കലാരത്ന കിരീടത്തിന്റെ തിളക്കത്തിൽ വിദ്യ വൈശാഖ്
text_fieldsവിദ്യ വൈശാഖ്
മനാമ: ബഹ്റൈൻ കേരളീയ സമാജം നടത്തിയ ഒന്നരമാസം നീണ്ടുനിന്ന കേരളോത്സവത്തിൽ കലാരത്ന കിരീടം ചൂടി ബഹ്റൈനിൽ എൻജിനീയറായി ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ സ്വദേശിനി വിദ്യ വൈശാഖ്. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി വൈശാഖിന്റെ ഭാര്യയായ വിദ്യ കഴിഞ്ഞ ഏഴ് വർഷമായി ബഹ്റൈനിലെ കലാരംഗത്ത് നിറസാന്നിധ്യമാണ്. വ്യത്യസ്തങ്ങളായ പതിനഞ്ചോളം ഐറ്റങ്ങളിൽ പങ്കെടുത്തുകൊണ്ടാണ് വിദ്യ കേരളോത്സവത്തിൽ കിരീടം ചൂടിയത്.
ബഹ്റൈനിൽ താമസിച്ച് സൗദിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന, ബഹ്റൈനിലെ കലാരംഗത്ത് സജീവ സാന്നിധ്യമായ വൈശാഖും പ്രോത്സാഹനവുമായി എപ്പോഴും വിദ്യക്കൊപ്പമുണ്ട്. ആലുവ അമ്പാട്ടുകാവ് സ്വദേശി ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡിൽ മെക്കാനിക്കൽ എൻജിനീയറായിരുന്ന വ്യാസ് കമ്മത്തിന്റെയും മീര വ്യാസിന്റെയും മകളായ വിദ്യ സ്കൂൾ - കോളജ് പഠനകാലം മുതൽ കലാമത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ആലുവ സെന്റ് ജോൺസ് ബാപിസ്റ്റ് സ്കൂളിലും ആലുവ ക്രിസ്റ്റാവ മഹിളാലയം സ്കൂളിലും ആലുവ എടത്തല കേരള മുസ്ലിം എജുക്കേഷനൽ അസോസിയേഷൻ എൻജിനീയറിങ് കോളജിലുമായിരുന്നു വിദ്യയുടെ പഠനം.
അമ്മയുടെ പ്രോത്സാഹനമാണ് നന്നേ ചെറുപ്പത്തിൽതന്നെ കലകളഭ്യസിക്കാനുള്ള അവസരങ്ങൾ ഒരുക്കിയതെന്ന് വിദ്യ പറഞ്ഞു. ബഹ്റൈനിൽ ഐ.ടി ആപ്ലിക്കേഷൻസ് കൺസൾട്ടന്റായി ജോലി ചെയ്യുന്ന വിദ്യ ഗായികയും നർത്തകിയും അഭിനേത്രിയുമാണ്. പത്തുവർഷത്തോളം പരേതനായ അമ്പാട്ടുകാവ് വിജയൻ മാഷിന്റെ കീഴിൽ ശാസ്ത്രീയ സംഗീതവും അഞ്ച് വർഷം നൃത്തവും അഭ്യസിച്ചിട്ടുണ്ട്.
മകൾ അക്ഷിത ബഹ്റൈൻ കേരളീയ സമാജം ബാലകലോത്സവം സ്പെഷൽ ഗ്രൂപ് ചാമ്പ്യനും കെ.സി.എ ഗ്രൂപ് ചാമ്പ്യനുമായിരുന്നു. ഒരു വയസ്സുകാരി ആഷ്വി മറ്റൊരു മകളാണ്. വിദ്യയുടെ ഇരട്ട സഹോദരി ദിവ്യയും സഹോദരൻ നിർമലും എൻജിനീയർമാരാണ്. ജോസ് ഫ്രാൻസിസ് സംവിധാനം ചെയ്ത ‘മുത്തുമണിത്തൂവൽ’, സനൽകുമാർ ചാലക്കുടിയുടെ ‘കണ്ണാളെനേ’, ഡ്രീംസ് മീഡിയയുടെ ഷിബിൻ സിദ്ദീഖ് സംഗീത സംവിധാനം ചെയ്ത കേരളപ്പിറവി ഗാനമായ ‘മാ’യിലും വിദ്യ പാടിയിട്ടുണ്ട്.