ശ്രമം തുടങ്ങിയത് 30ാം വയസിൽ; കോർപറേറ്റ് ജോലി കളയാതെ, കോച്ചിങ് സെന്ററിൽ പോകാതെ ഈ യുവാവ് സ്വന്തമാക്കിയത് ഏഴ് സർക്കാർ ജോലികൾ
text_fieldsചിലപ്പോൾ ഒരു നിർണായക നിമിഷത്തിലായിരിക്കും ജീവിതത്തിലെ ഏറ്റവും പ്രധാന യാത്ര തുടങ്ങുക. പങ്കജ് യാദവിന്റെ ജീവിതത്തിലും അങ്ങനെയൊരു നിമിത്തമുണ്ടായി. സ്കൂൾ പരീക്ഷയിൽ മൂന്ന് വിഷയങ്ങളിൽ പരാജയപ്പെട്ടപ്പോൾ അധ്യാപകർ പങ്കജിനെ വിളിച്ചിരുത്തി ഉപദേശിച്ചു. 60 ശതമാനം മാർക്ക് നേടാൻ കഴിഞ്ഞാൽ തെന്ന ജീവിതത്തിൽ ഏതുലക്ഷ്യവും നേടിയെടുക്കാൻ സാധിക്കുമെന്ന് അവർ ബോധ്യപ്പെടുത്തി.
ആ വാക്കുകൾ പങ്കജ് ഒരു വെല്ലുവിളിയായി സ്വീകരിച്ചു. മകൻ 60 ശതമാനം മാർക്ക് നേടിയാൽ ക്രിക്കറ്റ് ബാറ്റ് വാങ്ങിത്തരാമെന്ന് അച്ഛനും പ്രോമിസ് നൽകി.
അവന്റെ അച്ഛൻ ഒരു വർക് ഷോപ്പ് നടത്തുന്നുണ്ടായിരുന്നു. സ്കൂൾ വിട്ടു കഴിഞ്ഞാൽ പങ്കജും അച്ഛനെ സഹായിക്കാനായി കടയിലെത്തും. തനിക്ക് പഠിക്കണമെന്നും അതിനാൽ കുറച്ചു കാലം അച്ഛനെ സഹായിക്കാൻ ഉണ്ടാകില്ലെന്നും അവൻ പറഞ്ഞു. അവരുടെ കടയിലെ സ്റ്റോറേജ് മുറിയിലെ ഒരു ഭാഗം അവൻ പഠനമുറിയാക്കി മാറ്റി. അവിടെ ചെറിയൊരു മേശയും കസേരയും കൊണ്ടിട്ടു. കിട്ടുന്ന സമയങ്ങളിലെല്ലാം അവിടെ പോയിരുന്ന് പഠിച്ചു. സ്കൂൾ ഫൈനൽ പരീക്ഷ ഫലം വന്നപ്പോൾ ആ സ്കൂളിലെ ടോപ്പർ ആയി പങ്കജ് മാറി. സ്കൂളിലെ സമ്പന്ന വീടുകളിലെ, സ്വകാര്യ ട്യൂഷന് പോയി പഠിച്ചിരുന്ന കുട്ടികളെയായിരുന്നു അവൻ പിന്നിലാക്കിയത്. അതോടെ എല്ലാം മാറിമറിഞ്ഞു. തന്റെ ദരിദ്രമായ ചുറ്റുപാട് മികച്ച ഭാവി സ്വപ്നം കാണുന്നതിന് വെല്ലുവിളിയല്ലെന്ന് ആ നിമിഷം അവൻ തിരിച്ചറിഞ്ഞു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
വർഷങ്ങൾ കഴിഞ്ഞപ്പോൾ പങ്കജ് വലിയൊരു കോർപറേറ്റ് കമ്പനിയിൽ മികച്ച ശമ്പളത്തിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലിക്ക് കയറി. വിവാഹം കഴിച്ചു. കുഞ്ഞുണ്ടായി.
30 വയസായപ്പോൾ എന്തോ ഒന്ന് നഷ്ടമായത് പോലെ പങ്കജിന് തോന്നി. പങ്കജ് സർക്കാർ ജോലിക്കായി പ്രയത്നം തുടങ്ങി. മികച്ച ശമ്പളമുള്ള കോർപറേറ്റ് ജോലിയുണ്ടായിട്ടും സർക്കാർ ജോലിക്കായി ശ്രമിക്കുന്നതിന് സുഹൃത്തുക്കൾ കളിയാക്കി. അതും 30ാം വയസിൽ.
എന്നാൽ ജോലി ഒഴിവാക്കിയുള്ള പഠനമായിരുന്നില്ല പങ്കജിന്റെത്. ആദ്യത്തെ ശ്രമത്തിൽ പരാജയപ്പെട്ടുവെങ്കിലും പങ്കജ് പിൻമാറിയില്ല. ഏഴ് സർക്കാർ ജോലികളാണ് നേടിയെടുത്തത്. അതും കോച്ചിങ് സെന്ററിൽ പോകാതെ.അച്ചടക്കത്തോടെയുള്ള പഠനമായിരുന്നു വിജയത്തിന് കാരണം. സാമൂഹിക മാധ്യമങ്ങളും പൂർണമായി ഒഴിവാക്കി. ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പ്രായം തടസ്സമേയല്ലെന്നും പങ്കജ് തെളിയിച്ചു.