കാഴ്ചപരിമിതി തടസ്സമായില്ല; നെറ്റ് യോഗ്യത നേടി നീരജ
text_fieldsനീരജ
ശ്രീകൃഷ്ണപുരം: കാഴ്ചയില്ലാഞ്ഞിട്ടും വിജയങ്ങൾക്കായി പൊരുതാനുള്ള ഊർജവും ആവേശവും നീരജയിൽ എപ്പോഴുമുണ്ടായിരുന്നു. അതിനാലാണ് ഒന്നിനു പിറകെ ഒന്നായി അക്കാദമിക നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കാൻ അവർക്ക് സാധിച്ചത്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നീരജ യു.ജി.സിയുടെ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കുകയും (നെറ്റ്) ഗവേഷണത്തിന് യോഗ്യത നേടുകയും ചെയ്തു.
കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ തോട്ടരയിൽ ഈറാൻതോട്ടിൽ വീട്ടിൽ പരേതനായ രാഘവൻ-ജാനകി ദമ്പതികളുടെ മകളായ നീരജ പഠനത്തിൽ ചെറുപ്പംമുതലേ മികവ് പുലർത്തിയിരുന്നു. കരിമ്പുഴ തോട്ടരയിൽ പ്രവർത്തിക്കുന്ന ഹെലൻ കെല്ലർ സ്മാരക അന്ധവിദ്യാലയത്തിലായിരുന്നു ഏഴാം ക്ലാസ് വരെയുള്ള പഠനം. തുടർന്ന് കരിമ്പുഴ ഹയർ സെക്കൻഡറി സ്കൂൾ തോട്ടരയിൽനിന്ന് പ്ലസ് ടു വരെയുള്ള പഠനം പൂർത്തിയാക്കി. ഇതിനിടെ അച്ഛന്റെ മരണം ഇരുട്ടടിയായി. തോട്ടര ഹെലൻ കില്ലർ അന്ധവിദ്യാലയത്തിലെ ജീവനക്കാരിയായ അമ്മ ജാനകിയുടെ ചെറിയ വരുമാനമായിരുന്നു ഏക ജീവിതമാർഗം.
ജീവിതപ്രാരബ്ധങ്ങൾ ഏറെയുണ്ടായിട്ടും സന്ധിചെയ്യാൻ നീരജ തയാറായില്ല. മണ്ണാർക്കാട് എം.ഇ.എസ് കോളജിലെ ബിരുദപഠനം ജീവിതത്തിൽ വഴിത്തിരിവായി. രാഷ്ട്രീയത്തിലും മികവ് തെളിയിച്ചു. എം.എസ്.എഫിനൊപ്പമാണ് വിദ്യാർഥിരാഷ്ട്രീയം ആരംഭിച്ചത്. ‘ഹരിത’ സംസ്ഥാന വൈസ് ചെയർപേഴ്സൻ, എം.എസ്.എഫ് പാലക്കാട് ജില്ല സെക്രട്ടറി പദവികൾ വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ എം.എസ്.എഫ് പുറത്തിറക്കുന്ന മാസാന്ത മാഗസിനായ ‘കാഗസി’ന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉൾപ്പെടെയുള്ള പ്രമുഖർ നീരജക്ക് അനുമോദനമർപ്പിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിട്ടുണ്ട്.