99 ശതമാനം തൊഴിലും ഇല്ലാതാവും, എ.ഐ ശരിക്കും പണി തരുമെന്ന് മുന്നറിയിപ്പ്
text_fieldsലൂയ്‍വിൽ: തൊഴിൽ മേഖലകളിലെ നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യയുടെ വ്യാപനം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ദർ. 2030 ഓടെ എ.ഐ 99 ശതമാനം തൊഴിലവസരങ്ങളും ഇല്ലാതാക്കുമെന്ന് യു.എസിലെ ലൂയ്‍വിൽ സർവകലാശാല കമ്പ്യൂട്ടർ സയൻസ് പ്രൊഫസറും എ.ഐ സുരക്ഷാ വിദഗ്ദനുമായ റോമൻ യാംപോൾസ്‌കി പറഞ്ഞു. ബിസിനസ് പോഡ്കാസ്റ്റായ ‘ദ ഡയറി ഓഫ് എ സി.ഇ.ഒ’യിൽ സംസാരിക്കവെയാണ് യാംപോൾസ്കിയുടെ പരാമർശം.
മനുഷ്യരെപ്പോലെ ചിന്തിച്ച് പെരുമാറാൻ ശേഷിയുള്ള ‘നിർമിത സാമാന്യ ബുദ്ധി (എ.ജി.ഐ)’ 2027ഓടെ സജ്ജമാവും. എ.ജി.ഐയുടെ വരവിന് പിന്നാലെ മൂന്നുവർഷത്തിനുള്ളിൽ തൊഴിൽ വിപണി തകരും. മനുഷ്യരെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ‘ഹ്യുമനോയ്ഡ്’ റോബോട്ടുകൾ സൃഷ്ടിക്കപ്പെടുന്നതോടെ തൊഴിലിടങ്ങളിൽ മനുഷ്യവിഭവശേഷിയുടെ ആവിശ്യകത കുത്തനെ കുറയുമെന്നും യാംപോൾസ്കി പറയുന്നു.
‘ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ തൊഴിലില്ലായ്മ നിലനിൽക്കുന്ന ഒരു ലോകത്തെയാണ് നമ്മൾ കാണുന്നത്. ഇന്നത്തെ, 10 ശതമാനം തൊഴിലില്ലായ്മയെക്കുറിച്ചല്ല, മറിച്ച് 99 ശതമാനത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. 20 ഡോളർ വരിസംഖ്യ നൽകിയാൽ ഒരു എ.ഐ മോഡലിൽ നിന്ന് തൊഴിലാളിക്ക് സമമായി സേവനം ലഭ്യമാകുമെങ്കിൽ തൊഴിൽ ദാതാവ് ആ മാർഗമാവും സ്വീകരിക്കുക. ആദ്യഘട്ടത്തിൽ ഓഫീസ് കംപ്യൂട്ടറുകൾ സ്വയം പ്രവർത്തിക്കുന്ന സാഹചര്യത്തിലേക്ക് വരും. ക്രമേണ, ഇതര ജോലികളും എ.ഐ കയ്യടക്കും’- ’- യാംപോൾസ്കി കൂട്ടിച്ചേർത്തു.
നിലവിലെ സാമൂഹിക വ്യവസ്ഥയുടെ അടിസ്ഥാനങ്ങളിലൊന്ന് തൊഴിലിലൂടെ ലഭിക്കുന്ന വരുമാനം. പുതിയ സാഹചര്യത്തിൽ ഇതിന് മാറ്റം വരുന്നതും തൊഴിൽ സങ്കൽപ്പം മാറിമറിയുന്നതും നമ്മുടെ സാമൂഹിക വ്യവസ്ഥയെ തന്നെ തിരുത്തലുകൾക്ക് വിധേയമാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല തൊഴിൽ മേഖലയിൽ എ.ഐ സാങ്കേതിക വിദ്യയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തെ കുറിച്ച് ഒരു വിദഗ്ദൻ മുന്നറിയിപ്പ് നൽകുന്നത്. മെയ് മാസത്തിൽ, അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട് അപ്പായ ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡിയും സമാന രീതിയിൽ സർക്കാറുകൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഓഫീസ് ജോലികളിൽ 50 ശതമാനവും എ.ഐ ഇല്ലാതാക്കുമെന്നും വിവിധ മേഖലകളിൽ ഇതുണ്ടാക്കിയേക്കാവുന്ന പ്രതാഘാതം നേരിടാൻ സർക്കാറുകൾ സജ്ജമാവണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
എ.ഐ സാങ്കേതിക വിദ്യയുടെ വളർച്ചയും വ്യാപനവും തൊഴിൽ മേഖലക്ക് വെല്ലുവിളിയുയർത്തുകയാണ്. സർക്കാറുകൾക്ക് വിഷയത്തിന്റെ ഗൗരവം ഇനിയും മനസിലായിട്ടില്ല. ഗൗരവതരമായ മുന്നറിയിപ്പുകളെ നിസാരമായാണ് കാണുന്നതെന്നും അമോഡി വ്യക്തമാക്കിയിരുന്നു.
2018-ൽ ഗൂഗിൾ എക്‌സ് ചീഫ് ബിസിനസ് ഓഫീസർ സ്ഥാനത്ത് നിന്ന് വിരമിച്ച മോ ഗൗഡത്തും സമാനമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉയർന്ന വേതനനിരക്കുള്ള സുപ്രധാന ഓഫീസ് ജോലികൾ പോലും എ.ഐ ഇല്ലാതാക്കുന്നതോടെ 2027ഓടെ തൊഴിൽ മേഖലയിൽ ദുരന്തമാരംഭിക്കുമെന്ന് മോ ഗൗഡത്ത് പറയുന്നു. സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, സി.ഇ.ഒമാർ, പോഡ്‌കാസ്റ്റർമാർ എന്നിങ്ങനെ ഇന്ന് സുരക്ഷിതമെന്ന് കരുതുന്ന തൊഴിലുകൾ പോലും എ.ഐ കയ്യടക്കുമെന്നും മോ വ്യക്തമാക്കുന്നു.