റെയിൽവേയിൽ 32,438 ഒഴിവുകൾ
text_fieldsഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിലായി 32,438 ഒഴിവുകളിൽ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. (കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം (CEN) നമ്പർ. 08/2024). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം അതത് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 14 വിഭാഗത്തിൽപെടുന്ന തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്.
ഓരോ ആർ.ആർ.ബിയുടെയും കീഴിലുള്ള തസ്തികകളും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമെല്ലാം വിജ്ഞാപനത്തിലുണ്ട്. ചെന്നൈ ദക്ഷിണ റെയിൽവേയിൽ 2,694 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങൾ www.rrbchennai.gov.inൽ ലഭിക്കും.
തസ്തികകൾ: അസിസ്റ്റന്റ് (എസ് ആൻഡ് ടി), അസിസ്റ്റന്റ് (വർക് ഷോപ്/മെക്കാനിക്കൽ), അസിസ്റ്റന്റ് ബ്രിഡ്ജ് (എൻജിനീയറിങ്), അസിസ്റ്റന്റ് കാരിയേജ് ആൻഡ്-വാഗൺ (മെക്കാനിക്കൽ), അസിസ്റ്റന്റ് ലോക്കോഷെഡ് (ഡീസൽ/മെക്കാനിക്കൽ), അസിസ്റ്റന്റ് ലോക്കോഷെഡ് (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് ഓപറേഷൻസ് (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് പെർമനന്റ് വേ (എൻജിനീയറിങ്), അസിസ്റ്റന്റ്-ടി.എൽ ആൻഡ് എ.സി (വർക്ക്ഷോപ്/ഇലക്ട്രിക്കൽ) (ജനറൽ സർവിസസ് ആൻഡ് പ്രൊഡക്ഷൻ യൂനിറ്റ്), അസിസ്റ്റന്റ് ട്രാക്ക്മെഷ്യൻ (എൻജിനീയറിങ്), അസിസ്റ്റന്റ് (ടി.ആർ.ഡി) (ഇലക്ട്രിക്കൽ), പോയിന്റ്സ്മാൻ-ബി (ട്രാഫിക്), ട്രാക്ക് മെയിന്റയിനർ-IV (എൻജിനീയറിങ്) (പെർമനന്റ് വേ).
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ ഐ.ടി.ഐ/തത്തുല്യ യോഗ്യത, അല്ലെങ്കിൽ എൻ.സി.വി.ടി നൽകിയ നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫിസിക്കൽ ഫിറ്റ്നസ് വേണം. പ്രായപരിധി 18-36 വയസ്സ്. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷം, എസ്.സി/എസ്.ടി-അഞ്ചു വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷ/പരീക്ഷാഫീസ് 500 രൂപ. വനിതകൾ/ട്രാൻസ്ജൻഡർ/എസ്.സി/എസ്.ടി/ഭിന്നശേഷി/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 250 രൂപ മതി. ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ നടത്തിയാണ് തിരഞ്ഞെടുപ്പ്. 18,000 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം. ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും.