പരാജയപ്പെടുന്ന ഒരവസരത്തിലും തളരരുത്; നിങ്ങളുടെ ജീവിതത്തേക്കാൾ പ്രധാനമല്ല ഒന്നും -സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ശക്തി ദുബെ പറയുന്നു
text_fieldsശക്തി ദുബെ
കഴിഞ്ഞ ദിവസമാണ് 2024ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. യു.പി സ്വദേശിയായ ശക്തി ദുബെയാണ് ഒന്നാംറാങ്ക് നേടിയത്. അഞ്ചാമത്തെ ശ്രമത്തിലാണ് ശക്തി ഒന്നാംറാങ്ക് കൈയെത്തിപ്പിടിച്ചത്. പരാജയപ്പെട്ട അവസരങ്ങളിലെല്ലാം ശക്തി നിരാശയുടെ പടുകുഴിയിലേക്ക് ആണ്ടുപോയി. അപ്പോഴെല്ലാം വീട്ടുകാരും സുഹൃത്തുക്കളുമാണ് ശക്തി പകർന്നത്. വെറും 12 മാർക്കിന്റെ വ്യത്യാസത്തിലാണ് കഴിഞ്ഞ തവണ റാങ്ക്‍ലിസ്റ്റിൽ ഇടംപിടിക്കാതെ പോയത്. എന്നാൽ ഇക്കുറി ഒന്നാംറാങ്ക് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ശക്തി പറയുന്നു.
തന്റെ കുടുംബത്തിന് തന്നെ വിശ്വാസമുണ്ടായിരുന്നു. സഹോദരൻ നൽകിയ പിന്തുണ പറഞ്ഞറിയിക്കാനാകില്ല. ഓരോ തവണ പരാജയപ്പെടുമ്പോഴും തൊട്ടടുത്ത വർഷം വിജയിക്കുമെന്ന് പറഞ്ഞ് സഹോദരൻ ആത്മവിശ്വാസം നൽകും. ഇപ്പോൾ ആ വാക്കുകൾ സത്യമായി പുലർന്നു.-ശക്തി പറയുന്നു.
ഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാംറാങ്ക് തനിക്കാണെന്നറിഞ്ഞ ശക്തി ആദ്യം ഞെട്ടി. കോച്ചിങ് സെന്ററിലെ അധ്യാപകർ വിളിച്ചപ്പോഴാണ് സംഗതി സത്യമാണെന്ന് ഉറപ്പിച്ചത്. വ്യാജ റാങ്ക്‍ലിസ്റ്റാണ് ആദ്യം വന്നത് എന്നാണ് കരുതിയത്. അത് ശരിയാണെന്നും റോൾ നമ്പർ നോക്കിയാണ് റാങ്ക് ഉറപ്പിച്ചതെന്നും കോച്ചിങ് സെന്ററിലെ അധ്യാപകർ പറഞ്ഞു. ഒടുവിൽ സത്യം അംഗീകരിക്കാൻ മനസ് പാകപ്പെട്ടു.-ശക്തി പറയുന്നു.
''കഠിനമായ പരിശ്രമങ്ങൾക്കൊടുവിൽ പരാജയപ്പെടുന്ന ഒരവസരത്തിലും തളരരുതെന്നാണ് തന്റെ പിൻഗാമികളോട് ശക്തിക്ക് പറയാനുള്ളത്. ഇതൊരു പരീക്ഷ മാത്രമാണ്. അതിന് നിങ്ങളുടെ ജീവിതത്തേക്കാൾ പ്രാധാന്യം കൊടുക്കരുത്. ആത്മവിശ്വാസമുണ്ടെങ്കിൽ നിങ്ങൾക്ക് മുന്നേറാൻ കഴിയും. കുടുംബത്തിന്റെ പിന്തുണയും വേണം. അത് രണ്ടുമാണ് പരമപ്രധാനം.''-ശക്തി സൂചിപ്പിച്ചു.
പരീക്ഷക്ക് തയാറെടുപ്പ് തുടങ്ങുമ്പോൾ തന്നെ ആവശ്യമായ പുസ്തകങ്ങളുടെ ലിസ്റ്റ് തയാറാക്കണം. അതോടൊപ്പം മുൻ വർഷങ്ങളിലെ ചോദ്യപേപ്പർ നന്നായി വിലയിരുത്തി പഠിക്കണം. മോക് ടെസ്റ്റുകൾ എത്രത്തോളം ചെയ്യുന്നോ അത്രയും നല്ലത്. റിവിഷനും പ്രധാനമാണ്. ഇതാണ് പരീക്ഷക്ക് തയാറെടുക്കുന്നവർക്ക് ശക്തിക്ക് നൽകാനുള്ള ടിപ്സ്.
അലഹാബാദ് സർവകലാശാലയിൽ നിന്നാണ് ശക്തി ബി.എസ് സി ബിരുദം നേടിയത്. 2018ൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അതിനു ശേഷമാണ് സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുപ്പ് തുടങ്ങിയത്. യു.പിയിലെ പ്രയാഗ് രാജ് ആണ് സ്വദേശം. സ്കൂൾ വിദ്യാഭ്യാസം അവിടെയായിരുന്നു.
ഏഴ് വർഷമാണ് സിവിൽ സർവീസ് പരീക്ഷക്കായി ശക്തി മാറ്റിവെച്ചത്. പൊളിറ്റിക്കൽ സയൻസും ഇന്റർനാഷനൽ റിലേഷൻസുമായിരുന്നു ഓപ്ഷനൽ വിഷയം.