നാലുതവണയും തോൽവിയറിഞ്ഞു, വീണ്ടും ശ്രമിച്ചപ്പോൾ ഐ.ആർ.എസ്; സിവിൽ സർവീസിന് ശ്രമിക്കുന്നവർക്ക് മാതൃകയായി ആയുഷ് ജെയിൻ
text_fields2024ലെ യു.പി.എസ്.സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചപ്പോൾ സന്തോഷത്തേക്കാളുപരി ആശ്വാസമായിരുന്നു ആയുഷ് ജെയിന്റെ മുഖത്ത് തെളിഞ്ഞത്. നാലുവർഷത്തെ 'തോൽവിയറിഞ്ഞുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷയിൽ വിജയത്തേരിലേറാൻ ആയുഷിന് സാധിച്ചത്. അഖിലേന്ത്യ തലത്തിൽ 344 ആയിരുന്നു റാങ്ക്.
വാസ്തവത്തിൽ ആയുഷ് വ്യക്തമായൊരു ലക്ഷ്യത്തോടെ തെരഞ്ഞെടുത്ത വഴിയായിരുന്നില്ല സിവിൽ സർവീസ്. ജോലിക്കായുള്ള ഓഫർ ലെറ്റർ വൈകിയതാണ് സിവിൽ സർവീസിന് ശ്രമിക്കാൻ പ്രേരണ നൽകിയത്.
എൻജിനീയറിങ് പഠനശേഷം ആയുഷിന് പ്ലേസ്മെന്റ് വഴി ജോലിയും ലഭിച്ചു. എന്നാൽ ഓഫർ ലെറ്റർ ഒരുപാട് വൈകി. അങ്ങനെ ഒരുപാട് സമയവും കിട്ടി. സമയം വെറുതെ കളയേണ്ട എന്ന് കരുതി ആയുഷ് പത്രങ്ങൾ വായിച്ചു, അന്താരാഷ്ട്ര കാര്യങ്ങളെ കുറിച്ചു പഠിച്ചു, ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തു.
ലക്ഷ്മിനാഥിന്റെ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ വായിച്ചുതുടങ്ങി. അപ്പോഴാണ് സിവിൽ സർവീസിലേക്കുള്ള പാതയിലാണ് താനെന്ന് മനസിലാക്കിയത്. തുടർന്ന് ഒരു പ്രാദേശിക പരിശീലന സെന്ററിൽ ചേർന്ന് മോക് ടെസ്റ്റുകൾ പരിശീലിച്ചു. അതിലൊക്കെ മികച്ച മാർക്കുകൾ കിട്ടിയപ്പോഴാണ് ആയുഷിന് തന്റെ പ്രാപ്തി മനസിലായത്. യു.പി.എസ്.സി സി.എസ്.സി ഗൗരവമായി കാണാൻ ഇത് പ്രേരണയായി.
മധ്യപ്രദേശ് സ്വദേശിയാണ് ആയുഷ്. കോളജ് പഠനകാലത്താണ് ആദ്യമായി സിവിൽ സർവീസിനെ കുറിച്ച് കേൾക്കുന്നത്. കാംപസിലെത്തുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത് ആകർഷിച്ചു. എന്നാൽ പരീക്ഷയെഴുതാൻ വലിയ ധൈര്യമൊന്നുമുണ്ടായില്ല. ഒടുവിൽ ശ്രമം നടത്തിയപ്പോൾ നാലുതവണയും പരാജയമായിരുന്നു ഫലം.
പരാജയപ്പെട്ട വേളകളിൽ മെയിൻസ് കൈയെത്തും ദൂരെ വെച്ചാണ് നഷ്ടമായത്. ഒരിക്കൽ 11 മാർക്കിനായിരുന്നു മെയിൻസ് തോറ്റത്. മറ്റൊരിക്കൽ മൂന്നു മാർക്കിനും. വലിയ സമ്മർദത്തിലൂടെ കടന്നുപോയ നാളുകളായിരുന്നു അതെന്നും ആയുഷ് സമ്മതിക്കുന്നു. എന്നാലും വീണ്ടും ശ്രമിച്ചുനോക്കാൻ തന്നെ തീരുമാനമെടുത്തു.
അതോടൊപ്പം പഠനരീതി പുതുക്കിപ്പണിയാനും ശ്രമം നടത്തി.അതിന് ഫലവും കണ്ടു.
ഓപ്ഷണൽ സബ്ജക്ട് തെരഞ്ഞെടുക്കുകയായിരുന്നു ആയുഷിന്റെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. ഏറെ ആലോചനകൾക്കൊടുവിൽ പൊളിറ്റിക്കൽ സയൻസും ഇന്റർനാഷനൽ അഫയേഴ്സും ഓപ്ഷണലായി നിശ്ചയിച്ചു.
സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 344 റാങ്ക് ലഭിച്ച ആയുഷ് ഇന്ത്യൻ റവന്യൂ സർവീസിൽ ചേരാൻ തയാറെടുക്കുകയാണ്.
പരീക്ഷയെഴുതുന്നവർക്കുള്ള ടിപ്സുകൾ
1. നേരത്തേ പഠനം തുടങ്ങുക
2. സമയം കിട്ടുമ്പോൾ ചെറുനോട്ടുകൾ കുറിച്ചുവെക്കുക
3. നിലവിലെ ആശയങ്ങളെ സമകാലിക സംഭവങ്ങളുമായി ബന്ധിപ്പിക്കുക
4. മോക് ടെസ്റ്റുകൾ ശീലമാക്കുക.
5. ഉത്തരങ്ങൾ എഴുതി പരിശീലിക്കുക.