എൻജിനീയറിങ് സർവീസസിൽ 474 ഒഴിവുകൾ; 16 വരെ അപേക്ഷിക്കാം
text_fieldsകേന്ദ്ര സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ എൻജിനീയറിങ് സർവീസ് തസ്‌തികകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 474 ഒഴിവുകളാണുള്ളത്. എൻജിനീയറിങ് സർവീസസ് പരീക്ഷ 2026 മുഖേനയാണു തിരഞ്ഞെടുപ്പ്. ഒക്ടോബർ 16 ആണ് ഓൺ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. www.upsconline.nic.in സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.
യോഗ്യത: എൻജിനീയറിങ് ബിരുദം/തത്തുല്യം, അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിന്‍റെ (ഇന്ത്യ) ഇൻ സ്‌റ്റിറ്റ്യൂഷൻ പരീക്ഷകളിൽ സെക്ഷൻ എയിലും ബിയിലും ജയം, അല്ലെങ്കിൽ വിദേശ സർവകലാശാലയിൽ നിന്നു നേടിയ തത്തുല്യ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സിന്‍റെ(ഇന്ത്യ) ഗ്രാജ്വേറ്റ് മെമ്പർഷിപ്പ് പരീക്ഷാ ജയം, അല്ലെങ്കിൽ എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോഷ്യേറ്റ് മെമ്പർഷിപ്പ്.
പരീക്ഷ പാർട് 2,3 /സെക്ഷൻ എ, ബി ജയം, അല്ലെങ്കിൽ ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ എൻജിനീയേഴ്‌സിന്റെ ഗ്രാജേറ്റ് മെംബർഷിപ് പരീക്ഷാജയം. മേൽപറഞ്ഞ യോഗ്യതയില്ലാത്ത, എംഎസ്‌സി ബിരുദധാരികൾക്ക് ഇന്ത്യൻ നേവൽ ആർമമെൻ്റ് സർവീസ് (ഇലക്ട്രോണിക്സ് എൻജിനീയറിങ്), ഇന്ത്യൻ റേഡിയോ റഗുലേറ്ററി സർവീസ് ഗ്രൂപ്പ് എ തസ്തികകളിലേക്ക് ഇനിപ്പറയുന്ന യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം-നേവൽ ആർമമെന്റ് സർവീസ് (ഇലക്ട്രോണിക്സ് എൻജിനീയറിങ്), വയർലെസ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ്/റേഡിയോ എൻജിനീയറിങ് പ്രത്യേക വിഷയമായി പഠിച്ച് എം.എസ്.സി/തത്തുല്യം.
ഇന്ത്യൻ റേഡിയോ റഗുലേറ്ററി സർവീസ് ഗ്രൂപ്പ് എ: വയർലെസ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ്/റേഡിയോ എൻജിനീയറിങ് പ്രത്യേക വിഷയമായി പഠിച്ച് എംഎസ്‌സി/തത്തുല്യം, അല്ലെങ്കിൽ ഫിസിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ പ്രത്യേക വിഷയമായി പഠിച്ചു സയൻസ് ബിരുദാനന്തരബിരുദം.
യോഗ്യതാപരീക്ഷ എഴുതുന്നവർക്കും നിബന്ധനകൾക്കു വിധേയമായി അപേക്ഷിക്കാം.
പ്രായം: 2026 ജനുവരി ഒന്നിന് 21-30. അർഹർക്കു നിയമാനുസൃത ഇളവ് ലഭിക്കും.
പരീക്ഷാകേന്ദ്രം: ഫെബ്രുവരി 8നു പ്രിലിമിനറി പരീക്ഷയ്ക്ക് കൊച്ചി, തിരുവനന്തപുരം.മെയിൻ പരീക്ഷ തിരുവനന്തപുരത്താണ് നടക്കുക.
അപേക്ഷാഫീ: 200 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസ് വേണ്ട. എസ്ബിഐ ശാഖ വഴിയോ ഓൺലൈനിലൂടെയോ ഫീസടയ്ക്കാം.
വിവരങ്ങൾക്ക്: www.upsc.gov.in