ഒന്നേകാൽ കോടി രൂപയുടെ സ്കോളർഷിപ്പുമായി അയർലൻഡിലെ ഡബ്ലിൻ സിറ്റി യൂനിവേഴ്സിറ്റിയിൽ പഠിക്കാൻ മുസ്ഫിർ അമീൻ
text_fieldsമുസ്ഫിർ അമീൻ
ഓരോ വീഴ്ചയും തിരിച്ചുവരാനുള്ള ഏറ്റവും നല്ല സമയമാണ്. ജീവിതത്തിൽ വീഴ്ചകളും വെല്ലുവിളികളും അനിവാര്യമാണ്. പക്ഷേ, അവയെ അതിജീവിക്കാൻ സഹായിക്കുന്ന അത്ഭുതശക്തിയാണ് ഉറച്ച നിലപാട്. 'നിലപാട് ഉള്ളവൻ മല കയറും' എന്ന പഴഞ്ചെല്ല് നമ്മെ പഠിപ്പിക്കുന്നത് ഉറച്ച് മനസ്സുള്ളവർക്ക് മുന്നിലുള്ള തടസ്സങ്ങൾ ചെറുതാണെന്നതാണ്. ഈ പഴമൊഴി അന്വർഥമാക്കി മുന്നേറുകയാണ് മലപ്പുറം ജില്ലയിലെ പെരുവള്ളൂർ സ്വദേശി മുസ്ഫിർ അമീൻ. അയർലൻഡിലെ പ്രശസ്തമായ ഡബ്ലിൻ സിറ്റി യൂനിവേഴ്സിറ്റിയിലെ കെമിക്കൽ സയൻസ് വിഭാഗത്തിൽ നാല് വർഷത്തേക്ക് പിഎച്ച്.ഡി പഠനം പൂർത്തിയാക്കാൻ ഒന്നേകാൽ കോടി രൂപയുടെ സ്കോളർഷിപ്പാണ് ലഭിച്ചിരിക്കുന്നത്.
10ലും 12ലും ഫുൾ എ പ്ലസ് കരസ്ഥമാക്കിയാണ് മുസ്ഫിർ തന്റെ അക്കാദമിക യാത്ര ആരംഭിക്കുന്നത്. ശേഷം നീറ്റ് പരീക്ഷ കടക്കാൻ പ്രശസ്തമായ കോച്ചിങ് സെന്ററിൽ ചേർന്നു. ആദ്യ തവണ മികച്ച റാങ്കോ സ്കോറോ നേടാൻ കഴിഞ്ഞില്ല. നീറ്റിന് പഠിക്കുമ്പോൾ തന്നെ ഐസർ പ്രവേശന പരീക്ഷക്കും അപേക്ഷിച്ചിരുന്നു. എൈസർ റിസൽറ്റ് വരാൻ വൈകിയത് കൊണ്ട് വീണ്ടും നീറ്റ് റിപ്പീറ്റ് ചെയ്യാൻ മുസ്ഫിർ തീരുമാനിച്ചു. അതിനിടയിലാണ് ഐസർ ഫലം വന്നത്. പഞ്ചാബിലെ മൊഹാലിയിൽ ബി.എസ്-എം.എസ് കെമിസ്ട്രി ഇന്റഗ്രേറ്റഡ് അഞ്ച് വർഷ കോഴ്സിനാണ് അഡ്മിഷൻ ലഭിച്ചത്. ആ സമയം നീറ്റിൽ നിന്ന് യൂടേൺ അടിക്കുന്നത് വീട്ടുകാർക്ക് അത്ര ഇഷ്ടമായില്ല. പക്ഷേ മുസ്ഫിർ മൊഹാലിയിൽ ചേർന്ന് അഞ്ച് വർഷ കോഴ്സ് പൂർത്തിയാക്കി. വിദേശ യൂനിവേഴ്സിറ്റികളിലെ മികച്ച ക്യാമ്പസിൽ നിന്ന് മികച്ച സ്കോളർഷിപ്പോടെ പിഎച്ച്.ഡി ചെയ്യുക എന്നതായിരുന്നു മുസ്ഫിറിന്റെ ഏറ്റവും വലിയ സ്വപ്നം. മൊഹാലിയിലെ അവസാന വർഷ സമയത്ത് മുസ്ഫിറിൻറെ റിസർച്ച് പേപ്പർ അന്താരാഷ്ട്ര തലത്തിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്.
