മൂടൽമഞ്ഞുമതി; മരുഭൂമിയിലും കുടിവെള്ളമുണ്ടാക്കാം
text_fieldsപാലക്കാട്: സൗദിയിൽ ജനിച്ചുവളർന്ന സനിൻ തനിക്കറിയാവുന്ന മരുഭൂമിയിലെ മൂടൽമഞ്ഞ് സംബന്ധിച്ച് വിവരം സുഹൃത്ത് കാർത്തിക്കുമായി പങ്കുവെക്കുമ്പോൾ കരുതിയിരുന്നില്ല, തങ്ങൾ സംസ്ഥാന ശാസ്ത്രോത്സവം വരെ എത്തുമെന്ന്. എന്നാൽ, സംസ്ഥാന തലത്തിൽ അവരെ കാത്തിരുന്നത് ഇരട്ടിമധുരമായി ഒന്നാംസ്ഥാനംകൂടിയാണ്.
മരുഭൂമിയിലെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമായി ‘ഫോഗ് ഹാർവെസ്റ്റർ’ എന്ന യന്ത്രവുമായി തൃശൂർ ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥികളായ സനീൻ ജാസിം, കാർത്തിക് പി. പണിക്കർ എന്നിവരാണ് മരുഭൂമിയിലെ മൂടൽമഞ്ഞിൽനിന്ന് വെള്ളത്തുള്ളികൾ സൃഷ്ടിക്കുന്ന പ്രോജക്ട് അവതരിപ്പിച്ചത്. ഇതേ യന്ത്രവുമായി ജില്ലയിൽ മത്സരിച്ചപ്പോൾ ഇവർക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ശാസ്ത്രമേളയിലെ എച്ച്.എസ് വർക്കിങ് മോഡൽ വിഭാഗത്തിലാണ് ഇവർ മത്സരിച്ചത്. മരുഭൂമിയിലെ ജലക്ഷാമത്തിന് എങ്ങനെ പരിഹാരം കാണാമെന്ന ചിന്തയാണ് കണ്ടുപിടിത്തത്തിൽ എത്തിച്ചത്.
അയണൈസേഷൻ അടക്കം ഉൾപ്പെടുത്തിയാണ് മൂടൽമഞ്ഞിൽനിന്ന് വെള്ളത്തെ വേർതിരിച്ചെടുക്കുന്നത്. അതേസമയം, ജില്ലയിൽ യന്ത്രത്തിന്‍റെ കൂടെ ഉൾപ്പെടുത്തിയിരുന്ന ജലസേചന സംവിധാനത്തിന്‍റെ സ്റ്റിൽ മോഡൽ സംസ്ഥാന മേളക്കെത്തിയപ്പോൾ പ്രവർത്തിക്കുന്ന രീതിയിൽ ഇവർ സജ്ജീകരിച്ചു. ഇതിനു പുറമെ അവതരണത്തിലെ മികവും കൂടി കണക്കിലെടുത്താകാം തങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിച്ചതെന്നാണ് ഇവർ കരുതുന്നത്.


