ജെ.ഇ.ഇ പരീക്ഷയിൽ ആറാംറാങ്ക്, ഡൽഹി ഐ.ഐ.ടിയിൽ ബി.ടെക് പഠനം, 21ാം വയസിൽ സിവിൽ സർവീസ്; ഒടുവിൽ സംഗീതത്തിനായി എല്ലാം ഉപേക്ഷിച്ച് ഈ ക്ലാസിക്കൽ സിംഗർ
text_fieldsസിവിൽ സർവീസ് പരീക്ഷയിലെ വിജയം ജീവിതത്തിലെ വലിയ നേട്ടമായാണ് കണക്കാക്കുന്നത്. 21ാം വയസിലാണ് കാശിഷ് മിത്തൽ സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി ഐ.എ.എസുകാരനാകുന്നത്. ജെ.ഇ.ഇ പരീക്ഷയിൽ പയറ്റിത്തെളിഞ്ഞ് ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ബി.ടെക് ബിരുദവും നേടിയ ശേഷമാണ് കാശിഷ് സിവിൽ സർവീസിന് ശ്രമിച്ചത്. ജെ.ഇ.ഇയിൽ ആറാം റാങ്കായിരുന്നു. ഇന്ത്യയിലെ ഏറ്റവും വിഷമം പിടിച്ച പരീക്ഷകളാണ് ഇവ രണ്ടും. 2019ൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സർവീസിൽ നിന്ന് വിരമിക്കുകയാണെന്ന് കാശിഷ് പ്രഖ്യാപിച്ചു. ഒമ്പതു വർഷത്തെ ബ്യൂറോക്രാറ്റിക് കരിയറിന് അതോടെ വിരാമം കുറിച്ചത്.
കാശിഷ് സിവിൽ സർവീസ് വിടാനുള്ള കാരണമാണ് പലരെയും അമ്പരപ്പിച്ചത്. ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള അദമ്യമായ പ്രണയമായിരുന്നു അതിനു പിന്നിൽ. പിന്നീടുള്ള ജീവിതം സംഗീതത്തിനായി മാറ്റിവെക്കാനാണ് കാശിഷ് ഇഷ്ടപ്പെട്ടത്. ഹിന്ദുസ്ഥാനിയിൽ ഖയാലുമായി ബന്ധമുള്ള ആഗ്ര ഘരാനയായിരുന്നു കാശിഷിന് ഏറെ ഇഷ്ടം. ഇപ്പോൾ ഡൽഹിയിലെ പല വേദികളിലും ആഗ്ര ഘരാന അവതരിപ്പിക്കുന്ന കാശിഷിനെ കാണാം.
ജലന്ധറിൽ ഐ.പി.എസ് ഓഫിസറായ ജഗദീഷ് കുമാറിന്റെയും സംഗീത മിത്തലിന്റെയും മകനായി 1989ലാണ് കാശിഷ് ജനിച്ചത്. സംഗീതം കാശിഷിന്റെ ജീനിൽ അലിഞ്ഞുചേർന്നതാണ്. എട്ടാംവയസിൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ മ്യൂസിക്കിൽ പരിശീലനം നേടി. 11 വയസായപ്പോഴേക്കും പഞ്ചാബിലെ വിഖ്യാതമായ ഹർവല്ലഭ് സംഗീത സമ്മേളനത്തിൽ കച്ചേരി അവതരിപ്പിക്കാൻ തുടങ്ങി.
സിവിൽ സർവീസിനെ കുറിച്ച് ആലോചിക്കുന്നതിനെ മുമ്പേ തുടങ്ങിയതാണ് സംഗീതവുമായുള്ള ആത്മബന്ധമെന്ന് കാശിഷ് പറയുന്നു. സ്കൂൾ പഠനകാലത്തും ഐ.ഐ.ടിയിലെ തിരക്കിട്ട ജീവിതകാലത്തും സംഗീതത്തെ ഉപേക്ഷിച്ചില്ല.
