യു.പി.എസ്.സിക്ക് തയാറെടുക്കുന്നതിനിടെ അമ്മ അപകടത്തിൽ മരിച്ചു; തളർന്നു പിൻമാറരുതെന്ന അച്ഛന്റെ വാക്കുകളുടെ കരുത്തിൽ പഠിച്ച് അങ്കിത ഐ.എ.എസുകാരിയായി
text_fieldsഅങ്കിത ചൗധരി ഐ.എ.എസ്
യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്ക് നേടുന്ന മിടുക്കരുടെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതായിരിക്കും. രണ്ടാം ശ്രമത്തിൽ മികച്ച റാങ്കിന്റെ പിൻബലത്തിൽ ഐ.എ.എസ് നേടിയ അങ്കിത ചൗധരിയെ കുറിച്ചാണ് പറയാൻ പോകുന്നത്.
ഹരിയാനയിലെ രോഹ്തക് സ്വദേശിയാണ് അങ്കിത ചൗധരി. ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. അങ്കിതയുടെ പിതാവ് സത്യവാൻ പഞ്ചസാര മില്ലിലെ അക്കൗണ്ടന്റായിരുന്നു. അമ്മക്ക് ജോലിയൊന്നുമുണ്ടായിരുന്നില്ല. മക്കൾ നന്നായി പഠിച്ച് ജോലി നേടിയെടുക്കണമെന്ന് പിതാവ് എപ്പോഴും പറയുമായിരുന്നു. ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണാൻ അങ്കിതയെ പ്രേരിപ്പിച്ചതും അദ്ദേഹമായിരുന്നു.
രോഹ്തകിലെ ഇൻഡസ് പബ്ലിക് സ്കൂളിലായിരുന്നു അങ്കിതയുടെ പഠനം. സ്കൂൾ പഠന ശേഷം ഡൽഹി യൂനിവേഴ്സിറ്റിക്കു കീഴിലെ ഹിന്ദു കോളജിൽനിന്ന് കെമിസ്ട്രിയിൽ ബിരുദം നേടി. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. പി.ജിക്ക് പഠിക്കുമ്പോഴാണ് സിവിൽ സർവീസ് പരീക്ഷയെ അങ്കിത ഗൗരവമായി കാണുന്നത്. പഠനത്തിനൊപ്പം പരീക്ഷയെഴുതാതെ പി.ജി പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസിന് ശ്രമിക്കാം എന്നാണ് അങ്കിത തീരുമാനിച്ചത്.
യു.പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്ന വേളയിലാണ് അങ്കിതയുടെ അമ്മയുടെ പെട്ടെന്നുണ്ടായ മരണം. റോഡപകടത്തിലാണ് അമ്മ മരിച്ചത്. താങ്ങുംതണലുമായിരുന്ന അമ്മയുടെ മരണം അങ്കിതയെ വൈകാരികമായി വല്ലാതെ തളർത്തി. പരീക്ഷയെ ചങ്കൂറ്റത്തോടെ നേരിടാൻ പിതാവ് പ്രോത്സാഹനം നൽകി. സിവിൽ സർവീസ് നേടിയാൽ അത് അമ്മക്കുള്ള ബഹുമതിയാകുമെന്നും ഓർമപ്പെടുത്തി. തളർന്ന് പിൻമാറിയാൽ ജീവിതത്തിലെ വലിയൊരു സ്വപ്നം നേടാൻ കഴിയാതെ പോകുമെന്നും പറഞ്ഞു.
അച്ഛന്റെ വാക്കുകൾ ശരിവെച്ച അങ്കിത പഠിക്കാനായി വീണ്ടും പുസ്തകങ്ങൾ കൈയിലെടുത്തു. എന്നാൽ ആദ്യശ്രമത്തിൽ ദയനീയമായി പരാജയപ്പെട്ടു. അപ്പോഴും മകൾ തളർന്നു പോകാതിരിക്കാൻ അച്ഛൻ ശ്രദ്ധിച്ചു. വിജയം നേടുന്നത് വരെ ശ്രമിക്കണമെന്ന് നിരന്തരം സമ്മർദം ചെലുത്തി. അങ്ങനെ തെറ്റുകൾ തിരുത്തി പഠിച്ച് ഒരിക്കൽ കൂടി പരീക്ഷയെഴുതിയപ്പോൾ അങ്കിതക്ക് അഖിലേന്ത്യ തലത്തിൽ 14ാം റാങ്ക് ലഭിച്ചു. 2018ലായിരുന്നു അത്.
ഇപ്പോൾ ഗുരുഗ്രാം മുനിസിപ്പൽ കോർപറേഷൻ അഡീഷനൽ കമീഷണറാണ് അങ്കിത. സോണപത് അഡീഷനൽ ഡെപ്യൂട്ടി കമീഷണറായും സേവനമനുഷ്ഠിച്ചിരുന്നു.