ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡയിൽ വിസ ലഭിക്കാൻ താമസം നേരിടുന്നു; നടപടികൾ വേഗത്തിലാക്കണമെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: കനേഡിൻ സർവകലാശാലയിൽ പ്രവേശനം ലഭിച്ച ഇന്ത്യൻ വിദ്യാർഥികൾക്ക് എളുപ്പം വിസ അനുവദിക്കണമെന്ന് ഇന്ത്യൻ അധികൃതർ. വിസ ലഭിക്കാത്തതിനാൽ വിദ്യാർഥികൾക്ക് കോഴ്സിനു ചേരാൻ കഴിഞ്ഞിരുന്നില്ല. ഇവർ നേരിടുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നാണ് ഇന്ത്യൻ അധികൃതർ കാനഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴ്സിന്റെ ട്യൂഷൻ ഫീസ് മുഴുവൻ വിദ്യാർഥികൾ അടച്ചതാണ്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണ് കാനഡ. എന്നാൽ കാനഡ വിസ അനുവദിച്ചാലേ വിദ്യാർഥികൾക്ക് നടപടികൾ എളുപ്പമാകൂ എന്ന് ഇന്ത്യൻ ഹൈകമ്മീഷൻ ചൂണ്ടിക്കാട്ടി.
നിലവിൽ ഇന്ത്യയിൽ നിന്ന് 230,000 പേർ കാനഡിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോസ്റ്റ് സെക്കൻഡറി കോഴ്സുകളിൽ ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. വാർഷിക ട്യൂഷൻ ഫീസ് ഇനത്തിൽ ഇതുവഴി നല്ലൊരു തുക ഇന്ത്യക്കാർ കാനഡക്ക് നൽകുന്നുണ്ട്. ഇത് 400 കോടി ഡോളർ വരുമെന്നാണ് കണക്ക്.
വിസയും സ്റ്റുഡന്റ് പെർമിറ്റും പ്രോസസ് ചെയ്യുന്നതിലെ കാലതാമസം കാരണം അക്കാദമിക് കോഴ്‌സുകളിൽ ചേരാൻ കഴിയാത്ത ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഓട്ടവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കനേഡിയൻ അധികൃതരോട് ആവശ്യപ്പെട്ടു. ഓട്ടവയിലെയും ടൊറന്റോയിലെയും വാൻകൂവറിലെയും കോൺസുലേറ്റുകളിലെ ഇന്ത്യൻ ഉദ്യോഗസ്ഥരും വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.