സൈക്കിൾ റിപ്പയർ കടയിൽ പണിയെടുത്ത് അമ്മ പഠിപ്പിച്ചു; മകൻ ഐ.എ.എസുകാരനായി
text_fieldsവരുൺ ഭരൺവാൾ ഐ.എ.എസ്
10ാം ക്ലാസ് കഴിഞ്ഞതിനു പിന്നാലെയുള്ള ദിവസങ്ങളിലാണ് വരുൺ ബരൺവാൽ എന്ന 16കാരന്റെ ജീവിതം മാറിമറിഞ്ഞത്. കുടുംബത്തിന്റെ അത്താണിയായിരുന്ന അച്ഛന്റെ മരണമാണ് ജീവിതം അടിമുടി മാറ്റിയത്. മഹാരാഷ്ട്രയാണ് വരുണിന്റെ നാട്. സൈക്കിൾ റിപ്പയർ കട നടത്തിയായിരുന്നു വരുണിന്റെ അച്ഛൻ കുടുംബം പോറ്റിയത്. ദീർഘകാലമായി രോഗത്തോട് മല്ലിടുകയായിരുന്നു ആ മനുഷ്യൻ.
അച്ഛന്റെ മരണത്തോടെ 16 വയസ് മാത്രം പ്രായമുള്ള ആ കുട്ടിയോട് കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കാൻ ബന്ധുക്കളും അയൽവാസികളും നിർബന്ധിച്ചു. പഠനം നിർത്തി അച്ഛന്റെ സൈക്കിൾ റിപ്പയർ കട നടത്തിക്കൊണ്ടുപോകണമെന്നായിരുന്നു അവർ നൽകിയ ഉപദേശം. അമ്മയെയും സഹോദരങ്ങളെയും സഹായിക്കാൻ മറ്റ് വഴികളില്ലെന്നും അവർ തുറന്നുപറയുകയും ചെയ്തു. കുറച്ചുനേരത്തേക്ക് അവർ പറയുന്നതാണ് ശരിയെന്ന് വരുണിന് തോന്നി. തുടർന്ന് പാഠപുസ്തകങ്ങൾ ദൂരേക്ക് മാറ്റിവെച്ചു ജീവിതം ആ സൈക്കിൾ കടയിലേക്ക് മാറ്റിയൊതുക്കാൻ വരുൺ തീരുമാനിച്ചു.
അപ്പോഴേക്കും 10ാംക്ലാസ് ഫലവും വന്നു. പഠിച്ചിരുന്ന സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയായിരുന്നു ആ മിടുക്കന്റെ മിന്നുന്ന വിജയം.
സ്കൂൾ ടോപ്പറായതിൽ വരുണിന് അഭിമാനം തോന്നി. കാണുന്നവരോടൊക്കെ വരുൺ അക്കാര്യം പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ആ സന്തോഷത്തിന് അൽപായുസേ ഉണ്ടായിരുന്നുള്ളൂ. എന്താണ് നീ ഇപ്പോൾ ചെയ്യുന്നത് എന്ന സുഹൃത്തിന്റെ ചോദ്യമാണ് അവനെ തളർത്തിക്കളഞ്ഞത്. അതോടെ എല്ലാ സന്തോഷവും കെട്ടുപോയി. താൻ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ച് വരുൺ ഓർത്തു. തുടർ പഠനം എന്നത് വെറുമൊരു കെട്ടുകഥ മാത്രമായി അവശേഷിക്കുമെന്ന് അവന് വീട്ടിലേക്കുള്ള വഴിയിൽ ബോധ്യപ്പെട്ടു.
വീട്ടിലെത്തിയപ്പോൾ അമ്മയോട് അവൻ ഒരു കാര്യം പറഞ്ഞു. ഒരുവർഷക്കാലം താൻ കട നടത്തിക്കൊണ്ടുപോകാം. അതുകഴിഞ്ഞ് പഠിക്കണമെന്നും. അമ്മയുടെ മറുപടിയാണ് എല്ലാം മാറ്റിമറിച്ചത്. ''പറ്റില്ല...പഠിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും വേണ്ട. അതിനായി ഒരു വർഷം കളയുന്നത് തെറ്റാണ്. എന്തുതന്നെ വന്നാലും ഞാൻ നിന്നെ പഠിപ്പിക്കും. അതിനായി എത്രത്തോളം കഠിനമായി അധ്വാനിക്കാനും തയാറാണ്''-ആ അമ്മ മകനോട് പറഞ്ഞു.
