കോളജിൽ പോയി പഠിച്ചില്ല, ഇപ്പോൾ ശമ്പളമായി വാങ്ങുന്നത് 10 കോടി; അപ്രന്റീസായി ജോലി തുടങ്ങിയ ഒരു യുവാവിന്റെ വിജയ കഥ
text_fields18ാം വയസിൽ സുഹൃത്തുക്കൾ കോളജിൽ പഠിക്കുമ്പോൾ ബെൻ ന്യൂട്ടൺ സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനെ കുറിച്ചാണ് ആലോചിച്ചത്. ജർമനിൽ നിന്ന് ഡോർസെറ്റിലേക്ക് താമസം മാറിയിട്ടേ ഉണ്ടായിരുന്നുള്ളൂ ബെന്നിന്റെ കുടുംബം. സൈനികനായിരുന്നു അച്ഛൻ. അതിനാൽ വലിയ ചിട്ടയിലാണ് വളർന്നത്. ട്രാവൽ ഏജന്റായിരുന്നു അമ്മ. ആളുകളോട് എങ്ങനെ ഇടപഴകണം എന്നതിനെ കുറിച്ച് അമ്മ ബെന്നിനെ പഠിപ്പിച്ചു.
സിദ്ധാന്തങ്ങളിൽ ഊന്നിയുള്ള പഠനത്തിനേക്കാൾ പ്രവൃത്തിയിലൂടെ പഠിക്കുന്നതിനായിരുന്നു ബെന്നിന് താൽപര്യം.
അങ്ങനെ 18 വയസിൽ ബെൻ ലോകത്തിലെ ഏറ്റവും വലിയ പ്രഫഷനൽ സേവന സ്ഥാപനങ്ങളിലൊന്നിൽ ജോലിക്ക് ചേർന്നു. ഡെലോയിറ്റ് ബ്രൈറ്റ്സ്റ്റാർട്ട് അപ്രന്റിസ്ഷിപ്പ് ആയിട്ടായിരുന്നു നിയമനം. യഥാർഥ ബിസിനസ് ലോകത്തേക്കുള്ള ഒരു ചവിട്ടുപടി കൂടിയായിരുന്നു അത്. ക്ലയന്റ് മീറ്റിങ്ങുകളായിരുന്നു അവന്റെ ക്ലാസ് മുറി. തത്സമയ പ്രോജക്ടുകളായിരുന്നു അവന്റെ പരീക്ഷകൾ. അങ്ങനെ വിശപ്പും ദാഹവും സർട്ടിഫിക്കറ്റുകൾ കൊണ്ട് അളക്കാൻ കഴിയുന്നതല്ലെന്ന് ബെൻ മനസിലാക്കി.
10 വർഷത്തിലേറെയായി ബെൻ അവിടെ ജോലി ചെയ്തു. ക്രമേണ അവൻ ഉത്തരവാദിത്തമുള്ള ചുമതലകളിലേക്കും നേതൃപദവിയിലേക്കും മാറി. ഇപ്പോൾ വാർഷിക ശമ്പളമായി വാങ്ങുന്നത് 10 കോടിയാണ്. ബിരുദം പോലുമില്ലാത്ത ബെൻ ന്യൂട്ടന്റെ വിജയകഥയാണിത്. ഡെലോയിറ്റ് ബ്രൈറ്റ്സ്റ്റാർട്ടിന്റെ പാർട്ണർമാരിൽ ഒരാളും കൂടിയാണ് ഇപ്പോൾ ബെൻ.


