Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഉപ്പും വെള്ളവും കൊണ്ട്...

ഉപ്പും വെള്ളവും കൊണ്ട് ഫ്രിഡ്ജ്; ഒമ്പതാം ക്ലാസ് പാഠത്തിൽ നിന്ന് കണ്ടുപിടിത്തവുമായി വിദ്യാർഥികൾ, 11.9 ലക്ഷം സമ്മാനം

text_fields
bookmark_border
ഉപ്പും വെള്ളവും കൊണ്ട് ഫ്രിഡ്ജ്; ഒമ്പതാം ക്ലാസ് പാഠത്തിൽ നിന്ന് കണ്ടുപിടിത്തവുമായി വിദ്യാർഥികൾ, 11.9 ലക്ഷം സമ്മാനം
cancel

ഇൻഡോർ: പാഠപുസ്തകത്തിലെ ഒരു ശാസ്ത്രപാഠത്തെ ജീവൻരക്ഷാ ഉപകരണമാക്കി മാറ്റിയിരിക്കുകയാണ് മധ്യപ്രദേശിലെ മൂന്ന് വിദ്യാർഥികൾ. ഇൻഡോർ സ്വദേശികളായ ധ്രുവ് ചൗധരി, മിത്രൻ ലഡാനിയ, മൃദുൽ ജെയ്ൻ എന്നിവരാണ് വൈദ്യുതിയോ ബാറ്ററിയോ ഐസോ ഇല്ലാതെ പ്രവർത്തിക്കുന്ന ഫ്രിഡ്ജ് കണ്ടുപിടിച്ചത്. ഇവരുടെ കണ്ടുപിടുത്തമായ 'തെർമാവാൾട്ടി`നാണ് ഏഷ്യയിലെ മികച്ച പരിസ്ഥിതി കണ്ടുപിടുത്തത്തിനുള്ള എർത്ത് പ്രൈസ് ലഭിച്ചത്. 12,500 ഡോളർ അഥവാ ഏകദേശം 11.9 ലക്ഷം ഇന്ത്യൻ രൂപയാണ് സമ്മാനത്തുക.

കോവിഡ് മഹാമാരിക്കാലത്ത് വൈദ്യുതി ലഭ്യത കുറവുള്ള ഗ്രാമീണ മേഖലകളിലേക്ക് വാക്സിനുകൾ എത്തിക്കുന്നതിലെ പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഒരു ബദൽ മാർഗത്തെക്കുറിച്ച് ഇവർ ചിന്തിച്ചു തുടങ്ങിയത്. മൂവരുടെയും മാതാപിതാക്കൾ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരായതിനാൽ താപനില നിയന്ത്രണം ആവശ്യമുള്ള മരുന്നുകൾ വിദൂര പ്രദേശങ്ങളിൽ എത്തിക്കുന്നതിലെ വെല്ലുവിളികൾ അവർക്ക് നേരിട്ട് അറിയാമായിരുന്നു.

അകത്ത് ചെമ്പ് ആവരണമുള്ള ഇൻസുലേറ്റഡ് പ്ലാസ്റ്റിക് പെട്ടിയാണ് തെർമാവാൾട്ട്. അകത്തെ അറയിൽ മരുന്നുകളും വാക്സിനുകളും സൂക്ഷിക്കാം. പുറംഭിത്തിക്കും അകത്തെ ഭിത്തിക്കും ഇടയിലുള്ള ഭാഗത്ത് ഉപ്പും വെള്ളവും ചേർന്ന ലായനിയാണ് നിറക്കുന്നത്. ചില ഉപ്പുകൾ വെള്ളത്തിൽ ലയിക്കുമ്പോൾ ചുറ്റുമുള്ള താപം വലിച്ചെടുത്ത് തണുപ്പ് സൃഷ്ടിക്കുന്ന രാസപ്രവർത്തനമാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. അനുയോജ്യമായ ഉപ്പ് കണ്ടെത്താൻ 150 ഓളം തരം ഉപ്പുകൾ സംഘം പഠനവിധേയമാക്കി. അതിൽ നിന്ന് 20 എണ്ണം തെരഞ്ഞെടുത്ത് ഐഐടിയുടെ ലബോറട്ടറി സൗകര്യം ഉപയോഗിച്ച് പരീക്ഷണം നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല.

ഒടുവിൽ അധ്യാപകൻ നിർദ്ദേശിച്ച ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിലെ അമോണിയം ക്ലോറൈഡ്, ബേരിയം ഹൈഡ്രോക്സൈഡ് ഒക്ടാഹൈഡ്രേറ്റ് എന്നീ സംയുക്തങ്ങളിലാണ് പരിഹാരം കണ്ടെത്തിയത്. അമോണിയം ക്ലോറൈഡ് ഉപയോഗിച്ച് 2 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ താപനില നിലനിർത്താൻ കഴിയുമെന്ന് പരീക്ഷണത്തിൽ തെളിഞ്ഞു, ഇത് മിക്ക വാക്സിനുകളുടെയും സംഭരണത്തിന് അനുയോജ്യമാണ്. ബേരിയം ഹൈഡ്രോക്സൈഡ് കൂടി ചേർക്കുന്നതോടെ താപനില പൂജ്യത്തിന് താഴെയെത്തിക്കാനും കഴിയും.

ശരിയായ രാസസംയുക്തം കണ്ടെത്തി പ്രവർത്തനക്ഷമമായ മാതൃക വികസിപ്പിക്കാൻ മൂന്ന് മാസത്തിനുള്ളിൽ തന്നെ സംഘത്തിന് കഴിഞ്ഞു. ഇൻഡോറിലെ വി വൺ ആശുപത്രിയിൽ നടത്തിയ പരീക്ഷണത്തിൽ 10 മുതൽ 12 മണിക്കൂർ വരെ വാക്സിനുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഈ ഉപകരണത്തിന് കഴിഞ്ഞതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

പുനരുപയോഗിക്കാൻ കഴിയും എന്നതാണ് തെർമാവാൾട്ടിന്റെ മറ്റൊരു സവിശേഷത. ഉപയോഗിച്ച ലായനി പുറത്തെടുത്ത് ചൂടാക്കി വെള്ളം ബാഷ്പീകരിച്ചാൽ ഉപ്പ് തിരികെ ലഭിക്കും. ഈ ഉപ്പ് വീണ്ടും വെള്ളത്തിൽ ലയിപ്പിച്ച് തണുപ്പ് സൃഷ്ടിക്കാൻ ഉപയോഗിക്കാം, ഇതിന് വൈദ്യുതി ആവശ്യമില്ല.

അന്താരാഷ്ട്രതലത്തിൽ ലഭിച്ച അംഗീകാരത്തിന് പിന്നാലെ 200 യൂണിറ്റ് കൂടി നിർമ്മിച്ച് 120 ആശുപത്രികളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിതരണം ചെയ്യാനാണ് വിദ്യാർഥികളുടെ തീരുമാനം. ലോകാരോഗ്യ സംഘടനയുടെ പെർഫോമൻസ്, ക്വാളിറ്റി ആൻഡ് സേഫ്റ്റി സർട്ടിഫിക്കേഷൻ നേടുകയും വാക്സിൻ വിതരണ രംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയായ ഗവിക്ക് മുന്നിൽ സാങ്കേതികവിദ്യ അവതരിപ്പിക്കുകയുമാണ് ഇവരുടെ അടുത്ത ലക്ഷ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:fridge student innovation Career India 
News Summary - Student Made Zero Energy Fridge
Next Story