ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് നേടണോ? ടിപ്സുമായി ഐ.എ.എസ് ടോപ്പർ
text_fieldsയു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷക്കുള്ള രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. മേയ് 25നാണ് സിവിൽ സർവീസ് പ്രിലിംസ് നടക്കുക. പരീക്ഷക്ക് തയാറെടുപ്പുകൾ നടത്തുന്നവർക്ക് വിജയാശംസകൾ. 2021ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ ഏഴാം റാങ്ക് നേടിയ സംയക് ജെയിൻ പങ്കുവെക്കുന്ന ചില ടിപ്സുകൾ നോക്കാം. ആദ്യശ്രമത്തിൽ തന്നെ മികച്ച റാങ്ക് നേടാൻ ഇത് നിങ്ങളെ സഹായിച്ചേക്കാം.
പത്ര വായന മുടക്കരുത്
പരീക്ഷക്ക് തയാറെടുക്കുന്നവരാണ് നാളത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. അതിനാൽ നാട്ടിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടായിരിക്കണം. ദിവസവും പത്രം വായിക്കുന്നതാണ് അഭികാമ്യം. ഒരു മാസം എല്ലാം കൂടി ഒരുമിച്ച് വായിച്ചിട്ട് ഒരു കാര്യവുമില്ല. പത്രം വായിക്കുന്നതിന് പകരമായി ഒന്നുമില്ല.
തിരക്കിട്ട് കോച്ചിങ് സെന്ററുകളിൽ പോകരുത്
പരീക്ഷയുടെ രീതിയോ സിലബസോ പോലും അറിയാതെ കോച്ചിങ് സെന്ററുകളിലേക്ക് ഓടുന്ന പ്രവണത നല്ലതല്ല. യു.പി.എസ്.സിയുടെ സിലബസിനെ കുറിച്ചും പരീക്ഷ സെന്ററുകളെ കുറിച്ചും ആദ്യം നിങ്ങൾ നന്നായി ഗവേഷണം നടത്തണം. അതിനായി യു.പി.എസ്.സി വെബ്സൈറ്റിൽ കയറുക. നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കുക. പിന്നീട് സിലബസ് എങ്ങനെയാണെന്ന് പരിശോധിക്കുക. എൻ.സി.ഇ.ആർ.ടി പോലുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കുക. യു.പി.എസ്.സിക്കായുള്ള പുസ്തകങ്ങൾ പരിശോധിക്കുക. ഇ-പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ ശക്തിയും ദൗർബല്യവും മനസിലാക്കണം. അതിനു ശേഷമായിരിക്കണം കോച്ചിങ്ങിന് ചേരേണ്ടത്. അത് അറിയാത്ത കാര്യങ്ങൾ പഠിക്കാൻ ലക്ഷ്യം വെച്ചായിരിക്കണം.
സ്വന്തം നിലക്ക് പഠിച്ചാൽ ഒരിക്കലും വിജയിക്കില്ല
ഒരിക്കലും സ്വന്തം നിലക്ക് പഠിച്ചാൽ പരീക്ഷ പാസാകില്ല. എത്രമണിക്കൂർ പഠിക്കുന്നുവെന്ന് കണക്കിലെടുക്കരുത്. നല്ലൊരു ഗൈഡിന്റെയോ കോച്ചിങ് സെന്ററിന്റെയോ സഹായത്തോടെ പഠനം തുടരുക.
പഴയ ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പഠിക്കുക
പഴയ ചോദ്യപേപ്പറുകൾ കണ്ടെത്തി പഠിക്കുന്നത് വലിയ ഗുണം ചെയ്യും. പരീക്ഷയെഴുതണം എന്ന് തീരുമാനിക്കുന്ന ദിവസം തന്നെ ഓപ്ഷണൽ സബ്ജക്ടും തീരുമാനിക്കണം. അത് പിന്നീടാകരുത്. ബിരുദത്തിന് പഠിച്ച വിഷയങ്ങൾ ഓപ്ഷണലായി തെരഞ്ഞെടുക്കാം.
സ്വയം അവലോകനം ചെയ്യുക
ചില ഉദ്യോഗാർഥികൾ നന്നായി പഠിക്കുകയും തയാറെടുക്കുകയും ചെയ്യും. എന്നാൽ പരീക്ഷകൾ എഴുതി പരിശീലിക്കില്ല. പ്രിലിംസിനായി ഒരുപാട് മോക് ടെസ്റ്റുകൾ എഴുതി നോക്കണം. നമ്മുടെ വീക്നെസ് തിരിച്ചറിയാൻ അത് സഹായിക്കും.
വീട്ടിലായിരിക്കുമ്പോൾ ഒരു ദിവസം 60-70 ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പരിശീലിക്കുക. പഴയ ചോദ്യപേപ്പറുകളിൽ ചോദ്യങ്ങൾ ആവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇങ്ങനെ പരിശീലനം നടത്തിയില്ലെങ്കിൽ ശരിയായ പരീക്ഷയിൽ നെഗറ്റീവ് മാർക്ക് കൂടാൻ സാധ്യതയുണ്ട്.
ചോദ്യപേപ്പറിലെ 90 മുതൽ 95വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ശ്രമിക്കുന്നതിന് പകരം അറിയാവുന്നത് നന്നായി എഴുതുക. 100 ചോദ്യങ്ങളിൽ 95 എണ്ണം എഴുതാൻ ശ്രമിക്കുന്നത് നല്ലതാണ്.
ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ഓണേഴ്സ് ബിരുദം നേടിയ ശേഷം ജെയിൻ ഇന്ത്യൻ ഇൻസിറ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ നിന്ന് ഇംഗ്ലീഷ് ജേണലിസത്തിൽ പി.ജി ഡിപ്ലോമയും നേടി. അതിനു ശേഷം ജെ.എൻ.യുവിൽ നിന്ന് ഇന്റർനാഷനൽ റിലേഷൻസിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. യു.പി.എസ്.സിക്ക് പൊളിറ്റിക്കൽ സയൻസും ഇന്റർനാഷനൽ റിലേഷൻസുമാണ് ഓപ്ഷണൽ സബ്ജക്ടായി തെരഞ്ഞെടുത്തത്. 20ാം വയസിൽ കാഴ്ച നഷ്ടമായ വ്യക്തിയാണ് ജെയിൻ. എയർ ഇന്ത്യ ജീവനക്കാരാണ് സംയക് ജെയിന്റെ മാതാപിതാക്കൾ.