'ഈ ജോലിക്ക് നിങ്ങൾ പ്രതീക്ഷിക്കുന്ന ശമ്പളം എത്രയാണ്'; ഉത്തരം പറയുന്നത് ആലോചിച്ചു മതിയെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ
text_fieldsബിൽ ഗേറ്റ്സ്
പുതിയ ജോലിക്കായുള്ള അഭിമുഖത്തിന് എത്തുന്നവരെ ഏറ്റവും വലയ്ക്കുന്ന ചോദ്യത്തെ കുറിച്ച് പറയുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ഈ ജോലിക്ക് നിങ്ങൾ എത്രയാണ് ശമ്പളം പ്രതീക്ഷിക്കുന്നത് എന്ന ചോദ്യം നേരിടാത്ത തൊഴിലന്വേഷകർ ഉണ്ടാകില്ല. പ്രത്യേക സംഖ്യ പറയുന്നതിന് പകരം തികച്ചും ആലോചിച്ച് ഉത്തരം പറയേണ്ട ഒരു ചോദ്യമാണിതെന്നാണ് ബിൽ ഗേറ്റ്സിന്റെ അഭിപ്രായം.
അതിന് മറുപടി പറയേണ്ടതിനെ കുറിച്ചും ബിൽ ഗേറ്റ്സ് വിവരിക്കുന്നുണ്ട്. ''ഓപ്ഷൻ പാക്കേജ് നല്ലതാണെന്നും എനിക്ക് റിസ്ക് എടുക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. കമ്പനിക്ക് മികച്ച ഭാവിയുണ്ടെന്ന് ഞാൻ കരുതുന്നു. അതിനാൽ പണ നഷ്ടപരിഹാരത്തേക്കാൾ കൂടുതൽ കമ്പനിയുടെ ഓഹരി ഓപ്ഷനുകൾ ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റ് ചില കമ്പനികൾ ധാരാളം പണം നൽകുന്നുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഇവിടത്തെ അന്തരീക്ഷത്തിൽ ഞാൻ തൃപ്തനാണ്''എന്നൊക്കെ മറുപടി നൽകാം.
ഒറ്റ നോട്ടത്തിൽ ആർക്കും ശമ്പളക്കാര്യം ലളിതമായ ചോദ്യമാണെന്ന് തോന്നാം. എന്നാൽ അതിനുള്ളിൽ പലതും മറഞ്ഞിരിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിലെ ഓഹരി പങ്കാളിത്തമാണ്. അതിനാലാണ് ഒരു നിശ്ചിത സംഖ്യ നൽകുന്നതിന് പകരം ഓഹരികളെ കുറിച്ച് ചോദിക്കാൻ അദ്ദേഹം ഉദ്യോഗാർഥികളോട് ആവശ്യപ്പെടുന്നത്.
ഓഹരി ഓപ്ഷനുകൾക്ക് മുൻഗണന നൽകുന്നതിലൂടെ റിസ്ക് എടുക്കാൻ തയ്യാറാണെന്നും കമ്പനിയുടെ സാധ്യതകളിൽ ശക്തമായി വിശ്വസിക്കുന്നുവെന്നുമുള്ള സൂചനയാണ് നമ്മൾ നൽകുന്നതെന്നും ബിൽ ഗേറ്റ്സ് പറയുന്നു.
തനിക്ക് ചെയ്യാൻ കഴിയാത്ത ഒരേയൊരു ജോലിയെ കുറിച്ചും ബിൽ ഗേറ്റ്സ് വെളിപ്പെടുത്തുന്നുണ്ട് അഭിമുഖത്തിൽ. മാർക്കറ്റിങ് മേഖല ആണത്. ഒരു സാധനം ആളുകളെ കൊണ്ട് വാങ്ങിപ്പിക്കാനുള്ള വിൽപന തന്ത്രങ്ങളൊന്നും തന്റെ കൈവശമില്ലെന്നും അതിനാൽ തന്നെ മികച്ച സെയിൽസ്മാൻ ആകാൻ സാധിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.അതിനാൽ ഉൽപ്പന്നം നിർമിക്കുന്നതിൽ ശ്രദ്ധിക്കുന്നതാണ് തനിക്ക് നല്ലതെന്നും അദ്ദേഹം പറയുന്നു.