ചെറുപ്പത്തിലെ അച്ഛനെ നഷ്ടമായി, അമ്മ കൂലിപ്പണിയെടുത്ത് പഠിപ്പിച്ചു; മകൾ ആദ്യം ഐ.പി.എസ് നേടി, പിന്നീട് ഐ.എ.എസും
text_fieldsദിവ്യ തൻവാർ
അച്ഛന്റെ മരണശേഷം ആടിയുലഞ്ഞു പോയ ഒരു കുടുംബത്തെ കരകയറ്റിയ അമ്മക്ക് നൽകിയ പ്രതിഫലമാണ് ദിവ്യ തൻവാർ എന്ന പെൺകുട്ടിക്ക് സിവിൽ സർവീസ് പരീക്ഷയിലെ മിന്നും വിജയങ്ങൾ. ആദ്യ ശ്രമത്തിൽ ഐ.പി.എസും രണ്ടാം ശ്രമത്തിൽ ഐ.എ.എസും സ്വന്തമാക്കിയാണ് ദിവ്യ ത്രസിപ്പിക്കുന്ന വിജയങ്ങൾ നേടിയെടുത്തത്.
ഹരിയാനയിലെ നിംബി എന്ന ഗ്രാമത്തിലാണ് ദിവ്യ തൻവാർ ജനിച്ചത്. ദിവ്യക്ക് 11 വയസ് പ്രായമുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. 2011ൽ. അതോടെ കുടുംബം സാമ്പത്തികമായി നല്ല പ്രയാസത്തിലായി. നാലുമക്കളടങ്ങുന്ന കുടുംബം പോറ്റാൻ ദിവ്യയുടെ അമ്മ ബബിത തൻവാർ പാടത്ത് ജോലിക്ക് പോയിത്തുടങ്ങി. പണി കഴിഞ്ഞുവന്ന് വസ്ത്രങ്ങൾ നെയ്തു. ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോയിട്ടും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ബബിത തയാറായില്ല.
സർക്കാർ സ്കൂളിലായിരുന്നു ദിവ്യ തൻവാറിന്റെ പഠനം. പിന്നീട് ജവഹർ നവോദയ വിദ്യാലയത്തിൽ പ്രവേശനം കിട്ടി. നല്ലമാർക്കോടെ സ്കൂൾ പഠനം പൂർത്തിയാക്കിയ ദിവ്യ ബിരുദത്തിന് ചേർന്നു. സയൻസ് ആയിരുന്നു വിഷയം. ബിരുദ പഠനത്തിന് ശേഷമായിരുന്നു ദിവ്യയുടെ യു.പി.എസ്.സി തയാറെടുപ്പ്. യു.പി.എസ്.സിക്ക് തയാറെടുക്കാനായി ഭൂരിഭാഗം ആളുകളും ഡൽഹിയിലെ പ്രശസ്ത കോച്ചിങ് സെന്ററുകളെ ആശ്രയിക്കുകയാണ് പതിവ്. എന്നാൽ ഓൺലൈൻ ക്ലാസിലൂടെ പരീക്ഷക്ക് തയാറെടുക്കാനായിരുന്നു ദിവ്യയുടെ തീരുമാനം. അച്ചടക്കത്തോടെയുള്ള പഠനവും മോക് ടെസ്റ്റുകളും വിജയത്തിലേക്ക് വഴി തുറക്കുമെന്ന് ദിവ്യ ഉറപ്പിച്ചു.
2021ലാണ് ദിവ്യ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ എഴുതിയത്. ആദ്യ തവണ തന്നെ എഴുത്തുപരീക്ഷയിൽ 751 മാർട്ട് ലഭിച്ചു. അഭിമുഖത്തിന് 179 മാർക്കും. ആകെ മാർക്ക് 930. അഖിലേന്ത്യാതലത്തിൽ 438 ആയിരുന്നു റാങ്ക്. ഐ.പി.എസിനാണ് സെലക്ഷൻ ലഭിച്ചത്. 21ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഉദ്യോഗസ്ഥയായി ദിവ്യ മാറി. എങ്കിലും പരീക്ഷ എഴുതുന്നത് നിർത്താൻ തയാറായില്ല.
2022ലും ദിവ്യ യു.പി.എസ്.സി പരീക്ഷ എഴുതി. അത്തവണ 105 ആയിരുന്നു റാങ്ക്. അതോടെ ഐ.എ.എസ് തന്നെ കിട്ടി. ഇപ്പോൾ മണിപ്പൂർ കാഡറിലാണ് ജോലി ചെയ്യുന്നത്.