സൈക്കിൾ കടയിൽ നിന്ന് 100 രൂപയാണ് വരുമാനം ലഭിക്കുന്നതെങ്കിൽ അതിൽ 50 രൂപ വീട്ടാവശ്യങ്ങൾക്കും ബാക്കിയുള്ളത് മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മാറ്റിവെക്കാനാണ് ആ അമ്മ തീരുമാനിച്ചത്. ലളിതവും എന്നാൽ അസാധാരണവുമായ ഒരു പ്ലാൻ ബി. അതുവരെ സൈക്കിൾ റിപ്പയർ കടയിൽ അവർ ജോലി ചെയ്തിട്ടുണ്ടായിരുന്നില്ല. എന്നിട്ടും മക്കൾക്ക് വേണ്ടി അവർ അത് ഏറ്റെടുക്കാൻ തയാറായി. 'ഞാൻ കട നടത്തും, നീ പോയി പഠിക്ക്' അതായിരുന്നു മകന് അമ്മ നൽകിയ വാഗ്ദാനം.
എന്നാൽ കഷ്ടകാലം ഒഴിഞ്ഞു പോയില്ല. 11ാം ക്ലാസിൽ ചേരാനുള്ള ഫീസിന് കുടുംബം കഷ്ടപ്പെട്ടു. വരുൺ തന്റെ അമ്മാവനോട് പൈസ സഹായമായി ചോദിക്കാൻ തീരുമാനിച്ചു. പോകും വഴിയാണ് അമ്മ സൈക്കിൾ കടയിൽ ഇരിക്കുന്നത് അവൻ കണ്ടത്. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ജോലി ചെയ്യുകയാണ് എന്നായിരുന്നു അമ്മയുടെ മറുപടി. മകന് ഫീസടക്കാനുള്ള പണം താൻ ഇതിലൂടെ ഉണ്ടാക്കുമെന്നും ജീവിക്കാനുള്ള വഴിയാണിതെന്നും ആ അമ്മ മകനെ ബോധ്യപ്പെടുത്തി.
അതോടെ വരുൺ എല്ലാ പ്രതിബന്ധങ്ങളും മറന്നു. അവനെ സഹായിക്കാൻ ഒരുപാട് പേർ വന്നു. പ്ലസ് വണിന് ചേരാനായി അച്ഛനെ ചികിത്സിച്ചിരുന്ന ഡോക്ടറാണ് 10000 രൂപ നൽകിയത്. മെഡിസിന് പഠിക്കണമെന്നുണ്ടായിരുന്നു വരുണിന്. എന്നാൽ ഭീമമായ പഠനച്ചെലവോർത്ത് ആഗ്രഹം ഉപേക്ഷിച്ചു.
12ം ക്ലാസ് പൂർത്തിയാക്കി എൻജിനീയറിങ് പഠനത്തിന് ചേർന്നു. അപ്പോഴും ഫീസടക്കാൻ സഹായഹസ്തങ്ങൾ നീണ്ടു. പഠനം പൂർത്തിയാക്കിയ ഉടൻ കോർപറേറ്റ് കമ്പനിയിൽ ജോലിക്കു കയറി. പഠനകാലത്ത് വലിയൊരു സ്വപ്നം പേറിയാണ് വരുൺ നടന്നിരുന്നത്. സിവിൽ സർവീസ് എന്ന സ്വപ്നം. കോർപറേറ്റ് കമ്പനിയിലെ ജോലി വിട്ട വരുൺ അതിനായി ശ്രമം തുടങ്ങി. എന്നാൽ കോച്ചിങ് സെന്ററിൽ ചേർന്ന് പഠിക്കാനുള്ള പണം കൈയിലുണ്ടായിരുന്നില്ല. അപ്പോൾ ഒരു കോച്ചിങ് സെന്ററിൽ ചെന്ന് തന്നെ സൗജന്യമായി പഠിപ്പിക്കാൻ തയാറാണെങ്കിൽ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് നേടാനായി കഠിന പ്രയത്നം നടത്തുമെന്ന് പറഞ്ഞു. വരുണിന്റെ ആത്മവിശ്വാസം മാത്രം കണക്കിലെടുത്ത് കോച്ചിങ് സെന്ററർ സൗജന്യമായി പഠിപ്പിക്കാൻ തയാറായി. വരുൺ തന്റെ വാഗ്ദാനം പാലിച്ചു. ആദ്യശ്രമത്തിൽ 32ാം റാങ്കിന്റെ തിളക്കവുമായി വരുൺ സിവിൽ സർവീസ് നേടിയെടുത്തു.