കീപാഡ് ഫോൺ മാത്രം ഉപയോഗിച്ചു, ദിവസവും മണിക്കൂറുകൾ മടുപ്പില്ലാതെ പഠിച്ചു; ജെ.ഇ.ഇയിൽ മികച്ച സ്കോർ നേടി ഗാന്ധി നഗർ ഐ.ഐ.ടിയിൽ സീറ്റുറപ്പിച്ച ജോൺ ഷിനോജ് കീം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയത് ഇങ്ങനെ...
text_fieldsനീറ്റ്, ജെ.ഇ.ഇ, കീം പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കുമ്പോൾ ചില മിടുക്കർ മികച്ച റാങ്കുകൾ നേടി വാർത്തകളിൽ നിറഞ്ഞുനിൽക്കും. ഒന്നും രണ്ടും ദിവസമല്ല, വർഷങ്ങൾ കഠിന പ്രയത്നം ചെയ്തതിന്റെ മാധുര്യമേറിയ ഫലമാണ് അവർ അനുഭവിക്കുന്നത്. ആ മികച്ച നേട്ടം കൊയ്യാൻ ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും അവർ ത്യജിക്കും. ഇന്നത്തെ കാലത്ത് കുഞ്ഞുകുട്ടികൾ പോലും മൊബൈൽ ഫോണിന് അടിമയാകുമ്പോൾ, ജീവിതത്തിന്റെ ഭാഗമായ ഒരവയവം പോലെ കൊണ്ടുനടന്നിരുന്ന സ്മാർട് ഫോൺ പഠന കാലയളവിൽ കൈകൊണ്ടുപോലും അവർ തൊടില്ല. സിനിമ കാണില്ല. കൂട്ടുകാർക്കൊപ്പം പുറത്തുപോകില്ല. വിവാഹം പോലുള്ള ആഘോഷങ്ങളും പാടെ ഒഴിവാക്കും. ഇത്തരം കഷ്ടപ്പാടുകൾ സഹിച്ച് ഒടുവിൽ മികച്ച ഫലം തേടിയെത്തുമ്പോൾ അവരുടെ സന്തോഷത്തിന് അതിരുണ്ടാകില്ല.
ഇക്കുറി കീം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയത് മൂവാറ്റുപുഴ സ്വദേശിയായ ജോൺ ഷിനോജ് ആണ്. രണ്ടുവർഷത്തെ കഠിന പഠനത്തിന് ശേഷമാണ് കീം പരീക്ഷയിൽ ജോൺ ഷിനോജ് സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ജെ.ഇ.ഇ പരീക്ഷയിൽ മികച്ച സ്കോർ നേടിയ ജോൺ ഗാന്ധിനഗർ ഐ.ഐ.ടിയിൽ സീറ്റുറപ്പിച്ചിരിക്കുകയാണ്.
രണ്ടുവർഷമാണ് ജോൺ പഠനത്തിനായി മാറ്റിവെച്ചത്. 10ാം ക്ലാസ് വരെ ഐ.സി.എസ്.ഇ സിലബസിലായിരുന്നു ജോണിന്റെ പഠനം. പിന്നീട് കേരള സിലബസിലേക്ക് മാറി. മാന്നാനം കെ.ഇ സ്കൂളിലായിരുന്നു പ്ലസ്ടു. പ്ലസ്ടുവിനൊപ്പം തന്നെ എൻട്രൻസ് പരിശീലനവും തുടങ്ങി. ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. ദിവസവും 10 മണിക്കൂറോളം പഠനത്തിനായി മാറ്റിവെച്ചു. പറയുന്നത് പോലെ എളുപ്പമല്ലായിരുന്നു അത്. പഠിക്കാൻ ജോണിന് വലിയ ഇഷ്ടമായിരുന്നു.എത്രനേരം വേണമെങ്കിലും മടുപ്പില്ലാതെ ഇരിക്കാനും തയാർ. നന്നായി സ്കോർ ചെയ്യുക മാത്രമായിരുന്നു ഏക ലക്ഷ്യം.
വല്ലാതെ മടുക്കുമ്പോൾ ഇടക്ക് ഒരു മണിക്കൂർ നേരം കളിക്കും. കായിക വിനോദങ്ങൾക്കാണ് ഈ സമയം വിനിയോഗിച്ചത്. രണ്ടുവർഷവും മൊബൈൽ ഫോൺ ഉപയോഗിച്ചില്ല. അത്യാവശ്യത്തിന് ഉപയോഗിക്കാനായി കീപാഡ് മാത്രമുള്ള ഫോൺ കൈയിൽ വെച്ചു. ആഴ്ചയിൽ രണ്ടുദിവസം മാത്രം ഈ ഫോണിൽ വീട്ടുകാരെ വിളിക്കും.
കണക്കാണ് ജോണിന്റെ ഇഷ്ടപ്പെട്ട വിഷയം. ആദ്യമൊക്കെ ഫിസിക്സ് അൽപം ബുദ്ധിമുട്ടായിരുന്നു. പിന്നീട് അതിന് കൂടുതൽ സമയം കൊടുത്തു പഠിച്ചു. മുൻവർഷ ചോദ്യപേപ്പറുകളും നന്നായി വിലയിരുത്തി പഠിച്ചു.
ഇന്റഗ്രേറ്റഡ് ബാച്ച് ആയാണ് കീമിന് തയാറെടുത്തത്. കീമിന് വേണ്ടി പ്രത്യേകം ടൈംടേബിൾ തന്നെയുണ്ടായിരുന്നു. സ്കൂൾ ഉള്ള ദിവസങ്ങളിൽ അഞ്ച് മണിക്കൂർ പഠിച്ചു. അല്ലാത്ത സമയങ്ങളിൽ 10 മണിക്കൂർ പഠനത്തിനായി മാറ്റിവെച്ചു.
തിയറി നന്നായി പഠിക്കണം എന്നാണ് കീമിന് തയാറെടുക്കുന്നവരോട് ജോണിന് പറയാനുള്ളത്. പഠനത്തിന് ടൈംടേബിൾ ഉണ്ടാക്കുന്നത് ഗുണം ചെയ്യുമെന്നും സിലബസ് മുഴുവൻ കവർ ചെയ്യാൻ കഴിയുമെന്നും ഈ മിടുക്കൻ പറയുന്നു.
എല്ലാറ്റിനും കുടുംബം പൂർണ പിന്തുണ നൽകി ഒപ്പം നിന്നു. ജോണിന്റെ അച്ഛൻ ഷിനോജ് ജെ. വട്ടക്കുഴി ബി.എസ്.എൽ.എല്ലിൽ അസിസ്റ്റന്റ് ജനറൽ മാനേജറാണ്. അമ്മ അനീറ്റ തോമസ് എൻജിനീയറിങ് കോളജ് അധ്യാപികയും. സഹോദരൻ ടോം ഷിനോജ് എട്ടാം ക്ലാസിൽ പഠിക്കുന്നു. സഹോദരി എമീലിയ മറിയം ഷിനോജ് അഞ്ചാം ക്ലാസ് വിദ്യാർഥിനിയും.