Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightസംസാര...

സംസാര വൈകല്യമുള്ളവർക്ക് ആശയവിനിമയ ടൂളുമായി 16കാരൻ; 'പാർലി'ക്ക് സാംസങ് സോൾവ് ഫോർ ടുമാറോ പുരസ്കാരം

text_fields
bookmark_border
സംസാര വൈകല്യമുള്ളവർക്ക് ആശയവിനിമയ ടൂളുമായി 16കാരൻ; പാർലിക്ക് സാംസങ് സോൾവ് ഫോർ ടുമാറോ പുരസ്കാരം
cancel

സംസാരിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ശബ്ദം നൽകുകയാണ് 'പാർലി'. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഈ ആശയവിനിമയ ടൂളിന് പിറകിൽ ന്യൂസിലൻഡിലെ ഓക്ലാൻഡ് സ്വദേശിയായ സ്കൂൾ വിദ്യാർഥി ജാക്ക് ഹാർക്കറാണ്. എസിജി പാർനെൽ കോളജിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ജാക്കിന് പ്രചോദനം സ്വന്തം കുടുംബം തന്നെയാണ്. സെറിബ്രൽ പാൾസി ബാധിതനായ അമ്മാവൻ സംസാരിക്കുമ്പോൾ ഒറ്റപ്പെടുന്നതും പറയാനുള്ളത് പങ്കുവെക്കാൻ ബുദ്ധിമുട്ടുന്നതും ജാക്ക് കണ്ടിട്ടുണ്ട്. ആ വേദനയിൽ നിന്നാണ് സംസാര വൈകല്യമുള്ളവർക്ക് ഇത്തരം സംഭാഷണങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കുചേരാൻ സഹായിക്കുന്ന ഒരു ടൂൾ എന്ന ആശയം ഉണ്ടായത്.

ഇതിന്റെ നിർമാണ രീതിയാണ് ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നത്. ലാബിൽ ഇരുന്ന് മാത്രമല്ല ജാക്ക് ഇത് ഉണ്ടാക്കിയിരിക്കുന്നത്. അമ്മാവനെ ഒപ്പം ഇരുത്തി അദ്ദേഹത്തെ കൊണ്ട് ഉപയോഗിപ്പിച്ച് അദ്ദേഹത്തിന്റെ ഫീഡ്ബാക്ക് വെച്ച് ഓരോ ഫീച്ചറും പരിഷ്കരിച്ചാണ് ‘പാർലി’ പൂർത്തിയാക്കിയത്. ഇതിൽ എന്ത് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന വിശദാംശങ്ങൾ സംഘാടകർ പുറത്തുവിട്ടിട്ടില്ല.

സാംസങ് നടത്തുന്ന 'സോൾവ് ഫോർ ടുമാറോ ന്യൂസിലൻഡ് 2026' മത്സരത്തിൽ സീനിയർ വിഭാഗമായ ഇയർ 11-13 കാറ്റഗറിയിൽ ജാക്ക് ഒന്നാമതായതോടെ ഈ ആത്മാർത്ഥ ശ്രമത്തിന് വലിയ അംഗീകാരമാണ് ലഭിച്ചത്. യഥാർത്ഥ പ്രശ്നങ്ങൾക്ക് സ്റ്റീം പഠനത്തിലൂടെ പരിഹാരം കാണുന്ന വിദ്യാർഥികളെ കണ്ടെത്തുന്ന രാജ്യത്തെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാണിത്. ജാക്കിന് ഇത് തുടർച്ചയായ രണ്ടാം വിജയമാണ്. കഴിഞ്ഞ വർഷം കടലിൽ നടക്കുന്ന പായ് വഞ്ചി മത്സരങ്ങൾ ലൈവായി ട്രാക്ക് ചെയ്യുന്ന 'സെയിൽ റേസ് ട്രാക്കർ' എന്ന സംവിധാനം ഉണ്ടാക്കി ജൂനിയർ വിഭാഗത്തിൽ ജാക്ക് വിജയിച്ചിരുന്നു.

ഇത്തവണ ജൂനിയർ വിഭാഗത്തിൽ വിറ്റ്ബി കൊളീജിയറ്റിലെ പത്താം ക്ലാസ് വിദ്യാർഥി ഗബ്രിയേൽ ആന്റണിയുടെ 'റിയൽ മാഹി' എന്ന ടൂളാണ് ഒന്നാമതെത്തിയത്. കൂടാതെ തലച്ചോറിലെ തരംഗങ്ങൾ പാസ്‌വേഡായി ഉപയോഗിക്കുന്ന ബ്രെയിൻ കീ, കളകൾ നീക്കുന്ന റോബോട്ട് തുടങ്ങിയ പ്രോജക്ടുകളും ശ്രദ്ധ നേടി.

മ്യൂസിയം ഓഫ് ട്രാൻസ്പോർട്ട് ആൻഡ് ടെക്നോളജി (എം.ഒ.ടി.എ.ടി), ടെക്നോളജി എഡ്യൂക്കേഷൻ ന്യൂസിലൻഡ് (ടി.ഇ.എൻ.സി) എന്നിവയുമായി ചേർന്ന് ആറ് വർഷമായി നടത്തുന്ന മത്സരത്തിൽ ഇത്തവണ 24,000 ഡോളറിന്റെ സമ്മാനങ്ങളാണ് നൽകുന്നത്. മത്സരം ഇത്തവണ വളരെ കടുപ്പമേറിയതായിരുന്നുവെന്ന് വിദ്യാഭ്യാസ വിഭാഗം മേധാവി ജൂലി ബേക്കർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:achievements Technology award samsung 
News Summary - Student Invents Samsung Award
Next Story