സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; പിള്ളേര് പൊളിയാണ്
text_fieldsവെള്ളിയാഴ്ച തുറന്ന ശാസ്ത്രചെപ്പിൽനിന്ന് തേരിറങ്ങി വന്നത് അതിനൂതന ആശയങ്ങളും കണ്ടുപിടിത്തങ്ങളുമാണ്. ചുറ്റുപാടിലേക്കും കൺതുറന്നുവെച്ച കൗമാരം നാടും നരനും നേരിടുന്ന പ്രശ്നങ്ങളാണ് കണ്ടത്. കുട്ടിത്തലയിൽ അതിനെല്ലാം പരിഹാരവുമുണ്ട്. മാർഗനിർദേശങ്ങളും പിന്തുണയും നൽകിയാൽ നാളെ നാടിന് മുതൽക്കൂട്ടാവുന്ന ആശയങ്ങളും ആഗ്രഹങ്ങളുമാണ് അവർ പങ്കുവെച്ചത്. കൽപാത്തി പുഴയോട്, പാലക്കാട്ടെ കോട്ടയോട്, ഇതിഹാസ കഥാകാരന്റെ മണ്ണിനോട് അവർ ഇന്ന് വിടപറയും, പാലക്കാട് നഗരം ഇരുകൈയും നീട്ടി അവരെ സ്വീകരിച്ചത് നെഞ്ചിലേറ്റി...
ആലപ്പുഴയുടെ മനസ്സിന് പാലക്കാടിന്റെ മണ്ണ്
പാലക്കാട്: ആലപ്പുഴയിൽനിന്ന് മഹാദേവ് എത്തിയത് ക്ലേ മോഡലിങ്ങിൽ മത്സരിക്കാനാണ്. വിഷയം എന്തായാലും ഒരു കൈ നോക്കാമെന്ന ആത്മധൈര്യം മാത്രമായിരുന്നു കൈമുതൽ. ഏഴാം ക്ലാസ് മുതൽ തുടങ്ങിയതാണ് കളിമണ്ണുമായുള്ള ചങ്ങാത്തം. കഴിഞ്ഞ വർഷം ജില്ലതലത്തിൽ ക്ലേ മോഡലിങ്ങിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
അന്ന് മനസ്സിൽ കുറിച്ച മോഹമാണ് സംസ്ഥാന മത്സരവേദി പ്രവേശം. മറ്റു മത്സരാർഥികളെല്ലാം മണ്ണ് നിറച്ച ചാക്കുമായെത്തിയപ്പോൾ ഒരു കൊട്ട പ്രതീക്ഷകളുമായിട്ടായിരുന്നു മഹാദേവിന്റെ വരവ്.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽനിന്ന്
അച്ഛന്റെ പാലക്കാട്ടെ സുഹൃത്ത് എത്തിച്ച കളിമണ്ണിൽ മഹാദേവിന്റെ മനവും കരവും പതിഞ്ഞപ്പോൾ പിറന്നത് ബസ് കാത്തിരിക്കുന്ന അജ്ഞാതരായ രണ്ടുപേർ. ബസ് കാത്തിരിക്കുന്നവർ എന്നതായിരുന്നു ഹൈസ്കൂൾ വിഭാഗം ക്ലേ മോഡലിങ്ങിന് നൽകിയ വിഷയം. ആലപ്പുഴ വിജയ മോഹൻ-സരിതദേവി ദമ്പതികളുടെ മകനായ മഹാദേവ് ആലപ്പുഴ എസ്.ഡി.വി.ബി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
ഇലക്ട്രിക് വണ്ടി വഴിയിൽ കിടന്നോട്ടെ, പവർ ഓൺ വീൽസെത്തും
പാലക്കാട്: സഞ്ചരിക്കുന്ന പവർ സ്റ്റേഷനും ഒപ്പം ഭക്ഷണവും എന്ന ആശയത്തിലൂടെ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലെ സ്കിൽ ഫെസ്റ്റിൽ ശ്രദ്ധനേടി തൃശൂർ കടപ്പുറം ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളുടെ പവർ ഓൺ വീൽസ്. പ്ലസ് ടു വിദ്യാർഥികളായ കെ.എം. മുബഷിർ, എ.എസ്. ഇർഫാൻ, പി.ആർ. ആര്യൻ എന്നിവർ ചേർന്നാണ് ആശയം അവതരിപ്പിച്ചത്. ഒഴിവാക്കിയ കെ.എസ്.ആർ.ടി.സി ബസുകൾ കസ്റ്റമൈസ് ചെയ്ത് ബസിന്റെ ബാറ്ററിയും ഇൻവർട്ടറും സോളാറും ഘടിപ്പിച്ച് മുഴുവനായിഇലക്ട്രിക് ബസ് എന്ന നിലയിലേക്ക് മാറ്റും.