പണ്ഡിറ്റ് യശ്പാലിന്റെ ശിഷ്യത്വം സ്വീകരിച്ചതോടെയാണ് സംഗീതത്തിൽ ആഴത്തിലുള്ള അറിവ് നേടണമെന്ന ആഗ്രഹം ശക്തമായത്. ഇപ്പോൾ ആകാശവാണിയുടെയും ദൂരദർശന്റെയും എ ഗ്രേഡ് ആർട്ടിസ്റ്റാണ്. ഇന്ത്യയിലുടനീളമുള്ള ഒട്ടനവധി സംഗീത മേളകളിൽ കാശിഷ് പാടിയിട്ടുണ്ട്.
സിവിൽ സർവീസ് ആയിരുന്നു ആദ്യം തന്നെ കാശിഷിന്റെ ലക്ഷ്യം. പിതാവ് ഐ.പി.എഫ് ഓഫിസറായിരുന്നല്ലോ. അതു തന്നെയായിരുന്നു പ്രചോദനവും. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് യു.പി.എസ്.സി സിവിൽ സർവീസിന് ശ്രമിക്കുന്നത്.അങ്ങനെ ആദ്യശ്രമത്തിൽ അതും 21ാം വയസിൽ കാശിഷ് ഐ.എ.എസ് നേടിയെടുത്തു.
ചണ്ഡീഗഢ് അഡീഷനൽ ഡെപ്യൂട്ടി കമ്മീഷണർ, അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഡെപ്യൂട്ടി കമീഷണർ, നീതി ആയോഗ് അഡീഷനൽ പ്രിൻസിപ്പൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചതിന് ശേഷമായിരുന്നു പടിയിറക്കം. അപ്പോഴും സംഗീതത്തെ കൂടെ കൂട്ടിയിരുന്നു. സംഗീതത്തെയും അക്കാദമിക ജീവിതത്തെയും ബാലൻസ് ചെയ്ത് കൊണ്ടുപോകാനും ശ്രമിച്ചു. എന്നാൽ ശാസ്ത്രീയ സംഗീതം സ്വായത്തമാക്കാൻ സമ്പൂർണ സമർപ്പണം അനിവാര്യമാണെന്ന് കാശിഷ് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ആരും കൊതിക്കുന്ന കരിയർ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത്. 2019ൽ അരുണാചൽ പ്രദേശിലേക്ക് സ്ഥലംമാറ്റത്തിന് ഉത്തരവിറങ്ങിയപ്പോഴേക്കും ജീവിതം സംഗീതത്തിനായി മാറ്റിവെക്കാൻ കാശിഷ് തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. 'സംഗീതം പോലുള്ള കലകൾ ശാശ്വതമായ ഒരു യാത്രയാണ്. നമ്മൾ അതിന് അർഹിക്കുന്ന പരിഗണന നൽകണം'-കാശിഷ് പറയുന്നു. രാജ്യത്തെ വേദികളിൽ മാത്രമല്ല, സമൂഹ മാധ്യമങ്ങളിലും കാശിഷ് പാടാറുണ്ട്. അടുത്തിടെ ഉസ്താദ് നുസ്റത്ത് ഫത്തേഹ് അലിഖാന്റെ ഉൻകെ അന്ദാസ് ഇ കരം എന്ന ഗാനം പാടാൻ ശ്രമിക്കുന്ന വിഡിയോ കാശിഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മൂന്നുലക്ഷത്തിലേറെ ആളുകളാണ് ആ വിഡിയോ കണ്ടത്.
താങ്കൾ തീർച്ചയായും ഒരു രത്നമാണ് എന്നാണ് ഒരാൾ ആ വിഡിയോക്ക് താഴെ കുറിച്ചത്. ഐ.ഐ.ടി ബിരുദധാരിയും ഐ.എ.എസുകാരനായിട്ടുപോലും സ്വന്തം പാഷന്റെ വഴിനടക്കാൻ കാണിച്ച ധീരതക്ക് സല്യൂട്ട് എന്നാണ് മറ്റൊരാൾ കുറിച്ചത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ അവഗാഹത്തിന് പഞ്ചാബ് സർക്കാർ കലക്കും സംസ്കാരത്തിനും നൽകുന്ന പുരസ്കാരത്തിനും ഡൽഹി ഐ.ഐ.ടി നൽകുന്ന സരസ്വതി സമ്മാൻ, നാദ് ശ്രീ സമ്മാൻ എന്നീ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. അതുകൂടാതെ നിരവധി ദേശീയ സ്കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും കരസ്ഥമാക്കിയിട്ടുമുണ്ട്.