യു.പി.എസ്.സി പരീക്ഷ വിജയിച്ച ഒരേയൊരു ക്രിക്കറ്റർ, സച്ചിനും ദ്രാവിഡിനും ഗാംഗുലിക്കുമൊപ്പം കളിച്ച താരം; ആരാണത്?
text_fieldsഅമയ് ഖുറാസിയ
യു.പി.എസ്.സി പരീക്ഷ പാസായ ഒരേയൊരു അന്താരാഷ്ട്ര ക്രിക്കറ്റ് താരം. അതാരാണെന്നാണ് ചോദ്യം. സച്ചിൻ ടെൻഡുൽക്കർക്കും രാഹുൽ ദ്രാവിഡിനും സൗരവ് ഗാംഗുലിക്കുമൊപ്പം കളിച്ച ഇപ്പോൾ ക്രിക്കറ്റ് പരിശീലകനായ ആ ക്രിക്കറ്ററുടെ പേര് അമയ് ഖുറാസിയ എന്നാണ്.
നീല ജഴ്സിയണിഞ്ഞ് ക്രീസിലെ കൊടുങ്കാറ്റാകാൻ കൊതിക്കുന്നവർ ഒരുപാടുണ്ട്. അതുപോലെ യു.പി.എസ്.സി പരീക്ഷക്കായി തയാറെടുക്കുന്ന ലക്ഷക്കണക്കിന് പേരും. ആരും കൊതിക്കുന്ന രണ്ട് കരിയറുകളും സ്വന്തമാക്കിയ വ്യക്തിയാണ് ഖുറാസിയ. ആ കഥയിങ്ങനെയാണ്.
1972 ൽ മധ്യപ്രദേശിലാണ് ഖുറാസിയ ജനിച്ചത്. മൈതാനങ്ങളിൽ ക്രിക്കറ്റ് ബാറ്റ് കൊണ്ട് പന്ത് തട്ടിക്കളിച്ചു നടന്നിരുന്ന ബാല്യകാലത്ത് ഇന്ത്യൻ ജഴ്സിയണിയുന്നതായിരുന്നു സ്വപ്നം. 17ാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഗംഭീരമായ അരങ്ങേറ്റം തന്നെ നടത്തി ഖുറാസിയ. 1999ലെ പെപ്സി കപ്പ് മത്സരത്തിൽ ശ്രീലങ്കക്കെതിരെയായിരുന്നു അരങ്ങേറ്റം. ആ മത്സരത്തിൽ അതിവേഗം 57 റൺസടിച്ച് താരമായി മാറി. 45 പന്തിൽ നിന്നാണ് ഖുറാസിയ 57 റൺസ് അടിച്ചുകൂട്ടിയത്. സിക്സർ വീരൻ എന്ന ടാഗ് ലൈനും കിട്ടി. ആ പ്രകടനത്തിൽ 1999ലെ ലോകകപ്പ് ടീമിൽ അവസരം കിട്ടി. എന്നാൽ ബാറ്റേന്താനുള്ള ഈ ഇടംകൈയൻ താരത്തിന് ഭാഗ്യം ലഭിച്ചില്ല.
അന്താരാഷ്ട്ര ക്രിക്കറ്റർ എന്ന നിലയിൽ വളരെ ചെറുതാണ് ഖുറാസിയയുടെ കരിയർ. ആകെ 12 ഏകദിനങ്ങളാണ് അദ്ദേഹം കളിച്ചത്. പിന്നീട് നടന്ന ഒരു കളിയിലും ഒരു അർധ സെഞ്ച്വറി പോലും തികക്കാൻ സാധിച്ചില്ല. അതോടെ സെലക്ടർമാരും കൈവിട്ടു.
2006 വരെ മധ്യപ്രദേശിനായി ആഭ്യന്തര മത്സരങ്ങളിൽ ബാറ്റേന്തിയ ഖുറാസിയ പിറ്റേ വർഷം മുതൽ പരിശീലന രംഗത്തേക്ക് കളംമാറി. കഴിഞ്ഞ സെപ്റ്റംബറിൽ അദ്ദേഹത്തെ കേരള ടീമിന്റെ പരിശീലകനായി നിയമിച്ചതോടെ വീണ്ടും വാർത്തകളിൽ നിറഞ്ഞു. സച്ചിനും ദ്രാവിഡിനും ഗാംഗുലിക്കുമൊപ്പം കളിക്കാൻ അവസരം കിട്ടിയതിനെ കുറിച്ച് അഭിമാനത്തോടെ പറയുമായിരുന്നു ഖുറാസിയ.
പഠിക്കാനും മിടുക്കനായിരുന്നു ഖുറാസിയ. ക്രിക്കറ്റ് താരമാകാൻ കൊതിച്ചതുപോലെ യു.പി.എസ്.സി പരീക്ഷക്കും ഖുറാസിയ തയാറെടുത്തിരുന്നു.
ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ തന്നെ അദ്ദേഹം യു.പി.എസ്.സി പരീക്ഷയിൽ മികച്ച വിജയവും നേടി. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഡിപാർട്മെന്റിലായിരുന്നു സേവനം.
ഔദ്യോഗിക തിരക്കുകൾക്കിടയിലും ക്രിക്കറ്റിനെ കൈവിടാൻ ഖുറാസിയ തയാറായില്ല. തന്റെ ജീവിതം ക്രിക്കറ്റിലെ അടുത്ത തലമുറയെ വാർത്തെടുക്കാനായി മാറ്റി വെച്ചിരിക്കുകയാണ് ഖുറാസിയ. വലിയ സ്വപ്നങ്ങൾ കാണുന്നവർക്ക് പ്രചോദനമാണ് ഖുറാസിയയുടെ പ്രഫഷനൽ ജീവിതം. ക്രിക്കറ്റിനെ നെഞ്ചോട് ചേർത്തുപിടിക്കുന്നതിനൊപ്പം യു.പി.എസ്.സി പോലുള്ള മത്സര പരീക്ഷകളിൽ വിജയിച്ച് സുസ്ഥിരമായ ഒരു കരിയർ സ്വന്തമാക്കാനും ഖുറാസിയക്ക് കഴിഞ്ഞു.