മൊഹാലിയിലെ പഠനത്തിന് ശേഷം വീട്ടിൽ തന്നെ ആറു മാസത്തോളം CSIR-NIO യിൽ പഠിക്കുമ്പോഴും കമ്പ്യൂട്ടറിൻറെ മുമ്പിൽ ഇരുന്ന് നോട്ടിഫിക്കേഷനും കാത്ത് ഇരിക്കുക പതിവായിരുന്നു .നോട്ടിഫിക്കേഷൻ വന്നാൽ അപ്ലിക്കേഷനും ബയോഡാറ്റയും സർട്ടിഫിക്കേറ്റസും അതിന്റെ കോപ്പിയും അയച്ചുകൊടുക്കും. ഫിൻലൻഡിലെയും സ്വീഡനിലെയും യൂനുവേഴ്സിറ്റികളിലേക്ക് അഭിമുഖം നടന്നെങ്കിലും സെലക്ഷൻ കിട്ടിയില്ല. അങ്ങിനെ 30 ഓളം യൂനിവേഴ്സിറ്റികളിലേക്ക് 100 ഓളം അപേക്ഷകൾ അയച്ചിട്ടുണ്ട്. അപേക്ഷകളിൽ ചിലത് നിരസിക്കപ്പെട്ടു. മറ്റുചിലതിന് മറുപടി പോലും ലഭിച്ചില്ല. എന്നാൽ മുസ്ഫിർ തളർന്നില്ല. ഏതെങ്കിലും ഒരു സന്ദർഭത്തിൽ തൻറെ മോഹം പൂവണിയുമെന്ന ഉറച്ച വിശ്വാസമായിരുന്നു മുസ്ഫിറിൻറെ ആകെയുളള ഇന്ധനം.അവസാനം അയർലൻഡിൽ നിന്ന് അഭിമുഖത്തിന് തിയ്യതി ലഭിച്ചു.ആദ്യത്തെ 15 മിനുറ്റ് അഭിമുഖത്തിൽ വിജയിച്ചു. പിന്നീട് 45 മിനുറ്റായിരുന്നു അഭിമുഖത്തിന്റെസമയം. എന്നാൽ അഭിമുഖം ഒരുമണിക്കൂർ നീണ്ടുപോയി. ഒടുവിൽ സെലക്ഷനും കിട്ടി. ഓഫർ ലെറ്റർ കൈപ്പറ്റിയ മുസ്ഫിർ വിസയും ശരിയാക്കി അയർലൻഡിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്.
അയർലൻഡിലെ പരിസ്ഥിതി സംരക്ഷണ വിഭാഗം(ഇ.പി.എ), റിഡ്സ്ക്കവറി സെന്റർ,ഡബ്ലിൻ സിറ്റി യൂനിവേഴ്സിറ്റി എന്നിവ സംയുക്തമായി നടത്തുന്ന റിപെയിന്റ് എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് മുസ്ഫിർ അമീന്റെ ഗവേഷണം.ഇതിലൂടെ പുനരുപയോഗ പെയിന്റുകളുടെ ഗുണമേന്മ ഉറപ്പാക്കാനും ഉപയോഗ ശൂന്യമായവയിൽ നിന്ന് പോളിമറുകൾ വീണ്ടെടുക്കാനും ആവശ്യമായ നൂതനമായ ശാസ്ത്രീയ മാർഗങ്ങൾ വികസിപ്പിക്കാൻ സാധിക്കും.
മുസ്ഫിറിൻറെ പത്താം ക്ലാസ് പഠനം കൊണ്ടോട്ടി മർക്കസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. പ്ലസ്ടു പഠിച്ചത് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് മഞ്ചേരിയിലും. മൊഹാലിയിലെ പഠനത്തിന് ശേഷം രാജ്യത്തെ പ്രശ്സത സമുദ്ര പഠന ഗവേഷണ സ്ഥാപനമായ സിഎസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി ഗോവയിൽ പ്രോജക്ട് അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.
വിദേശത്ത് പിഎച്ച്ഡി പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളോട് മുസ്ഫിറ്ന് പറയാനുള്ളത് മൂന്നും നാലും അപേക്ഷകൾ അയച്ചിട്ട് കിട്ടിയില്ലെങ്കിൽ നിരാശപ്പെടാതെ അയച്ച് കൊണ്ടിരിക്കുക എന്നാണ് ഒരു ദിവസം നിങ്ങളുടെ ആഗ്രഹവും സഫലമാകും.
സ്വപ്നവും ലക്ഷ്യവും തമ്മിൽ ഒരു വ്യത്യാസമേയുള്ളൂ.സ്വപ്നത്തിന് അനായസമായ ഉറക്കം ആവശ്യമാണ്. ലക്ഷ്യത്തിന് ഉറക്കമില്ലാത്ത ശ്രമം ആവശ്യമാണ്.പെരുവള്ളൂർ സ്വദേശികളായ കൊക്കപറമ്പൻ അബ്ദുറഹിമാൻ(റിട്ട.അധ്യാപകൻ),അധ്യാപിയായ ശമീലത്ത്എന്നിവരുടെ മകനാണ് മുസ്ഫിർ അമീൻ. സഹോദരി ഹിബ ഹനാൻ കംപ്യൂട്ടർ എൻജിനീയറിങ്ങിന് പഠിക്കുന്നു.


