തൽ സൈനിക് ക്യാമ്പിൽ താരങ്ങളായി മൂവർസംഘം
text_fieldsകാഡറ്റുകളായ കിരൺ ജേക്കബ് ജോയ്സ്, അലൻ രാജൻ,
അരവിന്ദ് രാജേഷ്
തൊടുപുഴ: ലോകത്തിലെ ഏറ്റവും വലിയ യൂനിഫോം യുവജന സംഘടനയായ എൻ.സി.സി ഡൽഹിയിൽ സംഘടിപ്പിച്ച തൽ സൈനിക് ക്യാമ്പിൽ സ്വർണമെഡൽ അടക്കം ശ്രദ്ധേയമായ നേട്ടം കൈവരിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ മൂന്ന് കാഡറ്റുകൾ അഭിമാനമായി. ബിരുദ വിദ്യാർഥികളായ കിരൺ ജേക്കബ് ജോയ്സ്, അലൻ രാജൻ, അരവിന്ദ് രാജേഷ് എന്നിവരാണ് എൻ.സി.സിയുടെ പരമോന്നത ക്യാമ്പായ തൽ സൈനിക് ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചത്.
നൂറുദിവസം നീണ്ട കഠിനമായ സെലക്ഷൻ പ്രക്രിയക്ക് ശേഷമാണ് കാഡറ്റുകൾ ഡൽഹിയിലെ തൽ സൈനിക് ക്യാമ്പിലേക്ക് യോഗ്യത നേടിയത്. ഒബ്സ്റ്റക്കിൾ ട്രെയിനിങ്, ഫയറിങ്, ജെ.ഡി.എഫ്.എസ്, ഹെൽത്ത് ആൻഡ് ഹൈജിൻ, മാപ് റീഡിങ് എന്നീ മിലിറ്ററി മത്സരയിനങ്ങളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന കേഡറ്റുകൾക്കായി ക്രമീകരിക്കപ്പെട്ടത്.
ഇവയിൽ ഒബ്സ്റ്റാക്കിൾ ട്രെയിനിങ് വിഭാഗത്തിൽ കിരൺ ജേക്കബും ഫയറിങ്ങിൽ അലൻ രാജനും ഹെൽത്ത് ആൻഡ് ഹൈജിൻ വിഭാഗത്തിൽ അരവിന്ദ് രാജേഷും സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തു. ടി.എസ്.സി ദേശീയതല ടീം ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ അലൻ സ്വർണ മെഡൽ ജേതാവായത് ശ്രദ്ധേയമായ നേട്ടമായി.
മൂന്നാം വർഷ ബി.കോം വിദ്യാർഥിയായ കിരൺ പന്നിമറ്റം കുഴിപ്പാലയിൽ ജോയ്സ്-ഷൈനിമോൾ ദമ്പതികളുടെ മകനാണ്. ശാന്തൻപാറ പൊക്കേൽ രാജൻ-ത്രേസ്യാമ്മ ദമ്പതികളുടെ മകനായ അലൻ രാജൻ മൂന്നാംവർഷ ചരിത്ര വിദ്യാർഥിയാണ്. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി വാഴയിൽപുത്തൻപുരയിൽ രാജേഷ്-സജനി ദമ്പതികളുടെ മകനായ അരവിന്ദ് രണ്ടാംവർഷ സുവോളജി വിദ്യാർഥിയാണ്.
കഴിഞ്ഞവർഷം കേരളത്തിലെ ഏറ്റവും മികച്ച എൻ.സി.സി സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട കോളജ് റിപ്പബ്ലിക് ദിന ക്യാമ്പിന് ആദ്യമായി ഒരു സീനിയർ വനിത ബാൻഡ് ടീമിനെ അയക്കുന്ന സ്ഥാപനമെന്ന നേട്ടവും കരസ്ഥമാക്കിയിരുന്നു. മികച്ച നേട്ടം കരസ്ഥമാക്കിയ കാഡറ്റുകളെ 18 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ലെഫ്.
കേണൽ അനിരുധ് സിങ്, കോളജ് മാനേജർ മോൺ. ഡോ. പയസ് മലയക്കണ്ടത്തിൽ, പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, അസോസിയേറ്റ് എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സാജു എബ്രഹാം, പ്രഫ. ബിജു പീറ്റർ, കോളജ് ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി എന്നിവർ അഭിനന്ദിച്ചു.