ഐ.ഐ.ടി, നീറ്റ് പരീക്ഷകളിൽ അടിക്കടി പരാജയം; ഒടുവിൽ ഉന്നത സർവകലാശാലകളിൽ പഠിച്ച് ജീവിതം സെറ്റിലാക്കി ഹൃദിക് ഹൽദാർ
text_fieldsവിജയിക്കണമെന്ന് ഉറച്ചുതീരുമാനിച്ചാൽ എണ്ണമറ്റ പരാജയങ്ങൾ നേരിട്ടാലും ഒരിക്കലും പിൻമാറാൻ കഴിയില്ല. ഹൃദിക് ഹൽദാറിന്റെ വിജയവും അടിവരയിടുന്നത് അതാണ്. ഒരിക്കലും മികച്ച വിദ്യാർഥി ആയിരുന്നില്ല ഹൃദിക്. ബംഗാളി മീഡിയം സ്കൂളിലായിരുന്നു പഠനം. ആദ്യമൊന്നും പഠനത്തിൽ വലിയ താൽപര്യമില്ലായിരുന്നു. സ്കൂളിൽ പോകാനും മടി കാണിച്ചു. അതിനൊരു കാരണമുണ്ടായിരുന്നു. ക്ലാസിൽ അധ്യാപകർ പഠിപ്പിക്കുന്നതൊന്നും ഹൃദിക്കിന് ഓർത്തുവെക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ 10ാം ക്ലാസിലെത്തിയപ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞു. മനപ്പാഠം പഠിക്കുന്നത് നിർത്തിയ ഹൃദിക് പാഠഭാഗങ്ങൾ മനസിലാക്കി പഠിച്ചുതുടങ്ങി. ക്രമേണ അവന് കാര്യങ്ങളെല്ലാം മനസിലായിത്തുടങ്ങി. പഠനത്തിൽ നല്ല പുരോഗതിയുമുണ്ടായി.
10ാം ക്ലാസിൽ 93.4 ശതമാനം മാർക്ക് വാങ്ങി വിജയിച്ചതോടെ ആത്മവിശ്വാസവും വർധിച്ചു. അതിനു ശേഷം പ്ലസ്ടുവിന് ചേർന്നു. വൈകാതെ ജെ.ഇ.ഇ, ജെ.ഇ.ഇ അഡ്വാൻസ്ഡ്, നീറ്റ്, കെ.വി.പി.വൈ പരീക്ഷകൾ എഴുതി. എന്നാൽ എല്ലാറ്റിലും പരാജയമായിരുന്നു ഫലം. എന്നാൽ പിൻമാറാൻ ഹൃദിക് ഒരുക്കമായിരുന്നില്ല.
ബേലൂരിലെ രാമകൃഷ്ണ മിഷൻ സ്കൂളിൽ പഠിക്കാൻ അവസരം ലഭിച്ചത് ഹൃദിക്കിന്റെ ജീവിതത്തിൽ വഴിത്തിരിവായി. അവിടത്തെ പഠനാന്തരീക്ഷം വളരെയധികം പ്രചോദനം നൽകി. മികച്ച ലൈബ്രറിയായിരുന്നു സ്കൂളിലേത്. വിഷയങ്ങൾ കൂടുതൽ ആഴത്തിൽ ഗ്രഹിക്കാൻ ഹൃദിക് ലൈബ്രറിയെ ആശ്രയിച്ചു. പ്രത്യേകിച്ച് കെമിസ്ട്രി പഠിക്കുമ്പോൾ. ഒരിക്കൽ കൂടി കെ.വൈ.പി.വൈ എസ്.ബി പരീക്ഷ എഴുതിയപ്പോഴും പരാജയപ്പെട്ടു. അതേസമയം, പുനെ ഐസറിൽ പ്രവേശനം നേടാനുള്ള പരീക്ഷയിൽ എസ്.സി വിഭാഗത്തിൽ 10ാം റാങ്ക് ലഭിച്ചത് നേട്ടമായി.
ഐസറിൽ ഹൃദിക്കിനെ കാത്തിരുന്നത് തീർത്തും വ്യത്യസ്തമായ സാഹചര്യമായിരുന്നു. വിമർശനാത്മക ചിന്ത,ഗവേഷണം, ആശയ നിർമാണം എന്നീ കഴിവുകൾ ഹൃദിക് വളർത്തിയെടുത്തു. പരീക്ഷകളിൽ 9.1 ജി.പി.എ നിലനിർത്തി. ഈ മിടുക്കന്റെ നിതാന്ത പരിശ്രമവും കഠിനാധ്വാനവും പുതിയ വാതിലുകൾ തുറന്നുകിട്ടാൻ വഴിയൊരുക്കി. ലോകത്തിലെ വിഖ്യാത യൂനിവേഴ്സിറ്റികളിൽ ഒന്നായ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിൽ പഠിക്കാനും ഹൃദിക്കിന് അവസരം കിട്ടി.
പരാജയം ഒന്നിന്റെയും അവസാനമല്ലെന്നാണ് ഹൃദിക്ക് നമ്മെ പഠിപ്പിക്കുന്നത്. ഉറച്ച തീരുമാനവും ക്ഷണയും സ്വയം പഠിക്കാനുള്ള കഴിവും ഉണ്ടെങ്കിൽ ഏത് വെല്ലുവിളികൾ അതിജീവിച്ച് ആർക്കും സ്വപ്നങ്ങൾ കൈപ്പിടിയിലാക്കാമെന്ന് ഹൃദിക് പറയുന്നു.