ആദ്യമായൊരു മലയാളി ബഹിരാകാശത്തേക്ക്; ചരിത്ര നേട്ടത്തിനരികെ അനിൽ മേനോൻ
text_fieldsഡോ. അനിൽ മേനോൻ
വാഷിങ്ടൺ: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോൻ. പതിറ്റാണ്ടുകളോളം ഡോക്ടറായും സൈനിക ഉദ്യോഗസ്ഥനായും ബഹിരാകാശ വൈദ്യശാസ്ത്ര വിദഗ്ധനായും സേവനമനുഷ്ഠിച്ച ശേഷം, 49ാം വയസ്സിലാണ് തന്റെ ആദ്യ ബഹിരാകാശ യാത്രക്ക് അനിൽ മേനോൻ ഒരുങ്ങുന്നത്. ജൂലൈ 14ന് കസാകിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ് 29 പേടകത്തിൽ അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിക്കും. എട്ടുമാസം നീളുന്ന ദൗത്യത്തിൽ റഷ്യൻ ബഹിരാകാശയാത്രികരായ പ്യോട്ടർ ദുബ്രോവും അന്ന കികിനയും അദ്ദേഹത്തിനൊപ്പമുണ്ടാകും.
അമേരിക്കയിലെ മിനിയാപൊളിസിലാണ് അനിൽ മേനോന്റെ ജനനം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ. അമ്മ യുക്രൈയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ എലിസബത്ത്. 2024ലായിരുന്നു അനിൽ മേനോൻ അവസാനമായി കേരളത്തിലെത്തിയത്.
ഹാർവാർഡ് സർവകലാശാലയിൽ ന്യൂറോബയോളജിയിലും സ്റ്റാൻഫോർഡ് സർവകലാശാലയിൽ മെക്കാനിക്കൽ എഞ്ചിനിയറിങ്ങിലും മെഡിസിനിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം എമർജൻസി മെഡിസിൻ ഡോക്ടറെന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. വൈദ്യരംഗത്ത് മാത്രമല്ല, മനുഷ്യസേവന രംഗത്തും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. 2010ലെ ഹെയ്തി ഭൂകമ്പം, 2015ലെ നേപ്പാൾ ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായും എവറസ്റ്റ് കൊടുമുടി കയറുന്ന പർവതാരോഹികൾക്ക് ചികിത്സ നൽകുന്ന ഹിമാലയൻ റെസ്ക്യൂ അസോസിയേഷനൊപ്പവും അദ്ദേഹം പ്രവർത്തിച്ചു. അമേരിക്കൻ വ്യോമസേനയിലും പിന്നീട് യു.എസ് സ്പേസ് ഫോഴ്സിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
2014ൽ നാസയിൽ ഫ്ലൈറ്റ് സർജനായി ചേർന്ന അനിൽ മേനോൻ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നിരവധി ദൗത്യങ്ങൾക്ക് പിന്തുണ നൽകി. പിന്നീട് 2018ൽ സ്പേസ് എക്സിൽ ചേർന്ന് കമ്പനിയുടെ ആദ്യ ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ചു. സ്പേസ് എക്സിന്റെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്കും സ്റ്റാർഷിപ്പ് പദ്ധതിയുടെ വികസനത്തിനും അദ്ദേഹം നിർണായക പങ്കുവഹിച്ചു. 2021ലാണ് നാസ അദ്ദേഹത്തെ ബഹിരാകാശ യാത്രികനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. രണ്ടുവർഷത്തെ കഠിന പരിശീലനത്തിന് ശേഷം 2024ൽ ഔദ്യോഗികമായി ബഹിരാകാശ സഞ്ചാരിയായി യോഗ്യത നേടി.
അനിൽ മേനോന്റെ ജീവിത പങ്കാളിയും ബഹിരാകാശ യാത്രികയാണ്. ഭാര്യ അന്ന മേനോൻ 2024ൽ സ്പേസ് എക്സിന്റെ പോളാരിസ് ഡോൺ സ്വകാര്യ ബഹിരാകാശ ദൗത്യത്തിൽ പങ്കെടുത്തിരുന്നു. ഇതോടെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്ത അപൂർവ ദമ്പതിമാരായും ഇവർ മാറും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന എട്ടുമാസക്കാലം അനിൽ മേനോൻ വിവിധ ശാസ്ത്രപരീക്ഷണങ്ങൾക്കും സാങ്കേതിക ഗവേഷണങ്ങൾക്കും നേതൃത്വം നൽകും. കൃത്രിമബുദ്ധിയുടെ സഹായത്തോടെയുള്ള ബഹിരാകാശ ചികിത്സാരീതികൾ, മൈക്രോഗ്രാവിറ്റിയിൽ സഞ്ചാരികളുടെ രക്തയോട്ടം, സെമികണ്ടക്ടർ ക്രിസ്റ്റലുകളുടെ നിർമാണം, ബയോപ്രിന്റിങ് തുടങ്ങിയ പരീക്ഷണങ്ങൾ ഈ ദൗത്യത്തിന്റെ ഭാഗമാണ്. ഭാവിയിലെ ചന്ദ്ര-ചൊവ്വ ദൗത്യങ്ങൾക്കും ഭൂമിയിലെ വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്കും ഈ പഠനങ്ങൾ സഹായകരമാകുമെന്നാണ് നാസയുടെ പ്രതീക്ഷ.
ഇന്ത്യൻ വംശജരായ രാകേഷ് ശർമ്മ, കൽപന ചൗള, സുനിത വില്യംസ് എന്നിവരുടെ പാത പിന്തുടർന്നാണ് അനിൽ മേനോന്റെ ബഹിരാകാശ യാത്ര. വൈദ്യശാസ്ത്രം, സൈനിക സേവനം, എൻജിനിയറിങ്, ബഹിരാകാശ ഗവേഷണം എന്നിവ ഉൾക്കൊള്ളുന്ന അനിൽ മേനോന്റെ അസാധാരണ ജീവിതയാത്രയുടെ മറ്റൊരു നാഴികക്കല്ലായി ഈ യാത്ര മാറും. മാത്രമല്ല, ഭൂമിയിൽനിന്ന് ബഹിരാകാശ നിലയത്തിലേക്ക് അനിൽ മേനോൻ പറക്കുമ്പോൾ അത് കേരളത്തിനും മലയാളികൾക്കും അഭിമാന നിമിഷം കൂടിയാകും.


