പ്രായം വെറും അക്കം; എഴുപതിന്റെ നിറവിൽ ബിരുദാനന്തര ബിരുദ തിളക്കത്തിൽ ജലീല
text_fieldsജലീല അഷ്റഫ് കേയി വായനയിൽ
പരപ്പനങ്ങാടി: എഴുപതിന്റെ നിറവിൽ ബിരുദാനന്തര ബിരുദത്തിന്റെ പടികടന്ന ജലീല അഷ്റഫ് കേയിക്ക് തലമുറകളുടെ അഭിനന്ദനപ്രവാഹം. പത്താം ക്ലാസ് തോറ്റ് പതിറ്റാണ്ടുകൾക്കുമുമ്പ് പരപ്പനങ്ങാടിയിലെ കേയി കുടുംബത്തിൽ വധുവായെത്തിയ ജലീല അഷറഫ് കേയി പേരക്കുട്ടികളോട് മത്സരിച്ച് എഴുപതിന്റെ നിറവിലാണ് പോസ്‌റ്റ് ഗ്രാജ്വേഷന്റെ പടികടന്നത്.
പരപ്പനങ്ങാടി ടൗൺ കനിവ് റെസിഡന്റ്സ് അസോസിയേഷൻ ഉപാധ്യക്ഷയും പ്രാദേശിക വനിത ജമാഅത്ത് അംഗവുമായ ജലീല അഷ്‌റഫ് കേയിയാണ് പത്തും പ്ലസ്ടുവും ഡിഗ്രിയും പി.ജിയും മറികടന്ന് നാടിന് വിസ്മയം പകർന്നത്. പെരിന്തൽമണ്ണ പ്രാദേശിക ഭരണകൂടത്തിൽ ഒന്നര പതിറ്റാണ്ടുകാലം അധ്യക്ഷപദം അലങ്കരിച്ച പരേതനായ അഡ്വ. ഉമ്മർ ഖാന്റെ മകളാണ് ജലീല. പത്താം ക്ലാസ് തോറ്റാണ് ജലീല പരപ്പനങ്ങാടി കേയി കുടുംബത്തിലെ അഷറഫ് കേയിയുടെ ജീവിതപങ്കാളിയായി തോട്ടത്തിൽ വീട്ടിലെത്തിയത്. അന്നേ മനസ്സിൽ കുറിച്ചിട്ട പഠനം തുടരണം എന്ന മോഹം ഭർത്താവ് അഷ്റഫ് കേയിയുടെയും മക്കളായ ഷഹന ശംഷാദിന്റെയും ഹിശാം അഷ്‌റഫിന്റെയും നിർലോഭ പിന്തുണയിൽ തുടക്കമിട്ടു. 2017ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തിളക്കമാർന്ന വിജയം നേടി. കുടുംബം നിറഞ്ഞ കൈയടിയോടെ പിറകെ കൂടിയതോടെ പ്ലസ് ടുവും ഡിഗ്രിയും കഴിഞ്ഞു. ഇപ്പോൾ സോഷ്യോളജിയിൽ പി.ജിയും സ്വായത്തമാക്കി.
അബൂദബിയിലുള്ള പേരക്കുട്ടി ആദിൽ മുഹമ്മദ് സംജാദാണ് ജലീലയുടെ പഠനഗൈഡ്. എഴുപതിലേക്കു കടന്ന ജലീലക്ക് പഠിക്കണമെന്ന മോഹം ഇനിയും ബാക്കിയുണ്ട്. 90 പിന്നിട്ട മാതാവ് നഫീസ ബീഗത്തെ പരിചരിക്കുന്നതുൾപ്പെടെ വീട്ടുജോലികളും സാമൂഹിക പ്രവർത്തനവും കഴിഞ്ഞ് മിച്ചമുള്ള സമയമാണ് പഠനത്തിനായി നീക്കിവെക്കുന്നത്.



