Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഇ​താ​ണ് അ​തി​ജീ​വ​ന...

ഇ​താ​ണ് അ​തി​ജീ​വ​ന പാ​ഠം

text_fields
bookmark_border
ഇ​താ​ണ് അ​തി​ജീ​വ​ന പാ​ഠം
cancel
camera_alt

മു​ഹ​മ്മ​ദ് ഷെ​സി​ൻ ഉമ്മയോടൊപ്പം

പരിമിതികളോട് പടവെട്ടി താൻ കണ്ട വലിയ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് മുഹമ്മദ് ഷെസിൻ. സിവിൽ സർവിസ് പരീക്ഷയിൽ 860ാം റാങ്കാണ് കണ്ണൂർ കസാനക്കോട്ടയിലെ സി.പി. മുഹമ്മദ് ഷെസിൻ സ്വന്തമാക്കിയത്. ഭിന്നശേഷി ബുദ്ധിമുട്ടുകളെ തോൽപിച്ച്, താൻ കണ്ട സ്വപ്നം യാഥാർഥ്യമാക്കുകയായിരുന്നു ഈ യുവാവ്. പലവട്ടം അസാധ്യമെന്ന് തോന്നിയപ്പോഴും മനസ്സുറപ്പിച്ച് ലക്ഷ്യത്തിലേക്ക് പോവുകയായിരുന്നു. അതിന് മാതാപിതാക്കളും മറ്റും സർവ പിന്തുണയുമേകി കൂടെ നിന്നു.

തോറ്റത് സെറിബ്രൽ പാൾസി

സങ്കടങ്ങൾക്കിടയിലും മാതാപിതാക്കൾക്ക് വലിയൊരു പ്രതീക്ഷയുണ്ടായിരുന്നു. ഏക മകന്റെ അസുഖം മാറുമെന്ന്. അതിനായി കസാനക്കോട്ടയിലെ ബിസിനസുകാരനായ അബ്ദുൽ ഗഫൂറും കണ്ണൂർ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക സി.പി. സബീറയും പ്രാർഥനയും ചികിത്സയുമായി മകനെ നെഞ്ചോടുചേർത്ത് കൂട്ടിരുന്നു. പിറവിയിലെ തന്നെ കണ്ടെത്തിയ സെറിബ്രൽ പാൾസി അസുഖം മാറ്റണം. പറ്റുമെങ്കിൽ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നൽകണം. അതായിരുന്നു ആഗ്രഹം. എന്നാൽ, വിധി നിശ്ചയിച്ചത് മറ്റൊന്നായിരുന്നു. മുഹമ്മദ് ഷെസിൻ രോഗത്തെ തോപിച്ച് മുന്നേറി നിശ്ചയദാർഢ്യത്തോടെ നേടിയത് സിവിൽ സർവിസ് റാങ്കാണ്. അതിരില്ലാത്ത സന്തോഷത്തിലാണ് ഇന്ന് ഈ കുടുംബം.

പ്രാഥമിക വിദ്യാഭ്യാസം മാതാവിൽനിന്ന്

സെറിബ്രൽ പാൾസി ബാധിച്ചതിനാൽ ചികിത്സയിലായിരുന്ന ഷെസിന് പ്രാഥമിക വിദ്യാഭ്യാസത്തിന് സ്കൂളിൽ പോകാനായില്ല. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ ചികിത്സയിലാണ് രോഗത്തിന് മാറ്റമുണ്ടായത്. ഉമ്മയാണ് വീട്ടിൽനിന്ന് അക്ഷരങ്ങൾ പകർന്നത്. പിന്നീട് ഉമ്മയോടൊപ്പം സലഫി സ്കൂളിൽ ആറാം തരത്തിൽ ചേർന്നു. പഠനത്തിൽ മികവുകാട്ടി ഏഴാംതരം കഴിഞ്ഞതോടെ കണ്ണൂർ സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലായി പഠനം. പത്താം തരവും പ്ലസ്ടുവും നല്ല മാർക്കിൽ പാസായി. തുടർന്ന് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽ നിന്നാണ് ബി.ടെക് പൂർത്തിയാക്കിയത്. ബി.ടെക് പഠനകാലത്താണ് സിവിൽ സർവിസ് മോഹമുണ്ടായത്. വിവിധ ജനവിഭാഗങ്ങളുമായി കൂടിച്ചേർന്ന് സംസാരിക്കാനും അവർക്കൊപ്പം ചേരാനും ആഗ്രഹമുണ്ടായതിനാലാണ് സിവിൽ സർവിസ് എന്ന സ്വപ്നം മനസ്സിലുദിച്ചതെന്ന് മുഹമ്മദ് ഷെസിൻ പറയുന്നു.

സിവിൽ സർവിസ് സ്വപ്നം

മലയാള സാഹിത്യം ഐച്ഛിക വിഷയമായെടുത്ത് തിരുവനന്തപുരത്തായിരുന്നു സിവിൽ സർവിസ് പരിശീലനം പൂർത്തിയാക്കിയത്. മാതാവ് അധ്യാപന ജോലി താൽക്കാലികമായി ഉപേക്ഷിച്ച് മകന്റെ സ്വപ്നത്തിന് നിറം പകരാൻ അവിടെയും കൂടെ നിന്നു. തിരുവനന്തപുരത്തെ പരിശീലനം വേറിട്ട അനുഭവമായി മാറുകയും ചെയ്തു. ഫലം വന്നപ്പോൾ റാങ്ക് നേട്ടം. 860ാം റാങ്ക് നേടിയ മുഹമ്മദ് ഷെസിൻ ഏവരെയും ഞെട്ടിച്ചുകളഞ്ഞു.

ആരോഗ്യ പ്രശ്നങ്ങളെ വകവെക്കാതെ തന്റെ സ്വപ്നത്തിലേക്കുള്ള യുവാവിന്റെ വലിയ നേട്ടം. വിവരമറിഞ്ഞതോടെ നാട്ടുകാരും കൂട്ടുകാരുമെല്ലാം ഷെസിനെ അഭിനന്ദിക്കാനെത്തി. നിലവിൽ ബംഗളൂരുവിലെ ആക്സഞ്ചർ മൾട്ടി നാഷനൽ കമ്പനിയിൽ ജോലി ചെയ്തുവരുകയാണ് ഷെസിൻ.

ലക്ഷ്യം ഐ.എ.എസ്

‘ഐ.എ.എസാണ് ലക്ഷ്യം. ഇതുവരെ എത്തി. ഇനി അതിനുള്ള പരിശ്രമം നടത്തും. നേടാനാവുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്’ ഷെസിൻ അതുപറയുമ്പോൾ ആത്മവിശ്വാസം കണ്ണിലുണ്ടായിരുന്നു. വാക്കർ ഉപയോഗിച്ച് ഉമ്മയുടെ സഹായത്തോടെ വീട്ടിലൂടെ നടക്കുമ്പോൾ മുഹമ്മദ് ഷെസിന് വലിയ സ്വപ്നത്തിലെത്താനുള്ള തിടുക്കമുണ്ട്. അതിന് വീട്ടുകാരുടെയും നാടിന്റെയാകെയും പിന്തുണയും പ്രാർഥനയുമുണ്ട്.

Show Full Article
TAGS:cerebral palsy Career And Education News achievements civil service 
News Summary - This is the survival lesson
Next Story