷ എഴുതി, ഉദ്ദേശിച്ച നേട്ടം കൈവരിക്കാനായില്ല; അഞ്ചാംശ്രമത്തിൽ ആൽഫ്രെഡിന് സ്വപ്നസാക്ഷാത്കാരം
text_fieldsപാലാ: സിവിൽ സർവിസ് പരീക്ഷയിൽ അഞ്ചാംശ്രമത്തിൽ സ്വപ്നം സാക്ഷാത്കരിച്ച് പാലാ സ്വദേശി ആൽഫ്രെഡ്. പാലാ പാറപ്പള്ളി കാരിക്കക്കുന്നേൽ ആൽഫ്രെഡ് തോമസാണ് 33ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായത്. സംസ്ഥാനത്തെ രണ്ടാമത്തെ റാങ്കാണിത്.
തോമസ് ആന്റണിയുടെയും ടെസി തോമസിന്റെയും മകനായ ഈ ചെറുപ്പക്കാരന്റെ സ്വപ്നസാക്ഷാത്കാരമാണ് ഈ നേട്ടം. തുടർച്ചയായി നാലുതവണ പരീക്ഷ എഴുതിയെങ്കിലും ഉദ്ദേശിച്ച നേട്ടം കൈവരിക്കാനായില്ല. മെയിൻ പരീക്ഷ കിട്ടാത്തതാണ് തടസ്സമായത്. തുടർന്ന് അഞ്ചാം ശ്രമത്തിൽ 33ാം റാങ്കിലെത്തുകയായിരുന്നു.
ആൽഫ്രെഡ് ജനിച്ചതും വളർന്നതും പഠിച്ചതും ഡൽഹിയിലാണ്. ഡൽഹി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയിൽ നിന്ന് എൻജിനീയറിങ് മൂന്നാം വർഷ ഇന്റേൺഷിപ് പാസായ ശേഷമാണ് സിവിൽ സർവിസ് മോഹം ഉദിക്കുന്നത്. ഡൽഹിയിലെ കെ.എൽ.എസ് എന്ന സ്ഥാപനത്തിൽ കോച്ചിങ്ങിന് ചേർന്നു. തുടർന്നാണ് സിവിൽ സർവിസ് പരീക്ഷയിൽ നാല് ശ്രമങ്ങൾ നടത്തിയത്. പാലാ സിവിൽ സർവിസ് അക്കാദമിയിലും പരിശീലനം നടത്തിയിട്ടുണ്ട്. ഗണിതശാസ്ത്രം മുഖ്യവിഷയമായാണ് പരീക്ഷയെഴുതിയത്.
ഡൽഹിയിൽ എൻ.ജി.ഒ പ്രോഗ്രാം ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു പിതാവ് തോമസ്. ഡൽഹി സെന്റ് ജോൺസ് അക്കാദമി സ്കൂൾ അധ്യാപികയായിരുന്നു ടെസി. ഇരുവരും ജോലിയിൽനിന്ന് വിരമിച്ചശേഷം രണ്ടുവർഷമായി പാലാ പാറപ്പള്ളിയിലാണ് താമസം.
പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലുമൊക്കെ സേവനം നൽകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ആൽഫ്രെഡ് പറഞ്ഞു. ഏറ്റവും സന്തോഷവാന്മാരായി തനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് ഏതെങ്കിലും മേഖലയിൽ സാമൂഹികപ്രവർത്തനം നടത്തുന്നവരെയാണ്.
ഐ.എ.എസ് നേടിയവരെല്ലാം ഏത് മേഖലയെക്കുറിച്ചും അഗാധമായ അറിവുള്ളവരായാണ് തനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഇതൊക്കെ സിവിൽ സർവിസ് തെരഞ്ഞെടുക്കാൻ പ്രചോദനമായെന്ന് ആൽഫ്രെഡ് പറയുന്നു. സിവിൽ സർവിസിന് ശേഷമുള്ള മെരിറ്റ് പട്ടികയിൽ ഐ.എ.എസിനാണ് പ്രഥമ പരിഗണന നൽകുന്നതെങ്കിലും ട്രെയിനിങ് കാലയളവിൽ മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നും ആൽഫ്രെഡ് പറഞ്ഞു. സഹോദരി എയ്ഞ്ചല തോമസ് സി.എ ആർട്ടിക്കിൾഷിപ് ചെയ്യുകയാണ്.