കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ
text_fieldsന്യൂഡൽഹിയിലെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടി ഫീൽഡ് ഓഫിസർ (ടെക്നിക്കൽ) തസ്തികയിൽ വിവിധ വിഷയങ്ങളിലായി 250 ഒഴിവുകളുണ്ട്. ഗ്രൂപ് ബി നോൺ ഗസറ്റഡ് വിഭാഗത്തിൽപെടുന്ന ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അലവൻസുകൾ അടക്കം പ്രതിമാസം ഏകദേശം 99,000 രൂപ ശമ്പളം ലഭിക്കും. നേരിട്ടുള്ള നിയമനമാണ്.
നിശ്ചിത വിഷയങ്ങളിൽ ബി.ഇ/ബി.ടെക്/എം.എസ്‍സി ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും ഉള്ളവർക്കാണ് അവസരം. പ്രായപരിധി 30 വയസ്സ്. അർഹതപ്പെട്ടവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനവും അപേക്ഷാഫോറവും കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിലും (നവംബർ 15-21 തീയതിയിലുള്ളത്) ഔദ്യോഗിക വെബ്സൈറ്റായ www.cabsec.gov.in/vacancies ലും ലഭിക്കും.
വിഷയങ്ങളും ഒഴിവുകളും: കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി-124, ഡേറ്റാ സയൻസ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-10, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ-95, സിവിൽ എൻജിനീയറിങ്-2, മെക്കാനിക്കൽ -2, ഫിസിക്സ് -6, കെമിസ്ട്രി-4, മാത്തമാറ്റിക്സ് -2, സ്റ്റാറ്റിസ്റ്റിക്-2, ജിയോളജി -3.
നിർദിഷ്ട വിഷയങ്ങളിൽ/പേപ്പറിൽ 2023/2024/2025 വർഷത്തെ ഗേറ്റ് സ്കോർ ഉണ്ടാകണം. നിശ്ചിത ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ഓർഡിനറി തപാലിൽ ഡിസംബർ 14നകം Post Bag no. 001, Lodhi Road Head Post Office, New Delhi-110003 എന്ന വിലാസത്തിൽ ലഭിക്കണം.
ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത് ചെന്നൈ, ഗുരുഗ്രാം, ഗുവാഹതി, ജമ്മു, ജോഡ്പൂർ, കൊൽക്കത്ത, ലഖ്നോ, മുംബൈ എന്നിവിടങ്ങളിലായി വ്യക്തിഗത അഭിമുഖം നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കി നിയമനം നൽകും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.


