സമുദ്ര വിജ്ഞാന പഠന-ഗവേഷണം: പത്തിലൊരാളായി പട്ടാമ്പിക്കാരി; വേറിട്ട നേട്ടവുമായി ഹൃദ്യ
text_fieldsആമയൂരിലെ അധ്യാപക ദമ്പതികളായ കോലാത്തൊടി കൃഷ്ണകുമാർ-ജോളി എന്നിവരുടെ മകൾ കെ. ഹൃദ്യക്കാണ് അപൂർവ അവസരമൊരുങ്ങിയത്. ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പത്തു പേരിൽ ഒരാളും ഇന്ത്യയിൽനിന്നുള്ള ഏക പ്രതിനിധിയുമാണ് ഹൃദ്യ.ജപ്പാൻ ആസ്ഥാനമായുള്ള നിപ്പോൺ ഫൗണ്ടേഷെൻറ പോഗോ സെൻറർ ഓഫ് എക്സലൻസാണ് സമുദ്ര വിജ്ഞാന പഠന-ഗവേഷണ പരിപാടിയുടെ സംഘാടകർ. വിവിധ രാജ്യങ്ങളിൽനിന്ന് ലഭിച്ച അപേക്ഷകളിൽനിന്ന് അഭിമുഖം വഴി തിരഞ്ഞെടുത്ത 10 പേരാണ് പത്ത് മാസത്തെ പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സമുദ്ര വിജ്ഞാന ഗവേഷണ രംഗത്തെ വിവിധ തലങ്ങളിൽ പരിശീലനം പൂർത്തിയാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.
ആദ്യത്തെ ഒരുമാസം പ്രാരംഭ പരിശീലനമാണ്. അതുകഴിഞ്ഞ് വിവിധ ശാസ്ത്ര വിഷയങ്ങളിലും മറ്റും വിശദമായ പരിശീലനം നൽകും. ഈ കാലയളവിൽ പ്രോജക്ടുകളും ചെയ്യേണ്ടതുണ്ട്.കൊച്ചിയിലെ കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ നിന്ന് മറൈൻ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട് ഹൃദ്യ. മൂന്നാം റാങ്കോടെ എം.എസ്സി. പൂർത്തീകരിച്ച ശേഷമാണ് ഈ പ്രോഗ്രാമിന് അപേക്ഷിച്ചത്. യാത്ര ടിക്കറ്റ് അടക്കം മുഴുവൻ െചലവുകളും ഉൾപ്പെടുന്ന സ്കോളർഷിപ്പോടെയാണ് പ്രോഗ്രാമിൽ ചേരാനൊരുങ്ങുന്നത്. കൃത്യമായ ഇടവേളകളിൽ വേണ്ട എല്ലാ നിർദേശങ്ങളും അധികൃതർ ഇ-മെയിൽ വഴി നൽകുന്നുണ്ടെന്നും 2022 ഫെബ്രുവരി പകുതിക്ക് ശേഷം ജർമനിയിലേക്ക് തിരിക്കുമെന്നും ഹൃദ്യ പറഞ്ഞു.