അച്ഛൻ മരിച്ചപ്പോൾ സഹായിക്കേണ്ടി വരുമെന്ന് കരുതി ബന്ധുക്കൾ അവഗണിച്ചു; ഇപ്പോൾ ആ ടെക്കി യുവതി പ്രതിവർഷം സമ്പാദിക്കുന്നത് 80 ലക്ഷം രൂപ!
text_fieldsപ്രതീകാത്മക ചിത്രം
കർഷക കുടുംബത്തിലെ അംഗമായിരുന്നു ആ പെൺകുട്ടി. ഇപ്പോൾ വലിയൊരു കോർപറേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. അവിസ്മരണീയമായ തന്റെ ജീവിത യാത്രയെ കുറിച്ച് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് ആ പെൺകുട്ടി.
പെൺകുട്ടിയുടെ അച്ഛൻ കർഷകനായിരുന്നു. ബന്ധുക്കളും അയൽക്കാരും ഒക്കെയായി ഈടുറ്റ ബന്ധത്തിൽ അവരങ്ങനെ ജീവിച്ചുവരികയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രോഗം ബാധിച്ച് അച്ഛൻ മരിച്ചതോടെ ആ കുടുംബത്തിന്റെ എല്ലാ കെട്ടുറപ്പുകളും നഷ്ടമായി. അതോടെ ആ കുടുംബം ഒറ്റപ്പെട്ടുപോയി. സാമ്പത്തിക സഹായം ചോദിക്കുമോ എന്ന് ഭയന്ന് അയൽക്കാർ അവരിൽ നിന്ന് അകലം പാലിച്ചു. ബന്ധുക്കളും കണ്ടാൽ മിണ്ടാതായി.
നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൾ. സ്കൂൾ ടോപ്പറായിരുന്നു. പ്ലസ്ടു കഴിഞ്ഞ് കർണാടക കോമൺ എൻട്രൻസ് ടെസ്റ്റിൽ നൂറിനുള്ളിൽ റാങ്ക് നേടിയ അവൾ ബംഗളൂരുവിലെ മികച്ച എൻജിനീയറിങ് കോളജിൽ തുടർ പഠനത്തിന് ചേർന്നു. പഠനം കഴിഞ്ഞയുടൻ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ലഭിച്ചു. ആറു വർഷമായി സോഫ്റ്റ്വെയർ രംഗത്തുണ്ട്. ഇപ്പോൾ 80 ലക്ഷം രൂപയാണ് ആ പെൺകുട്ടിയുടെ വാർഷിക ശമ്പളം. ഒരു കർഷകന്റെ ചെറിയ വരുമാനത്തിൽ ജീവിച്ചിരുന്ന ഒരു കുടുംബത്തിൽ നിന്ന് ഇത്രയും ഉയർന്ന ശമ്പളമുള്ള ഒരു കരിയറിലേക്കുള്ള കുതിപ്പ് അവൾക്ക് ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു. ഈ തൊഴിൽ അവളെ മാത്രമല്ല, കുടുംബത്തെ മുഴുവൻ മാറ്റി. കുടുംബത്തിലെയും ഗ്രാമത്തിലെയും പെൺകുട്ടികൾക്ക് അവൾ അഭിമാനമായി മാറി.
സാമ്പത്തിക ഭദ്രത ഉറപ്പാക്കിയിട്ടും അച്ഛന്റെ മരണമുണ്ടാക്കിയ ശൂന്യത നികത്താൻ സാധിക്കാത്തതായി തുടരുന്നു. ആ കുടുംബത്തിലെ മൂത്ത മകളായിരുന്നു അവൾ. മൂത്തയാളാണെന്ന നിലക്ക് സ്വാഭാവികമായും അച്ഛനുമായി അടുപ്പവും കൂടുതലായിരിക്കും. അച്ഛനുണ്ടായിരുന്നുവെങ്കിൽ തന്റെ നേട്ടങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുമായിരുന്നു എന്ന് ഇടക്കിടെ ഓർക്കും. മറ്റൊരു ലോകത്ത്നിന്ന് സന്തോഷത്തോടെ അദ്ദേഹം ഇതെല്ലാം കാണുന്നുണ്ടാകും എന്ന് ആശ്വസിക്കുകയാണ് ആ പെൺകുട്ടി.
തന്നെ പോലെ കഷ്ടപ്പെടുന്ന ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് കരുതിയാണ് ആ ടെക്കി പെൺകുട്ടി കുറിപ്പ് സമൂഹ മാധ്യമത്തിൽ പോസ്റ്റിയത്. ഇതിനകം തന്നെ നിരവധി ആളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയവരാണ് ഏറ്റവും കൂടുതൽ പ്രതികരിച്ചത്.