Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightശ്രീലങ്കയിൽ കണ്ടെത്തിയ...

ശ്രീലങ്കയിൽ കണ്ടെത്തിയ പുൽച്ചാടിക്ക് വയനാട്ടിൽ നിന്നൊരു പേര്; ധനീഷ് ഭാസ്കറിന് അഭിമാന നിമിഷം

text_fields
bookmark_border
ശ്രീലങ്കയിൽ കണ്ടെത്തിയ പുൽച്ചാടിക്ക് വയനാട്ടിൽ നിന്നൊരു പേര്; ധനീഷ് ഭാസ്കറിന് അഭിമാന നിമിഷം
cancel

ശ്രീലങ്കയിൽ 116 വർഷത്തിന് ശേഷം കണ്ടെത്തിയ പുതിയ പുൽച്ചാടി വർഗത്തിന് ഗവേഷകർ നൽകിയത് മലയാളി പുൽച്ചാടി ഗവേഷകന്‍റെ പേര്. വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ ധനീഷ് ഭാസ്കറിന്‍റെ പേരിലാണ് ഈ പുൽച്ചാടി വർഗം ഇനി അറിയപ്പെടുക -ക്ലാഡോണോട്ടസ് ഭാസ്കരി (Cladonotus Bhaskari). ഇന്ത്യയിലെ പുൽച്ചാടി ഗവേഷണത്തിൽ നിർണായക പഠനങ്ങൾ നടത്തിയ ധനീഷ് ഭാസ്കർ എന്ന 28കാരനുള്ള അംഗീകാരമായി ഈ പേരിടൽ.

ശ്രീലങ്കയിലെ സിൻഹരാജ മഴക്കാടുകളിൽ നിന്നാണ് ക്ലാഡോണോട്ടസ് ജീനസിൽ ഉൾപ്പെടുന്ന കുഞ്ഞൻ പുൽച്ചാടിയെ ക്രൊയേഷ്യ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ കണ്ടെത്തുന്നത്. ഇന്ത്യയിലെ പുൽച്ചാടി ഗവേഷണ മേഖലക്ക് നിർണായക സംഭാവനകൾ നൽകിയ ധനീഷിന്‍റെ പേര് പുൽച്ചാടിക്ക് നൽകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.




ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട കാലത്ത് നിലച്ച പുൽച്ചാടി ഗവേഷണ മേഖലക്ക് പുതിയ സംഭാവനകൾ നൽകുന്നതിൽ ധനീഷ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പുതിയ ഗവേഷകർക്ക് പഴയ കാലത്തെ പഠനങ്ങൾ മാത്രമായിരുന്നു റെഫറൻസായി ഉണ്ടായിരുന്നത്. ഈ പോരായ്മ പരിഹരിക്കാൻ ധനീഷ് ഏറെ ശ്രമങ്ങൾ നടത്തി.

ഐ.യു.സി.എന്നിന്‍റെ ഗ്രാസ്ഹോപർ സ്പെഷലിസ്റ്റ് ഗ്രൂപ്പിൽ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ചത് ധനീഷാണ്. തുടർന്ന് യൂറോപ്പിലെയും മറ്റും മ്യൂസിയങ്ങൾ സന്ദർശിച്ച് ഇന്ത്യൻ പുൽച്ചാടികളുടെ സ്പെസിമനുകൾ ഡിജിറ്റലൈസ് ചെയ്ത് ഇന്ത്യയിലെ ഗവേഷകർക്ക് ലഭ്യമാക്കി.

ഇരവികുളം നാഷണൽ പാർക്കിലെ വരയാടുകളെ സംരക്ഷിക്കാനായി പുൽമേടുകൾക്ക് തീയിടുമ്പോൾ നശിക്കുന്ന പുൽച്ചാടികൾ ഉൾപ്പടെയുള്ള ജീവികളെ കുറിച്ചുള്ളതാണ് ധനീഷിന്‍റെ പ്രധാന പഠനം. ഇത് അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധേയമായി. വരയാടുകളുടെ സംരക്ഷണം മാത്രം ലക്ഷ്യമിട്ട് പുൽമേടുകൾ കത്തിക്കുമ്പോൾ മറ്റ് അനവധി ജീവിവർഗങ്ങൾ നശിക്കുന്നതായും ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ധനീഷ് ചൂണ്ടിക്കാട്ടി.





ഈ പഠനത്തിനായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 2016ൽ ഇംഗ്ലണ്ട്, 17ൽ സ്പെയിൻ, ഫ്രാൻസ്, 18ൽ സ്വിറ്റ്സർലാൻഡ്, ജർമനി എന്നീ രാജ്യങ്ങളിലെ മ്യൂസിയങ്ങൾ പുൽച്ചാടി ഗവേഷണത്തിന്‍റെ ഭാഗമായി സന്ദർശിച്ചു. ഈ സന്ദർശനത്തിന്‍റെ ഭാഗമായി നിരവധി പുൽച്ചാടി വർഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറി.

2020ൽ മോപ്ല ഗട്ടേറ്റ (Mopla Guttata) എന്ന പുൽച്ചാടി വർഗത്തെ പറമ്പിക്കുളത്തുവെച്ച് 70 വർഷത്തിന് ശേഷം ധനീഷിന്‍റെ നേതൃത്വത്തിൽ കണ്ടെത്തി. മുമ്പ് ബ്രിട്ടീഷുകാർ വിവരിച്ച ശേഷം മറ്റാരും ഇവയെ കണ്ടെത്തിയിരുന്നില്ല. സുമാത്രയിൽനിന്നും മറ്റ് രണ്ട് പുൽച്ചാടികളെ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇരവികുളത്ത് നിന്ന് പുതിയ ഒരു പുൽച്ചാടി വർഗത്തെ കണ്ടെത്തിയതായും ഇതിന്‍റെ പഠനങ്ങൾ പൂർത്തിയാക്കുകയാണെന്നും ധനീഷ് പറയുന്നു.





ശ്രീലങ്കയിൽ കണ്ടെത്തിയ ധനീഷിന്‍റെ പേരിലുള്ള പുൽച്ചാടി ഏറ്റവും ചെറിയ പുൽച്ചാടിയാണ്. പറക്കാൻ കഴിവില്ലാത്ത ഇവ മഴക്കാടുകളിൽ മാത്രം കാണുന്നവയാണ്. പുൽമേടുകളുടെ ആരോഗ്യം പുൽച്ചാടികളെ പഠിച്ചുകൊണ്ട് വിലയിരുത്താമെന്ന് ധനീഷ് പറയുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതി ശാസ്ത്ര പഠനത്തിൽ പുൽച്ചാടി ഗവേഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.

നിലവിൽ കേരള വനഗവേഷണ സ്ഥാപനത്തിൽ റിസർച്ച് ഫെലോയാണ് ധനീഷ്. ഡോ. പി.എസ്. ഈസയുടെ കീഴിൽ ഗവേഷണം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. പടിഞ്ഞാറത്തറ പരേതനായ ഭാസ്കരന്‍റെയും സുമതിയുടെയും മകനാണ് ധനീഷ്. ഭാര്യ അരുണിമയും ഗവേഷണ മേഖലയിൽ തന്നെയാണ്.

Show Full Article
TAGS:dhaneesh bhaskar cladonotus bhaskari grasshopper orthopterist 
Next Story