ഈ ബസിനെ സഞ്ചരിക്കുന്ന ചാർജിങ് സ്റ്റേഷനായി രൂപപ്പെടുത്തും. വെബ്സൈറ്റിലെ സ്ലോട്ട് വഴി ബുക്ക് ചെയ്താൽ ആളുകൾ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ഇത് എത്തിച്ച് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്ത് നൽകും. അത് പോലെ തന്നെ വിവാഹം പോലുള്ള പരിപാടികൾക്ക് ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി കണ്ടെത്തുന്നതിന് പകരം വെബ്സൈറ്റ് വഴി ബുക്ക് ചെയ്താൽ അവിടെ എത്തി ഊർജം നൽകും. കൂടാതെ ബസിനുള്ളിൽ കെ.ടി.ഡി.സിയുടെ ‘ആഹാർ’ പദ്ധതി കൂടി ഉൾപ്പെടുത്തി ബസിനെ കൂടുതൽ വിപുലീകരിക്കും. ലിഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്നതിനാൽ ചെലവും മലിനീകരണവും വളരെ കുറവാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
200 രൂപ നോട്ടിലെ ചരിത്ര വിസ്മയം കൺമുന്നിൽ
പാലക്കാട്: ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ശിലാനിർമിതികളിൽ ഒന്നാണ് മധ്യപ്രദേശിലെ ഭോപ്പാലിനടുത്ത് സ്ഥിതി ചെയ്യുന്ന സാഞ്ചിസ്തൂപം. നമ്മുടെ കൈയിലുള്ള 200 രൂപ നോട്ടുകളുടെ പിൻവശത്തായും ഇവയെ കാണാം. ബുദ്ധമത വിശ്വാസികളുടെ ആരാധന കേന്ദ്രം കൂടിയായ ഈ നിർമിതിയാണ് കോഴിക്കോട് ചേന്ദമംഗല്ലൂർ എച്ച്.എസ്.എസ് വിദ്യാർഥികൾ സാമൂഹ്യ ശാസ്ത്ര മേളയിലെ സ്റ്റിൽ മോഡൽ വിഭാഗത്തിൽ നിർമിച്ചത്.
പ്ലസ് വൺ വിദ്യാർഥികളായ റിദ്വ ലങ്കോഡൻ, റാണിയ മറിയം എന്നിവരാണ് നോട്ടിന്റെ പുറകിലെ സ്തൂപം കണ്ട് ആകൃഷ്ടരായി അത് നിർമിക്കാമെന്ന തീരുമാനത്തിലെത്തുന്നത്. ജില്ല ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെ ചെറിയ അലങ്കാര പണികളും കൂട്ടിച്ചേർത്താണ് ഇവർ സംസ്ഥാന മേളയിലെ എച്ച്.എസ്.എസ് വിഭാഗത്തിൽ മത്സരിച്ചത്. വളരെ സങ്കീർണമായ ഘടനയുള്ള ശിൽപം നിർമിക്കാൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും ചെയ്ത് കഴിഞ്ഞപ്പോൾ പൂർണ സംതൃപ്തരാണെന്ന് ഇരുവരും പറഞ്ഞു.
കൊടുങ്കാറ്റടിച്ചാലും പേടിേക്കണ്ട, മുന്നറിയിപ്പ് തരാൻ വെതർ സെൻസിങ് മെഷീനുണ്ട്
പാലക്കാട്: വീടിന് പുറത്തിട്ട തുണി നനയുമോ എന്ന വീട്ടമ്മമാരുടെ ആശങ്ക തുടങ്ങി നാടിനെ നടുക്കുന്ന കൊടുങ്കാറ്റിനെ കുറിച്ച് വരെ കൈയിൽ ഇരിക്കുന്ന മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചാൽ എങ്ങനെയിരിക്കും. ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മഴ തുടങ്ങിയ ഏത് കാലാവസ്ഥ മാറ്റങ്ങളെയും വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന യന്ത്രവുമായി സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കൈയടി നേടിയിരിക്കുകയാണ് എറണാകുളം ചേന്ദമംഗലം പാലിയം ജി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥികളായ മുഹമ്മദ് സഫ്വാനും എൻ.ഐ. മുഹ്സിനും.
