ആട്ടിടയന്റെ മകന് സിവിൽ സർവീസ്; കുറുബ സമുദായം ആഘോഷം തുടങ്ങി
text_fieldsബംഗളൂരു: യു.പി.എസ്.സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ കർണാടകയിലെ നാനാവഡി ഗ്രാമത്തിലെ കുറുബ സമുദായത്തിൽ ആഘോഷം തുടങ്ങിയിരിക്കുകയാണ്. പരമ്പരാഗതമായി ആട്ടിടയൻമാരാണ് ഈ സമുദായം. മഹാരാഷ്ട്രയിലെ അമേജ് ആണ് ബീരപ്പയുടെ സ്വദേശം.
പിതാവ് ആട്ടിടയനാണ്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണെങ്കിലും മക്കൾക്ക് വിദ്യാഭ്യാസം നൽകാൻ ബീരപ്പയുടെ പിതാവ് ശ്രദ്ധ ചെലുത്തിയിരുന്നു. യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ ഈ സമുദായത്തിൽ പെട്ട ബീരപ്പ സിദ്ദപ്പ ധോനി റാങ്ക് നേടിയെന്ന വാർത്തയറിഞ്ഞതിനു ശേഷമാണ് ഗ്രാമീണർ ആഘോഷം തുടങ്ങിയത്. 551 ആണ് ബീരപ്പയുടെ റാങ്ക്.
അവധിക്കാലമായതിനാൽ നാനാവഡിയിലെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ബീരപ്പ ഫലമറിഞ്ഞത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പൊലീസ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ് എന്നിവയിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നത് സിവിൽ സർവീസ് പരീക്ഷ വഴിയാണ്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് എല്ലാവർഷവും ഈ പരീക്ഷ എഴുതാറുള്ളത്. ചുരുക്കം ആളുകൾ ലിസ്റ്റിൽ ഇടം പിടിക്കും.
ബി.ടെക് ബിരുദധാരിയാണ് ബീരപ്പ. ബീരപ്പയുടെ മൂത്ത സഹോദരൻ ഇന്ത്യൻ ആർമിയിലാണ്. സഹോദരനെ പോലെ സൈനികനാകാനായിരുന്നു ബീരപ്പയുടെയും ആഗ്രഹം. എന്നാൽ സൈനികരെ റിക്രൂട്ട് ചെയ്യുന്ന പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. അതിൽ നിരാശനായ ബീരപ്പ കുറച്ചുകാലം പോസ്റ്റ് ഓഫിസിൽ ജോലി നോക്കി. കുറച്ചുകാലത്തിനു ശേഷം അതുപേക്ഷിച്ച് സിവിൽ സർവീസ് പരീക്ഷക്കായി പരിശീലനം തുടങ്ങി. ആദ്യ മൂന്നുതവണയും പരാജയപ്പെടാനായിരുന്നു വിധി. എന്നാൽ നാലാം തവണ ലിസ്റ്റിൽ ഇടം പിടിച്ചു.
ഐ.പി.എസ് ഓഫിസർ ആകാനാണ് ആണ് ബീരപ്പക്ക് താൽപര്യം. നിലവിലെ റാങ്ക് വെച്ച് സംവരണമുള്ളതിനാൽ ഐ.പി.എസ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ബീരപ്പ. മകന്റെ നേട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്ന് സിദ്ദപ്പ ധോനി പ്രതികരിച്ചു. ''ബീരപ്പ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാകുമെന്ന് പലരും പറഞ്ഞിരുന്നു. അയ് യാഥാർഥ്യമാകാൻ പോവുകയാണ്. അവന് ഇഷ്ടം സൈനിക ഓഫിസർ ആകാനായിരുന്നു. രണ്ടും സേവനമാണല്ലോ...''-സിദ്ധപ്പ പറഞ്ഞു.
തങ്ങളെ പോലുള്ള പാവങ്ങളെ സഹായിക്കുന്ന മികച്ച ഉദ്യോഗസ്ഥനായിരിക്കട്ടെ ബീരപ്പയെന്ന് ബന്ധുക്കൾ ആശീർവദിച്ചു. സമുദായത്തിലെ വരുംതലമുറക്ക് ബീരപ്പ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.