അച്ഛനെ പോലെ നടനായില്ല; നന്നായി പഠിച്ച് പല ജോലികൾ ചെയ്ത് ഒടുവിൽ കലക്ടറായി മകൻ
text_fieldsഡോക്ടറുടെ മകൻ ഡോക്ടറായിരിക്കും, എൻജിനീയറുടെ മകൻ എൻജിനീയറും. അതുപോലെ പൊലീസുകാരന്റെ മകൻ ഐ.പി.എസ് ഓഫിസറുമായേക്കും. രാഷ്ട്രീയക്കാരന്റെ മക്കൾ പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലെത്തുന്നതും സ്വാഭാവികം. സാധാരണ നാട്ടിൽ നടക്കുന്ന കാര്യങ്ങളാണത്. പിതാവിന്റെ പാതയിൽ നടക്കാതെ മറ്റൊരു വഴി തെരഞ്ഞെടുത്ത ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്.
തമിഴ് താരം ചിന്നി ജയന്തിന്റെ(കൃഷ്ണമൂർത്തി നാരായണൻ) മകൻ സ്രുതൻ ജയ് നാരായണനെ കുറിച്ച്. തമിഴിലെ പ്രധാന നടൻമാരിലൊരാളാണ് ചിന്നി ജയന്ത്.സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും അദ്ദേഹം തിളങ്ങി. തമിഴിൽ മാത്രമല്ല, തെലുങ്ക് സിനിമകളിലും വേഷമിട്ടു. രജനീകാന്തിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം. എന്നാൽ മകൻ അച്ഛനെ പോലെ നടനാകാൻ ആഗ്രഹിച്ചില്ല. പകരം പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു മനസിൽ.
2015ലാണ് ജിയോഗ്രാഫിക് ഇൻഫർമേഷൻ സയൻസ് ആൻഡ് കാർട്ടോഗ്രാഫിയിൽ സ്രുതൻ ബിരുദം നേടിയത്. അതിനു ശേഷം മാസ്റ്റേഴ്സിനായി അശോക യൂനിവേഴ്സിറ്റിയിൽ ചേർന്നു. ലിബറൽ ആർട്സ് ആൻഡ് സയൻസ്/ലിബറൽ സ്റ്റഡീസ് ആയിരുന്നു വിഷയം.
മാർക്കറ്റിങ് ഇന്റേൺ ആയും നാസ്കോം ഫൗണ്ടേഷനിൽ പ്രോജക്ട് മാനേജറായും കരിയർ തുടങ്ങി. 2018ലാണ് സ്രുതൻ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷക്ക് ശ്രമം തുടങ്ങിയത്. ആദ്യ ശ്രമത്തിൽ തന്നെ പരാജയപ്പെട്ടു. 2019ൽ വീണ്ടും ശ്രമിച്ചു. എന്നാൽ വലിയ കാര്യമൊന്നുമുണ്ടായില്ല. 2020ൽ മൂന്നാമത്തെ ശ്രമത്തിൽ അഖിലേന്ത്യതലത്തിൽ 75ാം റാങ്ക് നേടിയെടുക്കാൻ സ്രുതന് കഴിഞ്ഞു. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ അഡീഷനൽ കലക്ടർ ആയാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.