അന്തരീക്ഷത്തിലെ താപനിലയും പ്രഷറും സെൻസർ ഉപയോഗിച്ച് മനസ്സിലാക്കി, കാലാവസ്ഥ വ്യതിയാനങ്ങളെ തിരിച്ചറിഞ്ഞ് ഫോണിൽ സന്ദേശം വരുന്ന രീതിയിലുള്ള ‘വെതർ സെൻസിങ് മെഷിൻ’ ആണ് ഇവർ നിർമിച്ചത്. സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിങ് മോഡൽ എച്ച്.എസ്.എസ് വിഭാഗത്തിലാണ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ ഇവർ മത്സരിച്ചത്.
സാമൂഹ്യ ശാസ്ത്രമേളയിലെ വർക്കിങ് മോഡൽ എച്ച്.എസ്. എസ് വിഭാഗത്തിൽ നിർമിച്ച കാലാവസ്ഥ തിരിച്ചറിയൽ യന്ത്രവുമായി ചേന്ദമംഗലം പാലിയം ജി.എച്ച്.എസ്.എസ് വിദ്യാർഥികളായ മുഹമ്മദ് സഫ്വാൻ, എൻ.ഐ. മുഹ്സിൻ
സെൻസറിൽനിന്ന് ലഭിക്കുന്ന വിവരത്തെ സ്വന്തമായി വികസിപ്പിച്ചെടുത്ത വെബ്സൈറ്റിലേക്ക് സംയോജിപ്പിച്ചാണ് കാലാവസ്ഥ വ്യതിയാനങ്ങളെ തിരിച്ചറിയുന്നത്. ഇ.എസ്.പി 8266 എന്ന വെബ്സൈറ്റ് ഹോസ്റ്റും ബി.എം.പി 280 എന്ന പ്രഷർ മൊഡ്യൂളുമാണ് യന്ത്രത്തിനായി ഇവർ ഉപയോഗിച്ചിട്ടുള്ളത്. ഇതിനു പുറമെ ഡ്രൈ ഐസിൽ ചൂടുവെള്ളം ഒഴിച്ചുകൊണ്ട് ചുഴലിക്കാറ്റിന്റെ ഒരു രൂപവും ഇവർ പ്രദർശിപ്പിച്ച് കൈയടി നേടി.
കുറഞ്ഞ ചെലവിൽ കാറ്റിൽനിന്ന് വൈദ്യുതി
പാലക്കാട്: മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കാനുള്ള ആശയവുമായി വിദ്യാർഥികൾ. ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം വർക്കിങ് മോഡൽ മത്സരത്തിലാണ് പാലക്കാട് പനങ്ങാട്ടിരി ആർ.പി.എം.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥികളായ ബി. സർവേഷും ആർ. വൈഷ്ണവും വെർട്ടിക്കിൾ ആക്സിസ് വിൻഡ് ടർബൈൻ എന്ന മാതൃക തയാറാക്കിയത്.
കാറ്റിൽനിന്നുമാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. കാറ്റിന്റെ വേഗതയനുസരിച്ച് ഒരു വീടിന് മുഴുവൻ ആവശ്യമായത്ര വൈദ്യുതി ഇതിൽനിന്നും ഉൽപാദിപ്പിക്കാം. ഇൻവർട്ടറിൽ വൈദ്യുതി കരുതുന്നതുപോലെ ബാറ്ററിയിൽ കരുതിവെക്കാനുമാകും. അലുമിനിയം ബ്ലേഡ്, സൈക്കിൾ ഡൈനാമോ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചാണ് മാതൃക തയാറാക്കിയത്. 3000 രൂപയാണ് ചെലവ്. വൈദ്യുതി ബില്ല് ലാഭിക്കാമെന്നതാണ് പ്രത്യേകത.


