ടൈംടേബിൾ ഉണ്ടാക്കി പഠിച്ചില്ല; ദിവസവും നാലുമണിക്കൂർ മാത്രം മാറ്റി വെച്ച് നീറ്റിൽ മുഴുവൻ മാർക്കും ജെ.ഇ.ഇയിൽ 99.9 ശതമാനം സ്കോറും നേടിയ മിടുക്കന്റെ കഥ
text_fieldsനീറ്റിനും ജെ.ഇ.ഇക്കും ഒരുമിച്ച് തയാറെടുക്കുന്നവർ വിരളമായിരിക്കും. എഴുതിയാൽ തന്നെ രണ്ടിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ രണ്ടു പരീക്ഷകളും പുഷ്പം പോലെ കൈകാര്യം ചെയ്ത ഒരു മിടുമിടുക്കനുണ്ട്. ഒരു മത്സര പരീക്ഷ തന്നെ വിജയിക്കാൻ പാടുപെടുന്നവർ ഈ മിടുക്കനെ ജീനിയസ് എന്നാണ് വിളിക്കുക. നീറ്റ് പരീക്ഷയിൽ 720ൽ 720 മാർക്ക് നേടി ഒന്നാമനായാണ് ഹൈദരാബാദ് സ്വദേശിയായ മൃണാൽ കുട്ടേരി വിജയിച്ചത്. മൃണാലിന്റെ മാതാപിതാക്കളുടെ വേരുകൾ കേരളത്തിലാണ്. വീട്ടിൽ മാതാപിതാക്കളെ കൂടാതെ ഇളയ സഹോദരനുണ്ട്. മുത്തശ്ശിയും മുത്തശ്ശനുമുണ്ട്.
കുട്ടിക്കാലം മുതലേ മൃണാലിന് ബയോളജിയും കെമിസ്ട്രിയും വലിയ ഇഷ്ടമായിരുന്നു. ഹൈസ്കൂൾ ക്ലാസുകളിലെത്തിയപ്പോഴേക്കും ആ ഇഷ്ടം കൂടുതൽ ദൃഢമായി.
എല്ലാ ക്ലാസുകളിലും മിടുക്കനായിരുന്നു മൃണാൽ. ഒളിമ്പ്യാഡ്സ്, സ്പെല്ലിങ് ബീ തുടങ്ങിയ മത്സര പരീക്ഷകളിലും സജീവമായി പങ്കെടുക്കും. ഐ.സി.എസ്.ഇ ബോർഡിന്റെ 10ാം ക്ലാസ് പരീക്ഷയിൽ 98.16 ശതമാനം മാർക്ക് നേടിയാണ് വിജയിച്ചത്. 12ാം ക്ലാസിൽ 88.6 ആയിരുന്നു വിജയ ശതമാനം.
11, 12 ക്ലാസുകളിലെത്തിയപ്പോൾ മൃണാൽ നീറ്റിന് തയാറെടുക്കാൻ തുടങ്ങി. പ്രത്യേകിച്ച് തയാറെടുപ്പൊന്നുമില്ലാതെ അവൻ അത്തവണത്തെ ജെ.ഇ.ഇ പരീക്ഷയും എഴുതി. അങ്ങനെ 2021 ലെ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതിന് പുറതെ, ജെ.ഇ.ഇ പരീക്ഷയിൽ 99.99 ശതമാനം സ്കോറും സ്വന്തമാക്കി.
ആർമി ഡോക്ടറാകാനായിരുന്നു ആദ്യം ഈ മിടുക്കന് ഇഷ്ടം. കോവിഡ് കാലത്തെ ഡോക്ടർമാരുടെ സേവനം കണ്ടപ്പോൾ നാട്ടിൽ തന്നെ ഡോക്ടറായാൽ മതിയെന്നായി. ലോക്ഡൗൺ കാലത്തെ പഠനം പലർക്കും ബാലികേറാമലയായിരുന്നു. എന്നാൽ മൃണാലിന് ഓൺലൈൻ വഴിയുള്ള പഠിത്തം ബോറടിച്ചതേയില്ല. ലോക്ഡൗൺ ആയതോടെ ലഭിച്ച അധിക സമയം അവൻ ആസ്വദിക്കാൻ തുടങ്ങി.
മികച്ച റാങ്ക് നേടുന്ന മിക്ക കുട്ടികളെയും പോലെ മൃണാൽ കുത്തിയിരുന്ന് പഠിക്കുന്ന കുട്ടിയായിരുന്നില്ല. കൃത്യമായ ടൈംടേബിൾ പിന്തുടർന്ന് പഠിക്കുന്നതിന് പകരം, തനിക്ക് ബുദ്ധിമുട്ട് തോന്നുന്ന വിഷയങ്ങൾക്ക് കുറെ കൂടി സമയം മാറ്റിവെച്ചു. വിശാലമായ ടൈംടേബിളിനേക്കാൾ തന്നെ സംബന്ധിച്ച് കൂടുതൽ ഫലപ്രദവും അതാണെന്ന് മൃണാൽ പറയുന്നു. ഓരോ ദിവസവും എന്താണെന്ന് പഠിക്കേണ്ടതെന്ന് കൃത്യമായ ബോധമുണ്ടായിരുന്നത് കൊണ്ടാണ് മൃണാലിന് ടൈംടേബിളിന്റെ ആവശ്യം ഇല്ലാതെ പോയത്. എന്നാൽ ചില ദിവസങ്ങളിൽ ഉദ്ദേശിച്ചതു പോലെ പഠിക്കാൻ പറ്റിയിരുന്നില്ല. അതിൽ നിരാശനായി ഇരിക്കാതെ അടുത്ത ദിവസം കവർ ചെയ്യാം എന്ന് കരുതി മുന്നോട്ടു പോയി. ചില ദിവസങ്ങളിൽ നന്നായി പഠിക്കാൻ പറ്റും. എന്നാൽ മറ്റു ചില ദിവസങ്ങളിൽ അങ്ങനെ കഴിയണമെന്നില്ല. എന്നാലും എല്ലാ ദിവസവും നാലു മണിക്കൂർ പഠനത്തിനായി മാറ്റിവെക്കാൻ മൃണാൽ ശ്രമിച്ചു. അതും റഗുലർ ക്ലാസിനൊപ്പം തന്നെ.
മടുപ്പ് തോന്നുമ്പോൾ നെറ്റ്ഫ്ലിക്സിലെയും പ്രൈമിലെയും കോമഡി ഷോകൾ കണ്ടു. സംഗീതത്തിന് മൃണാൽ വലിയ പ്രാധാന്യം നൽകി. ടെയ്‍ലർ സ്വിഫ്റ്റിന്റെയും ലിങ്കിൻ പാർക്കിന്റെയും പാട്ടുകൾ കേട്ടു. പഠന സമയങ്ങളിൽ കൂടുതൽ ഊർജസ്വലനായിരിക്കാൻ ഈ പാട്ടുകൾ ഏറെ സഹായിച്ചു. ഇപ്പോൾ ഡൽഹി എയിംസിൽ പഠിക്കുകയാണ് മൃണാൽ.