15 വയസ്സിനുള്ളിൽ അവൾ ഓടിച്ചത് ബൈക്ക് മുതൽ വിമാനംവരെ; 'ഇനി യുദ്ധവിമാനം പറത്തണം', സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ റിഫ തസ്കീൻ
text_fieldsകൊച്ചിയിൽ പി.എം ഫൗണ്ടേഷൻ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ റിഫ തസ്കീൻ
കൊച്ചി: മൂന്നാം വയസ്സിൽ പിതാവ് താജുദ്ദീന്‍റെ മടിയിലിരുന്ന് കാറിന്‍റെ വളയം പിടിച്ചുതുടങ്ങിയതാണ് ൈമസൂർ സിറ്റിയിൽനിന്നുള്ള റിഫ തസ്കീൻ. ആ കുരുന്ന് വളർന്നതിനൊപ്പം ഡ്രൈവിങ്ങിലുള്ള അവളുടെ അഭിനിവേശവും വളർന്നു.
15 വയസ്സിനുള്ളിൽ അവൾ ഓടിച്ചത് ബൈക്ക് മുതൽ വിമാനംവരെ നിരവധി വാഹനങ്ങളാണ്, എല്ലാം അധികൃതരുടെ പ്രത്യേക അനുമതിയോടെ. ഇതിനകം നിരവധി അംഗീകാരങ്ങളും തേടിയെത്തി. കഴിഞ്ഞ ദിവസം കൊച്ചിയിൽ പി.എം ഫൗണ്ടേഷൻ സംഘടിപ്പിച്ച അവാർഡ് ദാനത്തിലും റിഫക്ക് പ്രത്യേക പുരസ്കാരം നൽകിയിരുന്നു.
ഇരുചക്ര വാഹനം, ഓട്ടോറിക്ഷ, കാർ, ട്രാക്ടർ, ക്രെയിൻ, റോഡ് റോളർ, ബസ്, ലോറി, ബുൾഡോസർ തുടങ്ങി എല്ലാ വാഹനങ്ങളെയും കുരുന്നുപ്രായത്തിൽതന്നെ മെരുക്കിയിട്ടുണ്ട് റിഫ. ഡ്രൈവിങ് ലൈസൻസ് എടുത്ത് നിയമാനുസൃതം ഓവാഹനമോടിക്കാൻ പ്രായമാവാത്തതിനാൽ പ്രത്യേക അനുമതിയോടെ ഗ്രൗണ്ടുകളിലാണ് ഓടിക്കുന്നത്.
2018ൽ പ്രത്യേക പരിശീലനത്തോടെ ബംഗളുരു നഗരത്തിലാണ് സഹ പൈലറ്റിന്‍റെ സാന്നിധ്യത്തിൽ വിമാനം പറത്തിയത്. ഏഴാം വയസ്സിലാണ് ഏറ്റവും കൂടുതൽ ബഹുചക്ര വാഹനങ്ങൾ ഓടിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയെന്ന നിലക്കുള്ള വിവിധ റെക്കോഡുകൾ േതടിയെത്തിയത്.
മൈസൂരിൽ ഹോട്ടൽ നടത്തുന്ന പിതാവ് താജുദ്ദീൻ കാർ, ബൈക്ക് റേസിങ്ങിൽ വിദഗ്ധനായിരുന്നു. ദേശീയ തലത്തിലുൾപ്പെടെ മത്സരിച്ച അദ്ദേഹം തന്‍റെ ഡ്രൈവിങ് േശഷി മകൾക്ക് പകർന്നുനൽകുകയായിരുന്നു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ റിഫയുടെ മിടുക്കിനെ നേരിട്ട് അഭിനന്ദിച്ചിട്ടുണ്ട്.
നിലവിൽ മൈസൂർ സിറ്റി, കർണാടക ക്ഷയരോഗനിവാരണ പദ്ധതി എന്നിവയുടെ ബ്രാൻഡ് അംബാസഡറായ ഈ പത്താം ക്ലാസുകാരി കരാട്ടെയിലും മിന്നും താരമാണ്. 2024ൽ ദേശീയ കരാട്ടേ ചാമ്പ്യൻഷിപ്പിലെ സ്വർണമെഡലുൾപ്പെടെ കരാട്ടേ, ബോക്സിങ് എന്നിവയിലെ മെഡൽനേട്ടങ്ങൾ നിരവധിയാണ്.
പിതാവിനും മാതാവ് ബീവി ഫാത്തിമക്കും മകളെ ഐ.എ.എസ്/ ഐ.പി.എസുകാരിയാക്കണമെന്നാണ് ആഗ്രഹമെങ്കിലും യുദ്ധവിമാനത്തിന്‍റെ പൈലറ്റാകണമെന്നാണ് റിഫയുടെ സ്വപ്നം. ദൈവാനുഗ്രഹവും മാതാപിതാക്കളുടെ പിന്തുണയുമാണ് തന്‍റെ നേട്ടങ്ങൾക്കു പിന്നിലെന്ന് അവൾ ‘മാധ്യമ’ത്തോട് പറഞ്ഞു.