1400 രൂപയുമായി ഡൽഹിയിലേക്ക് വണ്ടി കയറി; ദാരിദ്ര്യത്തെ തോൽപിച്ച് ആദ്യശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷ വിജയിച്ച് അഭിമാനമായി ഹേമന്ത്
text_fieldsസാമ്പത്തികമായി ഏറെ അസമത്വം നിലനിൽക്കുന്നതാണ് നമ്മുടെ രാജ്യം. ചിലർ വായിൽ സ്വർണക്കരണ്ടിയുമായി ജനിക്കുന്നു. മറ്റു ചിലർ അതിദാരിദ്ര്യത്തിലും. അവരിൽ പലരും സാഹചര്യങ്ങളോട് മല്ലിട്ട് ജീവിതത്തിൽ ഉന്നത വിജയം നേടുന്നു. ആ തടസ്സങ്ങൾ മറികടക്കാൻ ഏറ്റവും മികച്ച മാർഗമാണ് വിദ്യാഭ്യാസം. ഹേമന്ത് കെ. പരീഖ് അതിന്റെ മികച്ച ഉദാഹരണവുമാണ്.
രാജസ്ഥാനിലെ ബിരാനിലാണ് ഹേമന്ത് ജനിച്ചത്. അവകാശങ്ങൾ നേടിയെടുക്കാനുള്ള അമ്മയുടെ പോരാട്ടങ്ങൾ കണ്ടാണ് ഹേമന്ത് വളർന്നത്. ദിവസവേതന തൊഴിലാളിയായിരുന്നു ഹേമന്തിന്റെ അമ്മ. തൊഴിലുറപ്പു പണിയുടെ വേതനം കിട്ടാനായി ഒരിക്കൽ അമ്മ കലക്ടറുടെ അടുത്തുമെത്തി. അപ്പോഴാണ് ഹേമന്ത് കലക്ടറെ ആദ്യമായി കാണുന്നതും ശ്രദ്ധിക്കുന്നതും. ആ നിമിഷം ജനങ്ങളോട് പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥനായി മാറണമെന്ന് ഹേമന്ത് ഉറപ്പിച്ചു. അമ്മയെ പോലുള്ള ആളുകളെ സഹായിക്കണമെന്നും.
ബിരുദം കഴിഞ്ഞയുടൻ യു.പി.എസ്.സി സിവിൽ സർവീസ് ലക്ഷ്യം വെച്ച് ഹേമന്ത് ഡൽഹിയിലേക്ക് വണ്ടി കയറി. 1400 രൂപ മാത്രമായിരുന്നു അപ്പോൾ കൈയിലുണ്ടായിരുന്നത്. പലരും ആ പോക്കിനെ പരിഹസിച്ചു തള്ളി. ഹിന്ദി മീഡിയം സ്കൂളിലായിരുന്നു ഹേമന്ത് പഠിച്ചിരുന്നത്. ഇംഗ്ലീഷ് ഡിപ്ലോമ കോഴ്സിൽ ദയനീയമായി പരാജയപ്പെട്ട കഥയുമുണ്ട് ഹേമന്തിന്റെ അക്കൗണ്ടിൽ.
മറ്റുള്ളവരുടെ വാക്കുകൾ ഹേമന്ത് കണക്കിലെടുത്തില്ല. സ്വന്തമായി പഠിക്കാൻ തുടങ്ങി. യൂട്യൂബ് ക്ലാസുകളെയും ആശ്രയിച്ചു. യൂനിവേഴ്സിറ്റി ലൈബ്രറികളിലെ പതിവ് സന്ദർശകനായി. അങ്ങനെ 2023ൽ ആദ്യശ്രമത്തിൽ ഹേമന്തിന് സിവിൽ സർവീസ് നേടാൻ സാധിച്ചു. റാങ്ക് 884 ആയിരുന്നതിനാൽ ഐ.ആർ.എസ് ആണ് കിട്ടിയത്. മകന്റെ വിജയമറിഞ്ഞ അമ്മ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. പണ്ട് സംശയം പ്രകടിപ്പിച്ചവരെല്ലാം ഇപ്പോൾ ഹേമന്തിന്റെ വിജയം കൊണ്ടാടുകയാണ്. ഐ.ആർ.എസ് തന്നെ വലിയ പ്രിവില്യജ് ആണെന്നും അത് തുടരണമെന്നും ഉപദേശിച്ചവരുണ്ട്. എന്നാൽ കലക്ടറാവുകയായിരുന്നു ആ പരിശ്രമശാലിയുടെ ലക്ഷ്യം. അത് വരെ ശ്രമം തുടരാനാണ് ഹേമന്തിന്റെ തീരുമാനവും.