മകൻ ജനിച്ച് 13ാം ദിവസം പരീക്ഷ, അവസാന അവസരം മാളവിക കൈവിട്ടില്ല; നേടിയെടുത്തു ഐ.എ.എസ് തിളക്കം
text_fieldsമാളവിക ജി. നായരും ഭർത്താവ് മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഐ.പി.എസ് ട്രെയിനി ഡോ. നന്ദഗോപനും മകൻ ആദിശേഷിനൊപ്പം
മലപ്പുറം: സിവില്‍ സര്‍വിസ് പരീക്ഷയുടെ അവസാന ചാൻസില്‍ 45ാം റാങ്ക് നേടിയ ആഹ്ലാദത്തിലാണ് തിരുവല്ല സ്വദേശി മാളവിക ജി. നായര്‍. 2019-20 വർഷത്തെ ഐ.ആര്.എസ് (ഇന്ത്യൻ റവന്യൂ സർവിസ്) ബാച്ചില്‍ ഡെപ്യൂട്ടി കമീഷണറായി ജോലി ചെയ്യുന്നതിനിടെയാണ് സ്വപ്നസാക്ഷാത്കാരമായി സിവില്‍ സര്‍വിസ് നേട്ടമെത്തിയിരിക്കുന്നത്. മകൻ ആദിശേഷിന് 17 ദിവസം പ്രായമുള്ളപ്പോള്‍ എഴുതിയ പരീക്ഷയില്‍ മികച്ച റാങ്ക് നേടാനായത് സന്തോഷം ഇരട്ടിയാക്കുന്നു. ഐ.പി.എസ് ട്രെയിനിയായ ഡോ. നന്ദഗോപനാണ് ഭര്‍ത്താവ്. പരിശീലനഭാഗമായി നന്ദകുമാര്‍ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒയാണ്.
2019ലാണ് മാളവിക യു.പി.എസ്.സി പരീക്ഷ എഴുതിയത്. 2020 ബാച്ചിലെ ഇന്ത്യന്‍ റവന്യൂ സര്‍വിസ് ഉദ്യോഗസ്ഥയായ ഇവർ കൊച്ചിയില്‍ റവന്യൂ ഡെപ്യൂട്ടി കമീഷണറാണ്. പ്രസവാവധിയിലായതിനാൽ ഭർത്താവ് നന്ദഗോപനൊപ്പം ഇപ്പോൾ മലപ്പുറത്താണ് താമസം.
2023ലും സിവില്‍ സര്‍വിസ് പരീക്ഷ എഴുതുകയും 172 റാങ്ക് നേടുകയും ചെയ്തിരുന്നു. എന്നാല്‍, മികച്ച റാങ്കല്ലാത്തതിനാൽ റവന്യൂ സര്‍വിസില്‍ തുടരേണ്ടിവന്നു. അവസാന അവസരമെന്ന നിലയിലാണ് ഇത്തവണ എഴുതിയതെന്നും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും മാളവിക പറഞ്ഞു. കൈക്കുഞ്ഞുമായി പരീക്ഷക്ക് തയാറെടുക്കുമ്പോള്‍ അച്ഛനും അമ്മയും സഹോദരിയുമുള്പ്പെടെയുള്ളവരുടെ വലിയ പിന്തുണ സഹായകമായി. മകൻ ആദിശേഷിന് നാലു മാസം പ്രായമുള്ളപ്പോഴാണ് ഡല്‍ഹിയില്‍ ഇന്റര്‍വ്യൂ നടന്നത്. ഏറെ പ്രയാസപ്പെട്ടാണ് കൊടുംതണുപ്പില്‍ മകനുമൊത്ത് ഡല്‍ഹിയില്‍ പോയതെന്നും അതിന് ഫലമുണ്ടായതില്‍ സന്തോഷമെന്നും മാളവിക പറയുന്നു.
മെയിന്‍ പരീക്ഷഫലം വന്നശേഷം ഇന്റര്‍വ്യൂവിന് തയാറെടുക്കാന്‍ അധികസമയം ലഭിച്ചിരുന്നില്ല. ഐ.പി.എസ് ട്രെയിനിയായ ഭര്‍ത്താവ് നന്ദഗോപന് ഫോണിലൂടെ മോക് ഇന്റര്‍വ്യൂ നടത്തിയാണ് പരിശീലനം തന്നതെന്നും മാളവിക ഓർക്കുന്നു. ചെങ്ങന്നൂര്‍ ഗോവിന്ദ നിവാസിൽ കെ.ജി. അജിത്ത് കുമാറാണ് (റിട്ട. കേരള ഫിനാൻസ് കോര്പറേഷന് എ.ജി.എം) പിതാവ്. മാതാവ്: ഡോ. ഗീത ലക്ഷ്മി. (ചെങ്ങന്നൂര്‍ ജില്ല ആശുപത്രി ഗൈനക്കോളജിസ്റ്റ്). സഹോദരി മൈത്രേയി മെഡിസിന് പി.ജി വിദ്യാർഥിനിയാണ്.