കൊച്ചിയിൽ എജുകഫേ ഇന്ന് കൊടിയിറങ്ങും
text_fieldsകൊച്ചി: നവകാലത്തിന്‍റെ വിജ്ഞാനവും ഡിജിറ്റൽ യുഗം തുറന്നിടുന്ന അനന്ത സാധ്യതകളും പുതുതലമുറക്ക് പരിചയപ്പെടുത്തി രണ്ട് ദിവസങ്ങളിലായി എറണാകുളം കലൂർ റെന ഇവന്‍റ് ഹബിൽ നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ, കരിയർ മേളയായ മാധ്യമം എജുകഫേ ശനിയാഴ്ച കൊടിയിറങ്ങും. സിവിൽ സർവീസ് വഴികളും സൈബർ സുരക്ഷയും മുതൽ കരിയർ തന്ത്രങ്ങളും ഭാഷാ നൈപുണ്യവും വരെയുള്ള വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രഗത്ഭർ നേതൃത്വം നൽകുന്ന സെഷനുകളാൽ സമ്പന്നമാണ് മേളയുടെ രണ്ടാം ദിനം.
രാവിലെ പത്തിന് കുഫോസ് വൈസ് ചാൻസലർ പ്രഫ. എ. ബിജുകുമാർ സെഷനുകളുടെ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. ഹാരിസ് ബീരാൻ എം.പി ആശംസ അർപ്പിക്കും. തുടർന്ന് ‘ഡ്രീം, ഡെഡിക്കേറ്റ്, ഡെലിവർ, സിവിൽ സർവീസ് പാതവേയ്സ്’ എന്ന സെഷന് മുൻ സിവിൽ സർവീസ് ഓഫിസർ ഡോ. ജി. പ്രസന്നകുമാർ നേതൃത്വം നൽകും. ‘സൈബർ സെക്യൂരിറ്റി’ സെഷൻ ജിയാസ് ജമാലും ‘ഡൈവിങ് ഇൻ ടു ഡാറ്റ അനാലിസിസ്’ സെഷൻ മുഹമ്മദ് അൽഫാനും നയിക്കും. ‘ഫ്യൂച്ചർ ബസ് ദി ബ്രെയിൻ’ ക്വിസ് ടൈമിന് മുഹമ്മദ് ജാബിർ, ആഷിമ ജോഷി എന്നിവർ നേതൃത്വം നൽകും.
ഉച്ച കഴിഞ്ഞ് രണ്ട് മുതൽ സിജി കരിയർ കൗൺസിലർ കെ. ജിഷ, ലൈഫ് കോച്ച് പി. റാനിയ, സായി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അജിത് അബ്രഹാം എന്നിവർ നയിക്കുന്ന സെഷനുകൾ നടക്കും. തുടർന്നുള്ള പാനൽ ചർച്ചയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വി.വി. റഹ്മത്ത്, സൈക്യാട്രിസ്റ്റ് ഡോ. തോമസ്, സൈക്കോളജിസ്റ്റ് ഡോ. ഐശ്വര്യലക്ഷ്മി, ആറ്റ്ലി ജോ ചാക്കോ എന്നിവർ പങ്കെടുക്കും. ഐ.ക്യു മാൻ ഓഫ് കേരള എന്നറിയപ്പെടുന്ന ഗിന്നസ് റെക്കോർഡ് ജേതാവ് ആർ. അജിയുടെ പ്രത്യേക ഐ.ക്യു സെഷനോടെയാണ് സമാപനം.


